15 November Thursday

ബിനോയിയുടെ ഓർമയിൽ ഈ സ്‌നേഹത്തണലിലേക്ക്‌

സ്വന്തം ലേഖകൻUpdated: Saturday Jun 9, 2018

രാജപുരം

ശനിയാഴ്‌ച ഈ വീട്ടിൽ ഒരു കുടുംബം താമസം തുടങ്ങും. പുതിയ വീട്‌ സ്വപ്‌നം കണ്ട ഗൃഹനാഥൻ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സ്‌മരണകൾ കൂട്ടുണ്ട്‌. സ്‌നേഹ സൗഹൃദത്തിന്റെ കട്ടകൾ കൊണ്ടാണ്‌ ഈ വീട്‌ കെട്ടിയുയർത്തിയത്‌ എന്ന പ്രത്യേകതയുമുണ്ട്‌. തീവണ്ടി യാത്രയ്‌ക്കിടെ ഹൃദയാഘാതം മൂലം മരണമടഞ്ഞ രാജപുരത്തെ മണ്ണൂർ ബിനോയിയുടെ കുടുംബമാണ്‌ ശനിയാഴ്‌ചമുതൽ ഈ വീടിന്റെ ഉടമകളാവുക. 
ജനുവരി ഒന്നിനാണ്‌ നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ബിനോയ്‌ മരണമടയുന്നത്‌. സ്വന്തമായി ഒരു തുണ്ട്‌ ഭൂമിയില്ലാതെ വാടക കെട്ടിടത്തിൽ കഴിഞ്ഞ ബിനോയിയുടെ കുടുംബത്തിന്‌ വീടൊരുങ്ങിയത്‌  സുഹൃത്തുക്കൾ കൈകോർത്തതോടെയാണ്‌. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ബിനോയി വാഹനമോടിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ്‌ രോഗികളായ മാതാപിതാക്കളെയും  ഭാര്യയും മൂന്നു  മക്കളുമടങ്ങുന്ന കുടുംബത്തേയും സംരക്ഷിച്ചിരുന്നത്. വാടകകെട്ടിടത്തില്‍ താമസിച്ച് വന്ന ബിനോയി മരിച്ചതോടെ പ്രയാസത്തിലായ കുടുംബത്തിന്‌ തണലൊരുക്കാൻ  നാട്ടുകാരും പൊതുപ്രവര്‍ത്തകരും സുഹൃത്തുക്കളും ഒപ്പം ഇറങ്ങുകയായിരുന്നു. 
ബന്ധുവായ കള്ളാര്‍ ചുള്ളിയോടിയിലെ മാണി ചൂള്ളിയോടിയില്‍ തന്നെ സൗജന്യമായി പത്തുസെന്റ് സ്ഥലം നല്‍കിയതോടെ ഇവര്‍ക്ക് തണലായി മാറിയ സുഹൃത്തുക്കളും, സാമൂഹ്യപ്രവര്‍ത്തകരും ബിനോയിയുടെ എക്കാലത്തെയും സ്വപ്‌നമായ സ്വന്തമായി ഒരു വീട് സഫലമാക്കി. ബിനോയിയുടെ മരണം തളര്‍ത്തിയ വേദനയുമായി  ഭാര്യ ശ്രീജയും  പത്താംക്ലാസ് വിദ്യാര്‍ഥി അഭിനും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അലീനയും മൂന്നാം ക്ലാസ് വിദ്യാര്‍ഥി അച്ചുവും ശനിയാഴ്ച്ച മുതല്‍ ഈ മനോഹരമായ വീട്ടില്‍ താസമം തുടങ്ങും. 
പഞ്ചായത്ത് പ്രസിഡന്റ് ത്രോസ്യമ്മ ജോസഫ് രാവിലെ 8.30ന് വീടിന്റെ താക്കോൽ കൈമാറും. അഞ്ചു മാസം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ വീടിന് 12 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇതിനായി വികാരിമാരയ ഷാജി വടക്കേതൊട്ടിയുടെയും മനു കാനക്കാട്ടിന്റെയും നേതൃത്വത്തില്‍ സിജോ ചാമക്കാല ചെയര്‍മാനും  സജി ഒരപ്പാങ്കല്‍ വണ്ണാത്തിക്കാനം കൺവീനറും കെ കെ ജെന്നി കിഴക്കേപുറത്ത് ട്രഷററുമായി കമ്മിറ്റി രൂപീകരിച്ചാണ് പ്രവര്‍ത്തനം നടത്തിയത്.
പ്രധാന വാർത്തകൾ
Top