Top
18
Monday, December 2017
About UsE-Paper

ഉദുമ ഏരിയാ സമ്മേളനത്തിന് ആവേശത്തുടക്കം

Thursday Dec 7, 2017
സ്വന്തം ലേഖകന്‍
സിപിഐ എം ഉദുമ ഏരിയാസമ്മേളനം കളനാട് പാറമ്മല്‍ എ കെ ജി നഗറില്‍ സംസ്ഥാനകമ്മിറ്റി അംഗം എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
കളനാട് > ജന്മി- നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ധീരോദാത്തം പൊരുതിയ ചെമ്മനാടിന്റെ മണ്ണില്‍ സിപിഐ എം ഉദുമ ഏരിയാ സമ്മേളനത്തിന് ഉജ്വല തുടക്കം. വൈദേശികാധിപത്യത്തിനെതിരെ പ്രതിരോധം തീര്‍ത്ത ചന്ദ്രഗിരി കോട്ടയും ലോക ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച ബേക്കലും ഉള്‍പ്പെടുന്ന നാട്ടിലാണ് സമ്മേളനത്തിന് കൊടിയേറിയത്. മാങ്ങാട്ടെ എം ബി ബാലകൃഷ്ണന്റെയും കീക്കാനത്തെ ടി മനോജിന്റെയും രണസ്മരണകളും സമ്മേളനത്തിന് ആവേശമായി. ഏരിയാകമ്മിറ്റി അംഗം എ നാരായണന്‍ നായര്‍ പതാക ഉയര്‍ത്തി.
നേതാക്കളും പ്രതിനിധികളും സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പ്രത്യേകം തയ്യാറാക്കിയ സമ്മേളന ഹാളില്‍ പ്രവേശിച്ചത്. ഏരിയയിലെ ബാലസംഘം കൂട്ടുകാര്‍ സ്വാഗതഗാനത്തോടെ പ്രതിനിധികളെ വരവേറ്റു. കളനാട് പാറമ്മല്‍ എ കെ ജി നഗറിലെ എസ് വി സുകുമാരന്‍, കെ ഗോപാലന്‍ നഗറില്‍ സമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം കുമാരന്‍ അധ്യക്ഷനായി. കുന്നൂച്ചി കുഞ്ഞിരാമന്‍ രക്തസാക്ഷി പ്രമേയവും പി മണിമോഹന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ചന്ദ്രന്‍ കൊക്കാല്‍ സ്വാഗതം പറഞ്ഞു. 
കെ മണികണ്ഠന്‍, എം കുമാരന്‍, ടി മുഹമ്മദ്കുഞ്ഞി, പി ലക്ഷ്മി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ടി നാരായണന്‍, കുന്നൂച്ചി കുഞ്ഞിരാമന്‍, പി മണിമോഹന്‍, കെ വി ബാലകൃഷ്ണന്‍ എന്നിവരാണ് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍. മധു മുതിയക്കാല്‍ (പ്രമേയം), കെ വി ഭാസ്കരന്‍ (ക്രഡന്‍ഷ്യല്‍), കെ സന്തോഷ്കുമാര്‍ (മിനുട്സ്), വി വി സുകുമാരന്‍ (രജിസ്ട്രേഷന്‍) എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. ഏരിയാസെക്രട്ടറി ടി നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ബുധനാഴ്ച രാത്രിയോടെ പൂര്‍ത്തിയായി. 18 ഏരിയാകമ്മിറ്റി അംഗങ്ങളുള്‍പ്പെടെ 139 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ പി ജനാര്‍ദനന്‍, സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍, എം രാജഗോപാലന്‍ എംഎല്‍എ, ടി വി ഗോവിന്ദന്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമന്‍ എംഎല്‍എ, കെ ബാലകൃഷ്ണന്‍, പി അപ്പുക്കുട്ടന്‍, വി വി രമേശന്‍, എം ലക്ഷ്മി എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നു. വ്യാഴാഴ്ച രാവിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറയും. തുടര്‍ന്ന് ഏരിയാകമ്മിറ്റി അംഗങ്ങളെയും ജില്ലാസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിക്കും. പകല്‍ മൂന്നിന് കളനാട് കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും തുടങ്ങും. മേല്‍പറമ്പ് ഇമ്പിച്ചിബാവ നഗറില്‍ സമാപന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണ്‍ ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമന്‍, എം വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.