25 September Tuesday

ബദിയടുക്കയിൽ പതിനാലുകാരിക്ക്‌ പീഡനം പ്രതികളെ രക്ഷിക്കാൻ ലീഗ്‌ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
ബദിയടുക്ക
പതിനാലുകാരിയെ  വീട്ടുജോലിക്ക് നിർത്തുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിയുന്നില്ല. പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാൻ  മുസ്ലിംലീഗ് ജില്ലാ നേതാവും കോൺഗ്രസ് പ്രാദേശിക നേതാവും ചില ഇടനിലക്കാരും പൊലീസിൽ ഇടപെടൽ നടത്തിയതായി ആരോപണമുണ്ട്. ബദിയടുക്കയിലെ എട്ടാംക്ലാസ്‌ വിദ്യാർഥിനിയാണ്‌ ജോലിക്ക് നിന്ന വീട്ടിൽനിന്നും മൂന്നുവർഷം പീഡനത്തിനിരയായത്. 2015 മുതൽ കഴിഞ്ഞമാസം വരെയാണ് വിദ്യാർഥിനി വീട്ടുജോലിക്കുണ്ടായത്. ക്ലാസിൽ പെൺകുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപകർ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. ചൈൽഡ്‌ലൈൻ പ്രവർത്തകർ അന്വേഷണം നടത്തി ബദിയടുക്ക പൊലീസിൽ വിവരമറിയിച്ച സന്ദർഭത്തിൽ തന്നെ ബദിയടുക്കയിലെ ലീഗ്, കോൺഗ്രസ് നേതാക്കൾ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടിയോടൊപ്പംനിന്ന് പരാതി നൽകുകയായിരുന്നു. വിദ്യാർഥിനിയുടെ വീട്ടുകാരെയും പൊലീസിനെയും സ്വാധീനിക്കാൻ ലീഗ്‐ കോൺഗ്രസ് നേതാക്കൾ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. 
നിരവധി അഴിമതി കേസുകളിൽ പ്രതിയായ ലീഗ് നേതാവ് പതിനാലുകാരി നേരിടേണ്ടി വന്ന പോക്‌സോ നിയമപ്രകാരമുള്ള കേസ് ഒതുക്കാൻ ശ്രമിച്ചത് ബദിയടുക്കയിലെ യുഡിഎഫിലും ചർച്ചയാണ്‌. ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിദ്യാർഥിനി ജോലിക്കുനിന്ന വീട്ടുടമ അബൂബക്കർ, ഇയാളുടെ ഭാര്യ സൗറാബി എന്നിവർ പ്രതികളാണ്.  അബൂബക്കർ ഇപ്പോൾ  ദുബായിലാണ്‌. കേസെടുത്തതോടെ സൗറാബി ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസ് പറയുന്നത്. 
ബംഗളൂരുവിലുള്ള സൗറാബി പെർളയിലെയും ബദിയടുക്കയിലെയും ബന്ധുവീടുകളിൽ പതിവ് സന്ദർശകയാണ്. ഇവർ ദുബായിലേക്ക്‌  കടന്നാൽ  പൊലീസ്‌  കുരുക്കിലാകും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top