21 November Wednesday

ജനമൈത്രി പൊലീസിന്റെ സഹായം മലരിനും മക്കൾക്കും പൊലീസ്‌ വീടൊരുക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018

 

സ്വന്തം ലേഖകൻ
ഉദുമ
തമിഴ് നാടോടി മലരിനും മക്കൾക്കും ജനമൈത്രി പൊലീസിന്റെ  തണൽ. ജനമൈത്രി പൊലീസിന്റെ ഗൃഹസന്ദർശനത്തിനിടയിലാണ്‌ ബേക്കൽ എസ്‌ഐ പി കെ വിനോദ്കുമാറും സംഘവും  പാലക്കുന്ന് അങ്കക്കളരിയിലെ  മലരിന്റെ വീട്ടിലെത്തിയത്. അവിടെ കണ്ടത് ആരെയും കരയിപ്പിക്കുന്ന കാഴ്‌ചകൾ.  
ഭർത്താവ് മുരുകൻ മരിച്ച ശേഷം മലര്‌  (30) അഞ്ച് മക്കളോടൊപ്പം കഴിയുന്നത് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ  വാടക കെട്ടിടത്തിലാണ്‌.  അഞ്ചു മാസം മുമ്പാണ്  മുരുകൻ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കെ  മരിച്ചത്‌. അതോടെ മലരിന്റെ  എല്ലാ സ്വപ്നങ്ങളും തകർന്നു.  രണ്ടു കുട്ടികൾ എൽകെജിയിൽ പഠിക്കുന്നു. മൂന്നര വയസുള്ള ഇരട്ടക്കുട്ടികളും മറ്റൊരു കുട്ടിയുമുണ്ട്‌. കുട്ടികളെ നോക്കേണ്ടതിനാൽ മലരിന്‌ പണിക്ക് പോകാൻ കഴിയുന്നില്ല. വീടിന് 1500 രൂപയാണ്‌ മാസ വാടക.  വരുമാനമില്ലാതായതോടെ വാടക നൽകാത്തതിനാൽ  ഉടമസ്ഥൻ  ഇറങ്ങാൻ ആവശ്യപ്പെട്ടു. ഈ അവസ്ഥയിലാണ്‌ ബേക്കൽ പൊലീസും  ജനമൈത്രി സമിതി അംഗങ്ങളും എത്തിയത്. പൊലീസിനോട്‌ ജീവിതകഥ   മലർ  തുറന്നുപറഞ്ഞു.  
വീട്ടിൽ കണ്ടത്‌ പൊട്ടിപ്പൊളിഞ്ഞ വാതിലും അടർന്നു വീഴാറായ മൺചുമരും ഏതു നിമിഷവും വീഴുന്ന പൊട്ടിയ ഓടുകളുമായിരുന്നു. രാത്രി ൽ സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്‌. മഴ പെയ്യുമ്പോൾ ചോരാത്ത ഒരിടവും  വീട്ടിലില്ല.  അഭിമാനിയായിരുന്ന മുരുകൻ മിച്ചം വച്ച തുക കൊണ്ടും  താലിമാല  വിറ്റും ബാങ്കിൽനിന്ന്‌  കടമെടുത്തും നാട്ടുകാരിൽനിന്ന് കടം വാങ്ങിയും 3,60,000 രൂപയ്‌ക്ക്‌  വീട് വയ്‌ക്കാൻ  മൂന്ന്‌ സെന്റ്‌ ഭൂമി വാങ്ങിയിരുന്നു. മുരുകൻ പോയതോടെ ബാധ്യത മലരിനെ പ്രയാസത്തിലാക്കി.  ജനമൈത്രി സമിതി അംഗങ്ങളായ വിജയലക്ഷ്മിയുടെയും ഉഷയുടെയും  പിന്തുണ ഇല്ലായിരുന്നുവെങ്കിൽ താൻ ആത്മഹത്യ ചെയ്തേനെയെന്ന്‌  മലർ പറഞ്ഞു. 
 അടുത്തുള്ള മറ്റൊരു വീട്ടിലേക്ക്‌  മലരിനെയും കുട്ടികളെയും  പൊലീസ്‌ മാറ്റി. വീടിനായി പഞ്ചായത്ത് നാലുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജനകീയ കമ്മിറ്റി രൂപീകരിച്ച് മുരുകന്റെ സ്വപ്നമായ വീട് നിർമിച്ച്‌ മലരിനും  കുട്ടികൾക്കും സംരക്ഷണം നൽകുമെന്ന്‌  പൊലീസ്‌ ഉറപ്പുനൽകി.  നാട്ടുകാരുടേയും മറ്റ്‌ മനുഷ്യ സ്‌നേഹികളുടേയും പിന്തുണ ലഭിക്കുമെന്ന്‌  പ്രതീക്ഷിക്കുന്നതായി  ബേക്കൽ എസ്‌ഐ പി കെ വിനോദ്കുമാർ പറഞ്ഞു. ബീറ്റ് ഓഫീസറായ എസ്‌ഐ സുരേഷ് കുമാർ, ജനമൈത്രി സമിതി അംഗങ്ങളായ ഹസ്സൻകുട്ടി, വിജയലക്ഷ്മി, ഉഷ എന്നിവരും കൂടെയുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
Top