16 November Friday

ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷനിലെ പോര്‌ ഒടുവിൽ നടപടികളിലേക്ക്‌ ‌

സ്വന്തം ലേഖകൻUpdated: Monday Sep 10, 2018
കാസർകോട്‌
ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷനിലെ പടലപ്പിണക്കം ഒരുവിഭാഗത്തെ വെട്ടിനിരത്തുന്നതിലെത്തി. മാന്യയിലെ ക്രിക്കറ്റ്‌ സ്‌റ്റേഡിയം നിർമാണവും പിച്ച്‌ നിർമാണവും സംബന്ധിച്ച്‌ വൻ അഴിമതി നടന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇതാണ്‌ ഭാരവാഹികൾക്കെതിരായ നടപടികളിലേക്കെത്തിയത്‌. ശനിയാഴ്‌ച ചേർന്ന കെസിഎ ജനറൽ ബോഡിയാകട്ടെ സാമ്പത്തിക ക്രമക്കേട്‌ ചൂണ്ടിക്കാട്ടി ഹാരിസ്‌ ചൂരിയെ ജില്ലാപ്രസിഡന്റ്‌ സ്ഥാനത്തുനിന്നും സസ്‌പെൻഡ്‌ ചെയ്‌തതോടെ ക്രിക്കറ്റ്‌ അസോസിയേഷനിലെ വിവാദങ്ങൾ വീണ്ടും പുകയുകയാണ്‌. ട്രഷറർ ഷുക്കൂർ ചെർക്കളത്തിനെതിരെയും മറുവിഭാഗം ആരോപണങ്ങളുന്നയിക്കുന്നുണ്ട്‌.
ജില്ലയിലെ പ്രമുഖരായ കെ എം അബ്ദുൾറഹ്മാനെ കെസിഎ ട്രഷററാക്കിയതും ജില്ലാസെക്രട്ടറി ടി എം ഇക്‌ബാലിനെ സംസ്ഥാന ടീമിന്റെ മാനേജരാക്കിയതും നിയമവിരുദ്ധമാണെന്നത്‌ പുറത്തുവന്നതോടെ ഇവരുടെ നേതൃത്വത്തിലുള്ള വിഭാഗം ഹാരിസിനും ഷുക്കൂറിനുമെതിരെയുള്ള കരുനീക്കങ്ങൾ ശക്തമാക്കി. അഴിമതി സംബന്ധിച്ച വാർത്തകൾ ഇവരാണ്‌ മാധ്യമങ്ങൾക്ക്‌ ചോർത്തിനൽകിയതെന്നാണ്‌ പ്രധാന ആരോപണം. ശനിയാഴ്‌ച ചേർന്ന കെസിഎ യോഗത്തിൽ കെ എം അബ്ദുൾറഹ്മാന്റെ  സമ്മർദത്തെ തുടർന്ന്‌ ദ്രുതഗതിയിൽ ഹാരിസിനെ പുറത്താക്കുകയായിരുന്നു. ഷുക്കൂറിനെക്കൂടി പുറത്താക്കിയാൽ തങ്ങളുടെ ഇടപാടുകൾ പുറംലോകമറിയില്ലെന്ന പ്രതീക്ഷയാണ്‌ ഇവർക്കുള്ളത്‌. കോടിക്കണക്കിന്‌ രൂപയുടെ വെട്ടിപ്പാണ്‌ ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷന്റെ ഭാഗമായി നടന്നിട്ടുള്ളതെന്നാണ്‌ പുറത്തുവരുന്ന വിവരങ്ങൾ. സ്‌റ്റേഡിയം നിർമാണം, പിച്ച്‌ നിർമാണം, ക്ലബ്ബുകളെയും താരങ്ങളെയും തെരഞ്ഞെടുക്കൽ,  സ്‌പോർട്‌സ്‌ കിറ്റ്‌ വാങ്ങൾ തുടങ്ങിയവയിലെല്ലാം ക്രമക്കേടുകൾ നടന്നിട്ടുണ്ട്‌. ഇവയെല്ലാം പുറത്തുവരുന്നതോടെ ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷനെത്തന്നെ സസ്‌പെൻഡ്‌ ചെയ്യേണ്ട അവസ്ഥയുണ്ടാകും. 
മുൻകാലങ്ങളിൽ കൃത്യമായ കണക്കുകളോ രേഖകളോ സൂക്ഷിക്കാതെ തോന്നുംവിധമായിരുന്നു ഇടപാടുകൾ നടന്നിരുന്നതെന്നും ആക്ഷേപമുണ്ട്‌. കണക്കുകളിൽ കൃത്യത ഉറപ്പുവരുത്തണമെന്ന നിലവിലെ ട്രഷററുടെ കടുംപിടിത്തം വർഷങ്ങളായുള്ള ഭാരവാഹികൾ എതിർത്തു. ഇവർ നടത്തിയ ഇടപാടുകൾ ഒന്നൊന്നായി പുറത്തുവരുമെന്ന ഭീതിയാണ്‌ ദ്രുതഗതിയിൽ ഹാരിസ്‌ ചൂരിയെ പുറത്താക്കുന്നതിലേക്കെത്തിയത്‌. ഷുക്കൂറിനെതിരെയും നടപടിയുണ്ടാകുമെന്നാണ്‌ ലഭിക്കുന്ന വിവരങ്ങൾ. ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ നടത്തിയ പല ഇടപാടുകളിലും വൻ സാമ്പത്തിക ക്രമക്കേട്‌ നടന്നിട്ടുണ്ടെന്നതാണ്‌ യാഥാർഥ്യം. ഇതിന്റെ വീതംവയ്‌പ്പും സംഘടനയിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണ്‌ രണ്ട്‌ ഗ്രൂപ്പായി മാറാനിടയാക്കിയത്‌. നിയമവിരുദ്ധമായി സ്ഥാനമാനങ്ങൾ സ്വന്തമാക്കിയ കെ എം അബ്ദുൾറഹ്മാനും ടി എം ഇക്‌ബാലും ഈ സ്ഥാനങ്ങൾ ഉറപ്പിക്കാനായി നടത്തിയ ചരടുവലികളാണ്‌ സസ്‌പെൻഷൻ നടപടിയിലൂടെ മറുവിഭാഗത്തിന്‌ തിരിച്ചടിയായത്‌. ഇരുകൂട്ടരും മുസ്ലിംലീഗിന്റെ നേതാക്കളാണെന്നത്‌ ലീഗ്‌ നേതൃത്വത്തെയും വെട്ടിലാക്കിയിട്ടുണ്ട്‌. ആരെ തള്ളണം ആരെ കൊള്ളണമെന്നറിയാതെ വിഷമിക്കുകയാണ്‌ ലീഗ്‌ നേതൃത്വം. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കി ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷനെ ശുദ്ധീകരിക്കണമെന്നാണ്‌ ക്രിക്കറ്റ്‌പ്രേമികളുടെ ആവശ്യം.
പ്രധാന വാർത്തകൾ
Top