15 December Saturday

ജില്ലയെ മുളയുടെ തലസ്ഥാനമാക്കാൻ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

മുള സമഗ്ര പദ്ധതിയുടെ മുന്നോടിയായി നടന്ന യോഗത്തിൽ കലക്ടർ ഡോ. ഡി സജിത് ബാബു സംസാരിക്കുന്നു

കാസർകോട‌്
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കാസർകോടിനെ മുളയുടെ തലസ്ഥാനമാക്കി മാറ്റാൻ  സമഗ്ര പദ്ധതി തയ്യാറാക്കി. പരിസ്ഥിതി സംരക്ഷണത്തിനും ജലക്ഷാമം പരിഹരിക്കുന്നതിന്നും മുളയനുബന്ധ വ്യവസായങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിനുമായി ജില്ലയിൽ വൻതോതിൽ മുളവച്ചു പിടിപ്പിക്കുക എന്ന കലക്ടർ ഡോ. ഡി സജിത് ബാബുവിന്റെ ആശയം പ്രായോഗികമാക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. ജില്ലയുടെ സൗന്ദര്യവൽകരണത്തോടൊപ്പം മുളവച്ചു പിടിപ്പിക്കുന്നവർക്ക് ചുരുങ്ങിയ കാലയളവിൽ  വരുമാനം  ലഭ്യമാക്കാൻ സഹായകമാകുന്ന തരത്തിലാണ‌് പദ്ധതി നടപ്പാക്കുന്നത്. 
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ആദ്യയോഗം കുമ്പള  പഞ്ചായത്ത് ഹാളിൽ ചേർന്നു. കലക്ടർ അധ്യക്ഷനായി. ആദ്യഘട്ടത്തിൽ കാസർകോട് ബ്ലോക്കിലെ ബദിയടുക്ക, കുമ്പള, മൊഗ്രാൽപുത്തൂർ, മധൂർ, ചെങ്കള, ചെമ്മനാട്  പഞ്ചായത്തുകളിലും  മഞ്ചേശ്വരം ബ്ലോക്കിലെ മഞ്ചേശ്വരം, മംഗൽപാടി, വൊർക്കാടി, എൻമകജെ, മീഞ്ച, പുത്തിഗെ, പൈവളിഗെ പഞ്ചായത്തുകളിലുമാണ് മുളവൽകരണം നടത്തുന്നത‌്.  പിന്നീട് ജില്ല മുഴുവൻ പദ്ധതി വ്യാപിപ്പിക്കും. മൂന്നു ലക്ഷത്തോളം കല്ലുമുള തൈകളാണ്   വച്ചുപിടിക്കുന്നത്.  വിവിധ ഭാഗങ്ങളിൽ മണ്ണ് പരിശോധന നടത്തും. ഇതേ സ്ഥലങ്ങളിൽ മുളവച്ചു പിടിപ്പിച്ചതിന് ശേഷം മണ്ണിലുണ്ടാകുന്ന ജൈവരാസ വ്യത്യാസങ്ങൾ വീണ്ടും പരിശോധിക്കും.
എറ്റവും കൂടുതൽ നദികളുള്ള ജില്ലയാണ് കാസർകോടെങ്കിലും വേനൽക്കാലത്ത് വരൾച്ച രൂക്ഷമാവുന്ന ജില്ല കൂടിയാണ്. ഇതിനൊരു പരിഹാരം എന്ന നിലയിൽ കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. മുളയുടെ വേരുകൾക്ക് പാറകൾക്കിടയിലൂടെ ഇറങ്ങിച്ചെല്ലാനുള്ള കഴിവുണ്ട്. ഇത് ഉപരിതലത്തിൽ ലഭിക്കുന്ന മഴവെള്ളം ഒഴുകിപ്പോകാതെ ഭൂമിക്കടിയിലേക്ക് താഴ്ത്തിക്കളയാൻ സഹായിക്കും. ഏറ്റവും വേഗത്തിൽ വളരുന്ന ഒരു സസ്യമാണ് മുള. ഒരു മാസം കൊണ്ട് 91 സെന്റീ മീറ്റർ വളരും.  അന്തരീക്ഷത്തിൽ ഓക്‌സിജന്റെ അളവ് വർധിപ്പിക്കാനും മുള സഹായിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, ഹരിത കേരളം മിഷൻ, സന്നദ്ധ സംഘടനകൾ, വിവിധ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ജനകീയ കർമ്മസേന രൂപീകരിക്കും. 
പദ്ധതി നടപ്പാക്കുന്നതിനും ബോധവൽകരണത്തിനും മേൽനോട്ടത്തിനുമായി  കലക്ടർ ചെയർമാനും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട‌്  ഡയറക്ടർ വി കെ ദിലീപ് കൺവീനറുമായി കമ്മിറ്റി പ്രവർത്തിക്കുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top