Top
23
Thursday, November 2017
About UsE-Paper

എന്‍ഡോസള്‍ഫാന്‍ ഇരയ്ക്ക് ലൈഫില്‍ ഇടമില്ല

Saturday Aug 12, 2017
വെബ് ഡെസ്‌ക്‌
ബദിയടുക്ക > എന്‍ഡോസള്‍ഫാന്‍ ഇരയായ കുടുംബിനിയും സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലില്ല. ബദിയടുക്ക പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍പ്പെടുന്ന ചര്‍ലടുക്ക മൂക്കുത്തി നഗറിലെ നഫീസ ഉമ്മയുടെ മകള്‍ ബീഫാത്തിമയാണ് പദ്ധതിയുടെ ആദ്യ കരട് പട്ടികയില്‍ തള്ളപ്പെട്ടത്. നേരത്തെ നാലുതവണ വീടിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഭര്‍ത്താവ് മലപ്പുറം സ്വദേശിയായ മുസമ്മിലിന് കൂലിപ്പണി മാത്രമാണ് വരുമാനം. മകള്‍ നാലുവയസുകാരി മുബഷിറയും ബീഫാത്തിമയും സഹോദരി റൈഹാനയ്ക്കൊപ്പമാണ് താമസിക്കുന്നത്. കുടുംബപരമായി ലഭിച്ച അഞ്ചര സെന്റ് സ്ഥലത്തിന് ബേള വില്ലേജില്‍ നികുതിയടച്ച് വീട് വയ്ക്കാന്‍ ബന്ധപ്പെട്ടവരെ സമീപിച്ചപ്പോള്‍ തിരസ്കരിച്ചു. 
ലൈഫ് പദ്ധതി വന്നതോടെ പ്രതീക്ഷയോടെ അപേക്ഷ നല്‍കി. എന്നാല്‍ ആദ്യ കരട് ലിസ്റ്റില്‍തന്നെ തള്ളിയതറിഞ്ഞതോടെ ഈ കുടുംബം ആശങ്കയിലാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സര്‍ക്കാരില്‍നിന്നും ലഭിക്കുന്ന പ്രതിമാസ പെന്‍ഷന്‍കൊണ്ടാണ് ജീവിക്കുന്നത്. മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശപ്രകാരം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മൂന്ന് വിഭാഗപ്രകാരം സര്‍ക്കാരില്‍നിന്ന് ലക്ഷങ്ങളുടെ ധനസഹായം ലഭിച്ചെങ്കിലും ഇവര്‍ക്ക് കിട്ടിയില്ല. ബീഫാത്തിമയ്ക്ക് കുട്ടിക്കാലത്തുതന്നെ അരക്കെട്ടിന് താഴെ ചലനമില്ല. ചികിത്സ ആവുന്നത്ര നോക്കിയെങ്കിലും നിവര്‍ന്ന് നില്‍ക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ ചികിത്സ നിര്‍ത്തി. അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്തംഗം മുനീര്‍ ചെടേക്കാല്‍ പറഞ്ഞു.