26 September Wednesday
കേന്ദ്ര സർവകലാശാല

മുൻ രജിസ്ട്രാർക്കെതിരായ അന്വേഷണം വിസിയുടെ പകപോക്കൽ

പ്രത്യേക ലേഖകൻUpdated: Saturday Sep 8, 2018
കാസർകോട്
കേന്ദ്ര സർവകലാശാല മുൻ രജിസ്ട്രാർ വി  ശശിധരനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശചെയ്ത എക‌്സിക്യൂട്ടീവ്‌ കൗൺസിൽ  തീരുമാനം പകപോക്കൽ. വൈസ് ചാൻസലർ ഡോ. ജി ഗോപകുമാറിന്റെ ഡീയർനസ് റിലീഫ്  തിരിച്ചുപിടിക്കാൻ യുജിസി ഉത്തരവിട്ടതിന് പ്രതികാരമാണ്  മുൻ രജിസ്ട്രാർക്കെതിരെയുള്ള സിബിഐ അന്വേഷണ ശുപാർശ. വി ശശിധരന്റെ  പരാതിയിലാണ് യുജിസി ഡീയർനസ് റിലീഫ് തിരിച്ചുപിടിക്കാൻ  രജിസ്ട്രാർക്ക് നിർദേശം നൽകിയത്.  കേരള സർവകലാശാല വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് മുമ്പ് അവിടെ പ്രൊഫസറായിരുന്ന ഗോപകുമാർ കൃത്യമായി പെൻഷനും ഡീയർനസ് റിലീഫും വാങ്ങുന്നുണ്ടെന്ന് വെളിപ്പെട്ടത്. ശശിധരനാണ്‌ കേന്ദ്ര സർവകലാശാല വൈസ് ചാൻസലറുടെ വെട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഡീയർനസ്‌ റിലീഫുമായി ബന്ധപ്പെട്ട്‌ വൈസ്‌ചാൻസലറെ വെള്ളപൂശാൻ കേന്ദ്രസർവകലാശാല ഇറക്കിയ വിശദീകരണക്കുറിപ്പ്‌ ആടിനെ പട്ടിയാക്കുന്നതാണ്‌.
കേരള സർവകലാശാലയിൽനിന്ന് പ്രൊഫസറായി വിരമിച്ച  ഗോപകുമാർ 2014 ആഗസ്ത് മുതൽ 2017 ഒക്ടോബർവരെ 14.50  ലക്ഷം രൂപ ഡീയർനസ് റിലീഫ് ഇനത്തിൽ വാങ്ങിയതായി  വിവരാവകാശ രേഖയിൽ പറയുന്നു. ഇതേ കാലയളവിൽ കേന്ദ്ര സർവകലാശാലയിൽനിന്ന് വൈസ് ചാൻസലാറായ ഗോപകുമാർ ഡീയനർസ് റിലീഫായി  പ്രതിമാസം 1.02 ലക്ഷം രൂപ കൈപ്പറ്റി. കേന്ദ്ര സർവകലാശാലയിൽ ഗോപകുമാറിന് അടിസ്ഥാന ശമ്പളവും ഡീയർനസ് റിലീഫും  സ്പെഷ്യൽ അലവൻസുമടക്കം 1,85,000 രൂപയാണ്  പ്രതിമാസ ശമ്പളം. ഇതിൽ അടിസ്ഥാന പെൻഷനായ 29,920 രൂപയാണ് വെട്ടിക്കുറക്കുന്നത്. അത് കഴിച്ചുള്ള തുകയാണ് ശമ്പളമായി ലഭിക്കുന്നത്. പെൻഷൻ ഡീയർനസ് റിലീഫായി മാസം 40,000 രൂപയുണ്ട്.  ഡീയർനസ് റിലീഫായി കൈപ്പറ്റിയ 24 ലക്ഷം രൂപയാണ് തിരിച്ചടക്കാൻ യുജിസി ആവശ്യപ്പെട്ടത്. ഇതിനുള്ള പ്രതികാരമാണ്  വി ശശിധരൻ  രജിസ്ട്രാറായ സമയത്ത് സംവരണം അട്ടിമറിച്ച് നിയമനം നടത്തിയെന്ന് ആരോപിച്ച് സിബിഐയെ വിളിച്ചത്. 
സർവകലാശാലയിൽ  ചട്ടലംഘനവും സ്വജനപക്ഷപാതവും അഴിമതിയും  ഏറ്റവും കൂടുതൽ അരങ്ങേറിയത് ഗോപകുമാർ വിസിയായശേഷമാണ‌്. നിലവിലെ  പ്രോ വൈസ് ചാൻസലർ കെ ജയപ്രസാദ്  അസോസിയേറ്റ് പ്രൊഫസറായി സ്ഥിരം നിയമനം നേടിയതും ഈ കലയളവിലാണ‌്. അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം റവ്യൂചെത്ത് പുതിയ വിജ്ഞാപനമിറക്കാൻ 2015ൽ കേന്ദ്ര സർവകലാശാല രൂപീകരിച്ച സബ്കമ്മിറ്റിയുടെ കൺവീനറായിരുന്നു ജയപ്രസാദ്.  ഈ വിജ്ഞാപനത്തിന്റെ മറവിൽ കൺവീനർ പദവി ദുരുപയോഗിച്ചാണ്  കൊല്ലം എസ്എൻ കോളേജിൽനിന്ന് ഡപ്യൂട്ടേഷനിലെത്തിയ ജയപ്രസാദ് കേന്ദ്ര സർവകലാശാലയിലെ സ്ഥിരം അധ്യാപകനായത്. 2013ൽ സർവകലാശാല ഇറക്കിയ വിജ്ഞാപനമാണ് തിരുത്തിയത്. 2015ലെ വിജ്ഞാപനത്തിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികളിലേക്കുള്ള അഭികാമ്യ യോഗ്യത ജയപ്രസാദ് കൺവീനറായ കമ്മിറ്റി തിരുത്തി. ഈ പഴുതിലൂടെയാണ് ജയപ്രസാദ് കേന്ദ്ര സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസാറയത്. 
അധ്യാപക നിയമനങ്ങളുടെ  നിജസ്ഥിതി അറിയിക്കാൻ  പ്രധാനമന്ത്രിയുടെ ഓഫീസ്  ആവശ്യപ്പെട്ടപ്പോൾ സർവകലാശാല  രജിസ്ട്രാർ ഡോ. എ രാധകൃഷ്ണൻ നായർ നൽകിയ വിശദീകരണം പച്ചക്കള്ളമായിരുന്നു. ചട്ടം ലംഘിച്ച് അസോസിയേറ്റ്, അസിസ്റ്റന്റ്  പ്രൊഫസർ നിയമനങ്ങൾ നടന്നുവെന്ന പരാതിയിലാണ് പിഎംഒ സർവകലാശാലയോട് വിശദീകരണം തേടിയത്.  ബയോടെക്നോളജി അസിസ്റ്റന്റ് പ്രൊഫസറായ സ്മിത സുധീർ, ബയോ കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസറായ അശ്വതി നായർ, ബയോ ടെക്നോജളി അസോസിയേറ്റ് പ്രൊഫസറായ പത്മേഷ്പിള്ള എന്നിവരാണ് യോഗ്യതാ മാനണ്ഡങ്ങൾ മറികടന്ന് നിയമനം നേടിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.  വിജ്ഞാപനത്തിൽ പറയുന്ന എംഎസ്സി ബയോ ടെക്നോളജിക്കും  ബയോ ഇൻഫർമാറ്റിക്കിന് പകരം  സ്മിതയ്ക്ക് നാച്വറൽ സയൻസിലാണ് എംഎസ്സിയുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ  പിഎച്ച്ഡിയുമില്ല. അശ്വതി നായർക്ക് യോഗ്യതയായി നിശ്ചയിച്ച എട്ടുവർഷത്തെ അധ്യാപന പരിചയവുമില്ല. പത്മേഷ്പിള്ളയ്ക്ക്  അധ്യാപന പരിചയമേയില്ല. ഇന്റർവ്യൂവിനുള്ള അപേക്ഷയിൽ അധ്യാപന പരിചയം എന്ന കോളം പൂരിപ്പിച്ചിരുന്നില്ല.  അനധികൃത നിയമനം നേടിയവരിൽ വിസിയുടെ അടുത്ത ബന്ധുവുമുണ്ട്. കേന്ദ്ര സർവകലാശാലയിലെ അധ്യാപക‐ അനധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരിഗണിക്കുന്നത് 14 കേസുകളാണ.് ഹൈക്കോടതി വെബ്സൈറ്റിൽ ഇതിന്റെ വിശദാംശങ്ങളുണ്ട്. ഇതിനൊന്നും സർവകലാശാല അക്കാദമിക് കൗൺസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാതെ മുൻ രജിസ്ട്രാർക്കെതിരെ തിരിയുന്നത് ദുഷ്ടലാക്കോടെയാണ്.
പ്രധാന വാർത്തകൾ
Top