19 November Monday

മാതൃകയാക്കാം സഹകാരികളെ ലാഭവിഹിതം ദുരിതാശ്വാസത്തിന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
കാഞ്ഞങ്ങാട്
പ്രളയദുരന്തത്തിൽ പെട്ട കേരളത്തെ പുനർനിർമിക്കാനുള്ള മാതൃകാ പ്രവർത്തനവുമായി കോട്ടച്ചേരി, മടിക്കൈ സർവീസ്‌ സഹകരണ ബാങ്കുകൾ. ഇരു ബാങ്കുകളും ലാഭവിഹിതം ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകും. 
2017‐18 വര്‍ഷത്തെ ലാഭവിഹിതമായ  43,88, 829 രൂപയാണ്‌  നവകേരള സൃഷ്ടിക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്യാന്‍ കോട്ടച്ചേരി സർവീസ്‌ സഹകരണ ബാങ്ക്‌ തീരുമാനിച്ചത്‌.  ബാങ്ക്‌ ജനറൽ ബോഡി യോഗമാണ്‌ ഈ തീരുമാനമെടുത്തത്‌.  ഓരോ അംഗങ്ങളുടെയും ഷെയറിന്റെ 20 ശതമാനമാണ് ബാങ്ക് ലാഭവിഹിതം നൽകുന്നത്‌.  
 ജനറല്‍ ബോഡിയോഗത്തില്‍ സ്വാഗതം പറഞ്ഞ ബാങ്ക്‌ വൈസ്‌ പ്രസിഡന്റും സിപിഐ എം  ഏരിയാസെക്രട്ടറിയുമായ കെ രാജ്‌മോഹന്‍ പ്രളയകെടുതി നേരിടുന്ന കേരളത്തിന്റെ അതിജിവനത്തിനായി സഹജീവികള്‍ നല്‍കിവരുന്ന സഹായങ്ങളെകുറിച്ച് അംഗങ്ങളെ ഓർമപ്പെടുത്തിയിരുന്നു. ഉദ്ഘാടകനായ ബാങ്ക് പ്രസിഡന്റ്‌ കെ വിശ്വനാഥനും ഇക്കാര്യം ആവർത്തിച്ചു. ഇതോടെ ജനറൽ ബോഡി േയാഗം ഒറ്റക്കെട്ടായി തീരുമാനമെടുക്കുകയായിരുന്നു.  സെക്രട്ടറി പി വനജാക്ഷി സ്വാഗതവും പപ്പന്‍ കുട്ടമത്ത് നന്ദിയും പറഞ്ഞു. 
മടിക്കൈ സർവീസ്‌ സഹകരണ ബാങ്കിന്റെ ലാഭവിഹിതത്തിൽനിന്ന്‌  13,04,672   രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ  ബാങ്ക് ജനറൽ ബോഡി  തീരുമാനിച്ചു.പി ബേബി അധ്യക്ഷയായി. പി രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം അബ്ദുൾറഹ്മാൻ, കെ രാജൻ, പി നാരായണൻ, കെ കുഞ്ഞിരാമൻ, കെ കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.  
പ്രധാന വാർത്തകൾ
Top