16 November Friday

അധ്യാപകന്റെ സ്‌മരണയിൽ പൂർവ വിദ്യാർഥികൾ ഒത്തുചേർന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

 വെള്ളരിക്കുണ്ട് 

അകാലത്തിൽ പൊലിഞ്ഞ ചരിത്രാധ്യാപകന്റെ ഓർമയിൽ അവരൊത്തുകൂടി; സ്മരണ പുതുക്കാനും അത് നിലനിർത്താനും.  കുമ്പളപ്പള്ളിയിലെ കരിമ്പിൽ ഹൈസ്കൂളിലെ പൂർവവിദ്യാർഥികളാണ്  സ്കൂളിൽ ഒത്തുകൂടിയത്. 1994‐ 95 വർഷത്തെ എസ്എസ്എൽസി ബാച്ചിലെ സംഘടനയായ ഓർമച്ചെപ്പിന്റെ നേതൃത്വത്തിൽ ആണ് സംഗമം സംഘടിപ്പിച്ചത്. 
പഠനകാലത്തും പിന്നീടും ശിഷ്യരോട് സൗഹൃദം സൂക്ഷിച്ച ചരിത്രാധ്യാപകനായിരുന്ന കെ പി മോഹനസുന്ദരന്റെ ഓർമകളുമായാണ് പൂർവ വിദ്യാർഥികൾ മക്കൾക്കൊപ്പം എത്തിയത്‌. കാൽനൂറ്റാണ്ട് മുമ്പുള്ള  അനുഭവങ്ങൾ അവർ പങ്കുവച്ചു. തങ്ങളുടെ പ്രിയ അധ്യാപകന്റെ സ്മരണ നിലനിർത്താൻ ജില്ലാ ക്വിസ് അസോസിയേഷനുമായി ചേർന്ന് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തിയിരുന്നു. ഇതിൽ ഒന്നാം സ്ഥാനം നേടിയ  കയ്യൂർ ഗവ. വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അഭിജ അർജുൻ, പി ടി സായൂജ്, രണ്ടാം സ്ഥാനം നേടിയ കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ജിജിൻ ബാബു, മഞ്ജിത കൃഷ്ണ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.  പൂർവവിദ്യാർഥികളുടെ മക്കളിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളേയും അനുമോദിച്ചു. അനുസ്മരണം  പബ്ലിക് പ്രോസിക്യൂട്ടർ എ ആശാലത ഉദ്ഘാടനം ചെയ്തു. പി സന്തോഷ് കുമാർ അധ്യക്ഷനായി. ഡോ. പ്രഭാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ കെ കെ നാരായണൻ, പ്രധാനാധ്യാപകൻ ബെന്നി ജോസഫ്, എൻ വിഷ്ണു, പ്രഭാകരൻ, സവിത ഷിബു, ജിമ്മി മാത്യു എന്നിവർ സംസാരിച്ചു. വി കെ റീന സ്വാഗതവും വി കെ  നിഷ നന്ദിയും പറഞ്ഞു. 
 
പ്രധാന വാർത്തകൾ
Top