21 November Wednesday

നാരായണന്റെ ചിത്രങ്ങളിൽ ‘ജീവന്റെ’ തുടിപ്പ‌്

പി പി കരുണാകരൻUpdated: Friday Nov 9, 2018

നാരായണന്റെ സെൽഫ‌് പോർട്രെയിറ്റ‌്. ഗാന്ധിജി‐നാരായണന്റെ മറ്റൊരു വര.

കാഞ്ഞങ്ങാട്‌
ഈ ചിത്രങ്ങളിൽ ഇന്നും ജീവൻ തുടിക്കുന്നു. പിലിക്കോടിന്റെ കലാവീഥിയിൽ വരകളും വർണങ്ങളും ചാലിച്ചെഴുതിയ അതുല്യ പ്രതിഭയാണ‌് നാരായണൻ. ഒരു കണ്ണിന്റെ കാഴ‌്ച മങ്ങി. നിറം കെടാത്ത ചിത്രങ്ങളിലൂടെയാണ‌് ജീവൻ നാരായണന്റെ യാത്ര. അഞ്ചു പതിറ്റാണ്ടിന്റെ കലാസപര്യ. തിളയ‌്ക്കുന്ന പകൽചൂടിനും നനുത്ത സന്ധ്യകൾക്കുമൊപ്പം ക്യാൻവാസും ബ്രഷുമായി നാരായണനുണ്ട‌്. പിലിക്കോട്ടും പരിസരത്തുമുള്ള ക്ഷേത്രച്ചുവരുകളിലെല്ലാം ജീവൻ നാരായണൻ ഹൃദയം ചാലിച്ചെഴുതിയ സൃഷ്ടികളുണ്ട‌്. തിമിര ശസ‌്ത്രക്രിയയുടെ ഇരുൾ മൂടിയ കാലം കടന്നു കണ്ണു തുറക്കുമ്പോൾ തന്റെ ഒരു ഛായാചിത്രവുമായി ഒരാൾ കടന്നുവരുമെന്ന‌് നാരായണൻ കരുതി. നിരാശയായിരുന്നു ഫലം. അതിൽനിന്നാണ‌് സെൽഫ‌് പോർട്രെയിറ്റ‌് എന്ന ആശയം ഉടലെടുത്തത‌്. 
പുറം തിരിഞ്ഞു നടക്കുന്ന ഗാന്ധി, നാരായണന്റെ പ്രതിഷേധത്തിന്റെ ചിഹ്നമാണ‌്.  വെള്ളരിപ്രാവുകളുടെ ചിറകുകളിൽ ചോര പടരുമ്പോൾ നാരായണന്റെ കണ്ണ‌് നനയുന്നതും   കാണാം. സുനാമിത്തിര കേരളത്തെ വിഴുങ്ങുന്നത‌് ക്രാന്തദർശിയായ കലാകാരൻ കണ്ടെത്തുന്നു. പ്രകൃതി ദുരന്തങ്ങളുടെ കരിനിഴൽപാടുകളും നനുത്ത പ്രഭാതങ്ങളും ഈറൻ സന്ധ്യകളുമെല്ലാം ജീവൻ നാരായണൻ  ചാലിച്ചു ചേർത്തിട്ടുണ്ട‌്. ചെറുവത്തൂരിലാണ‌് ജീവൻ നാരായണന്റെ കട. അച്ഛൻ പരേതനായ കെ വി കണ്ണൻ കേരളവർമനാണ‌് കെ വി നാരായണൻ എന്ന കലാകാരനെ ജീവൻ നാരായണൻ എന്നു പേരിട്ടു വിളിച്ചത‌്. അദ്ദേഹത്തിന്റെ വരകളിലെ ജീവൻ അദ്ദേഹം നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. 1975ൽ കേരള ലളിത കലാ അക്കാദമി ഫെലോഷിപ്പ‌് നേടിയ ആളാണ‌് ദാരുശിൽപിയായ അച്ഛൻ കണ്ണൻ കേരളവർമൻ. സഹോദരങ്ങളായ  പരേതരായ കുഞ്ഞമ്പു രവിവർമയും കെ വി കുഞ്ഞമ്പുവും പ്രശസ‌്തരായ ദാരുശിൽപികളായിരുന്നു. ചിത്രകലയിൽ ശാസ‌്ത്രീയ പരിശീലനം ലഭിച്ചിട്ടില്ലാത്ത നാരായണൻ  നീലേശ്വരം രാജാസ‌് ഹൈസ‌്കൂളിലെ അധ്യാപകൻ കൃഷ‌്ണൻകുട്ടി വരയ‌്ക്കുന്നത‌് നോക്കിയിരിക്കുമായിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ പരിശീലനം. ചീമേനി വിഷ‌്ണുമൂർത്തിക്ഷേത്രം, പിലിക്കോട‌് വേങ്ങക്കോട്ട‌് ഭഗവതി ക്ഷേത്രം, മുളവന്നൂർ ഭഗവതി ക്ഷേത്രം തുടങ്ങി 25  ക്ഷേത്രങ്ങളിൽ നാരായണന്റെ കരവിരുത‌് ദൃശ്യമാണ‌്. 
ഇടിമിന്നലിലെ ചാരുത ദൃശ്യവൽക്കരിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ‌് നാരായണൻ. കേരളത്തിലും മറുനാട്ടിലുമായി ആയിരത്തിലധികം പോർട്രെയിറ്റുകൾ വരച്ചിട്ടുണ്ട‌്. അനേകം തെരുവോര ചിത്രരചനകളിൽ പങ്കാളിയായി. ഭാര്യ: യശോദ. മക്കൾ: അനിത കുണ്ടത്തിൽ കയ്യൂർ, രവിശങ്കർ ക്യാമറ ടെക‌്നീഷ്യൻ. മകളുടെ കൂടെ കയ്യൂരിലാണ‌് താമസം.
 
 

 

പ്രധാന വാർത്തകൾ
Top