10 December Monday
അച്ചാംതുരുത്തി- കോട്ടപ്പുറം പാലം 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്വപ്നം സഫലം

പി വിജിന്‍ദാസ്Updated: Friday Mar 9, 2018

അച്ചാംതുരുത്തി- കോട്ടപ്പുറം പാലം.

ചെറുവത്തൂര്‍ > പുഴ വേര്‍പെടുത്തിയ നാടുകള്‍ ഒന്നാകുന്നു. മരപ്പാലം മാറി കോണ്‍ക്രീറ്റിന്റെ പാലമൊരുങ്ങിയതിന്റെ ആഹ്ളാദത്തിലാണ് അച്ചാംതുരുത്തി- കോട്ടപ്പുറം നിവാസികള്‍. ഞായറാഴ്ച പകല്‍ 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍  അച്ചാംതുരുത്തിയെയും കോട്ടപ്പുറത്തെയും ബന്ധിപ്പിക്കുന്ന പാലം നാടിന് സമര്‍പ്പിക്കും. നീലേശ്വരം നഗരസഭയെയും ചെറുവത്തൂര്‍ പഞ്ചായത്തിനെയും  ബന്ധിച്ച്  തേജസ്വിനി പുഴയ്ക്ക് കുറുകെ പാലം വരാന്‍ നീണ്ട കാത്തിരിപ്പ് വേണ്ടിവന്നു. ഇപ്പോ ശരിയാക്കിത്തരാമെന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പറഞ്ഞെങ്കിലും പ്രവൃത്തികള്‍ക്ക് ഒച്ചിന്റെ വേഗമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച പാലം പൂര്‍ത്തിയാക്കാന്‍ വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടി വന്നു. പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ പാലവും ശരിയായി. 
കെ കുഞ്ഞിരാമന്‍ എംഎല്‍എയായിരിക്കുമ്പോള്‍  മലബാര്‍ പാക്കേജിലുള്‍പ്പെടുത്തി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് പാലം അനുവദിച്ചത്. 2009 ഒക്ടോബര്‍ 27ന് ടെന്‍ഡര്‍ പൂര്‍ത്തിയായി. 30 മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാമെന്ന് കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. ബ്രിഡ്ജസ് കോര്‍പറേഷനാണ് പ്രവൃത്തി ഏറ്റെടുത്തത്. പിന്നീടത് ഉപകരാര്‍ കൊടുത്തു. പാലം പണിയണമെങ്കില്‍ സമീപ പ്രദേശത്തെ സ്വകാര്യവ്യക്തികളുടെ സ്ഥലം ലഭ്യമാക്കണമായിരുന്നു. അച്ചാംതുരുത്തി- കോട്ടപ്പുറം വികസനസമിതി നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ അച്ചാംതുരുത്തി ഭാഗത്തെ 15 സെന്റ് സ്ഥലം വിലയ്ക്കെടുത്ത് വിട്ടുനല്‍കി. പ്രവൃത്തി ആരംഭിച്ചെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പലതവണ തടസപ്പെട്ടു. രണ്ടര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കേണ്ട പാലം അഞ്ചുവര്‍ഷമായിട്ടും എവിടെയുമെത്തിയില്ല. ജനകീയ സമിതി, സിപിഐ എം, ഡിവൈഎഫ്ഐ എന്നിവയുടെ നേതൃത്വത്തില്‍ ദേശീയ പാത ഉപരോധം, ബ്രിഡ്ജസ് കോര്‍പറേഷന്‍ ഓഫീസ് ഉപരോധം, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫീസിലേക്ക് മാര്‍ച്ച് തുടങ്ങി ഒട്ടേറെ സമരങ്ങള്‍ സംഘടിപ്പിച്ചു. 
തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ പ്രവൃത്തി പുനരാരംഭിച്ച് 2015 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചെങ്കിലും പാലിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് പാലം പണിക്ക് ജീവന്‍ വച്ചത്. പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കാന്‍ എം രാജഗോപാലന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഇടപെട്ടു. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പാലം സൈറ്റ് സന്ദര്‍ശിച്ച് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ഇതോടെയാണ് പാലമെന്ന സ്വപ്നം പൂവണിഞ്ഞത്.
 
പ്രധാന വാർത്തകൾ
Top