20 September Thursday

നാഗരാജുവിനെ ജയിലിലടച്ചതിനെതിരെ കേന്ദ്ര സർവകലാശാലയിലേക്ക്‌ 14ന്‌ പികെഎസ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

 കാസർകോട് 

കേരള കേന്ദ്ര സർവകലാശാലയിൽ ഭാഷാ ശാസ്ത്ര വിഭാഗം ഗവേഷക വിദ്യാർഥിയായ നാഗരാജുവിനെ നിസ്സാര കാരണത്തിന്റെ പേരിൽ പൊലീസിനെക്കൊണ്ട്‌  കേസെടുപ്പിച്ച് ജയിലിൽ അടച്ചതിൽ പികെഎസ്‌ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. ഇതിനെതിരെ സർവകലാശാലയിലേക്ക്‌ 14ന്‌ പികെഎസ്‌ നേതൃത്വത്തിൽ ബഹുജന മാർച്ച്‌ നടത്തും. 
ആർഎസ്എസ് അജൻഡ നടപ്പാക്കുന്ന കേന്ദ്രമായി സർവകലാശാലയെ മാറ്റിത്തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. നാഗരാജുവിനോട് കോളേജ് അധികൃതർ കാണിച്ച അനീതിയെ കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട അധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു. ക്യാമ്പസിൽ നടക്കുന്നത് സംഘപരിവാര ഭരണമാണ്. ജീവനക്കാരുടെ നിയമനങ്ങളിൽ പോലും സംഘപരിവാറുകാരെ തിരുകി കയറ്റി ദളിത് വിരുദ്ധ അജണ്ട നടപ്പാക്കുകയാണ്. കോളേജിൽ ഒത്തു തീർപ്പാക്കേണ്ട ചെറിയ വിഷയത്തെ പൊലിസ് കേസാക്കി ജാമ്യമില്ലാ വകുപ്പ് ചാർത്തി വിദ്യാർഥിയായ നാഗരാജുവിനെ ജയിലിലടച്ചത് ക്രൂരതയാണ്‌.  കലാലയത്തിലെ  ആർഎസ്എസ് അജൻഡ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്  പികെഎസ്  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന  മാർച്ചിൽ  മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.  രാവിലെ 10ന്‌  പെരിയ ടൗൺ കേന്ദ്രീകരിച്ച്‌ മാർച്ച്‌ തുടങ്ങും. 
പ്രധാന വാർത്തകൾ
Top