11 December Tuesday

തൊഴിലാളി കൂട്ടായ്മ വിജയിപ്പിക്കുക: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018
കാസർകോട് 
 ആഗസ്ത് 14ന് വൈകിട്ട്‌ ആറുമുതൽ രാത്രി 12 വരെ ജില്ലയിൽ 12 കേന്ദ്രങ്ങളിൽ തൊഴിലാളി കൂട്ടായ്മ നടത്തും. 1947 ആഗസ്ത് 14ന് സ്വതന്ത്രമായ ഇന്ത്യയിലെ ജനങ്ങൾക്കുള്ള പരിമിതമായ ജനാധിപത്യ അവകാശങ്ങൾ പോലും മോഡി സർക്കാർ നിഷേധിക്കുകയാണ്. വിലക്കയറ്റംകൊണ്ട് ജനങ്ങൾ പൊറുതിമുട്ടുന്നു. തൊഴിലില്ലായ്മ ഭീതിജനകമായി വർധിക്കുന്നു. കാർഷിക മേഖല തകർന്നതിനാൽ കർഷക ആത്മഹത്യ പെരുകുന്നു. രാജ്യത്തിന്റെ പരമാധികാരം സാമ്രാജ്യത്വ ശക്തികൾക്ക് അടിയറവ് വയ്ക്കുന്ന വിധത്തിൽ വിദേശനയത്തിൽ മാറ്റങ്ങൾ വരുത്തുന്നു. 
തൊഴിലാളികൾ സമരങ്ങളിലൂടെ നേടിയെടുത്ത ട്രേഡ് യൂണിയൻ സംരക്ഷണ നിയമങ്ങളാകെ ഭേദഗതി ചെയ്ത് അടിമകളെപ്പോലെ തൊഴിലാളികളെ പണിയെടുപ്പിക്കാൻ സാഹചര്യമുണ്ടാക്കുന്നു. കേന്ദ്രസർക്കാരിന്റെ ദേശവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സെപ്തംബർ അഞ്ചിന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ മുന്നോടിയായിട്ടാണ്  തൊഴിലാളി കൂട്ടായ്മ സംഘടിപ്പിക്കുന്നത്. 
സിഐടിയു ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ജില്ലയിൽ ഹൊസങ്കടി, കുമ്പള, ബോവിക്കാനം, കാസർകോട്, കുണ്ടംകുഴി, പാലക്കുന്ന്, ഭീമനടി, ഒടയംചാൽ, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, കാലിക്കടവ് എന്നിവിടങ്ങളിൽ നടക്കുന്ന കൂട്ടായ്മയിൽ മുഴുവൻ തൊഴിലാളികളും പങ്കാളികളാകണമെന്ന്‌ ജില്ലാകമ്മിറ്റി അഭ്യർഥിച്ചു. യോഗത്തിൽ പ്രസിഡന്റ് കെ ബാലകൃഷ്ണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി കെ രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top