14 November Wednesday

വിദ്യാർഥികളുടെ പരീക്ഷാ വിവരങ്ങൾ നൽകാനാവില്ലെന്ന് കേന്ദ്ര സർവകലാശാല

പ്രത്യേക ലേഖകൻUpdated: Tuesday Jun 12, 2018

കാസർകോട്

നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ച വിദ്യാർഥികളുടെ പരീക്ഷാ സംബന്ധമായ വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം നൽകാനാവില്ലെന്ന് കേന്ദ്ര സർവകലാശാല. ഇത്തരം കാര്യങ്ങൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കാറില്ലെന്ന വിചിത്ര വാദവും  സർവകലാശാല ഉന്നയിക്കുന്നു. കേന്ദ്ര സർവകലാശാല അധ്യാപകനായിരുന്ന ഡോ. സി പി വി വിജയകുമാറിന് വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിലാണ് ഇക്കാര്യ വ്യക്തമാക്കിയത്. 
യുജിസി നിയമ പ്രകാരം പരീക്ഷാ തിയതിയും  വിദ്യാർഥിയുടെ നമ്പറും ഒാരോ വിഷയങ്ങളിൽ  ലഭിച്ച മാർക്കും പരീക്ഷയ്ക്ക് മേൽനോട്ടം വഹിച്ച അധ്യാപകന്റെയും മൂല്യനിർണയം നടത്തിയ അധ്യാപകന്റെയും പേരുകളും   അതത് ഡിപ്പാർട്ട്മെന്റിന്റെ നോട്ടീസ‌് ബോർഡിൽ പതിക്കണം. ഇത് രഹസ്യ സ്വഭാവമുള്ള കാര്യമാണെന്നാണ് കേന്ദ്ര സർവകലാശാല പറയുന്നത്. കേന്ദ്ര സർവകലാശാലയിൽ വിവരാവകാശ നിയമം അട്ടിമറിക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. സർവകലാശാലയിലെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് (സിപിഐഒ) നൽകുന്ന അപേക്ഷകളിൽ വസ്തുതാ വിരുദ്ധമായ മറുപടിയാണ് ലഭിക്കുന്നതെന്നായിരുന്നു ആക്ഷേപം. 
2012 മുതൽ 15വരെ  കേന്ദ്ര സർവകലാശാല ഹിന്ദി ഡിപ്പാർട്ട്മെന്റിൽ ഗസ്റ്റ് ഫാക്കൽറ്റിയായിരുന്ന വിജയകുമാർ ആ കാലയളവിൽ അധ്യാപകരെ സംബന്ധിച്ച് വിദ്യാർഥികൾ നടത്തുന്ന വിലയിരുത്തൽ വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ വ്യത്യസ്തമായ  മറുപടിയാണ് ലഭിച്ചത്. സർവകലാശാല റെക്കോഡുകളിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇല്ലെന്നായിരുന്നു ആദ്യ മറുപടി. കോൺഫിഡൻഷ്യൽ രേഖയായതിനാൽ തരാൻ നിർവാഹമില്ലെന്നായിരുന്നു  അപ്പീൽ നൽകിയപ്പോഴുള്ള വിശദീകരണം. ഹിന്ദി ഡിപ്പാർട്ട്മെന്റിലെ പരീക്ഷാ വിവരങ്ങളും അധ്യാപകർ വിദ്യാർഥികൾക്ക് നൽകിയ മാർക്കും എത്രയെന്ന ചോദ്യത്തിന് അത്തരം രേഖകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാറില്ലെന്നായിരുന്നു മറുപടി. ഹിന്ദി എംഎയുടെ ലഘുപ്രബന്ധത്തിന് ഗൈഡായി  തീരുമാനിച്ച അധ്യാപകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടപ്പോൾ കുട്ടികളുടെ പട്ടിക ഒഴിവാക്കിയാണ് നൽകിയത്. ഇതിന് അപ്പീൽ നൽകിയപ്പോൾ കൃത്യമായ വിവരം നൽകി. 
ഗസ്റ്റ‌് അധ്യാപകനായിരുന്നപ്പോൾ വിജയകുമാർ ആറ് പേപ്പറുകളും സ്ഥിരാധ്യാപകനായി നിയമിച്ച ശേഷം നാല് പേപ്പറുകളാണ് പഠിപ്പിച്ചിരുന്നത്. ഇത് സംബന്ധിച്ച് സത്യസന്ധമായി കാര്യങ്ങൾ വിശദീകരിക്കുന്നതിന് പകരം  സർവകലാശാല വിവരങ്ങൾ മറച്ചുവയ‌്ക്കുകയാണ്.
പ്രധാന വാർത്തകൾ
Top