20 July Friday

നാക് അക്രഡിറ്റേഷന്‍ കാത്ത് മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ്

സ്വന്തം ലേഖകന്‍Updated: Saturday Oct 7, 2017

മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ്

കാസര്‍കോട് > മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ. കോളേജ് വികസനം തേടുന്നു. രാഷ്ട്രകവി ഗോവിന്ദപൈയുടെ ഓര്‍മയില്‍ പടുത്തുയര്‍ത്തിയ  ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് ഇതുവരെ വേണ്ടത്ര പരിഗണനയും അംഗീകാരവും ലഭിച്ചിട്ടില്ല. സപ്തഭാഷ സംഗമഭൂമിയായി അറിയപ്പെടുന്ന കാസര്‍കോടിന്റെ ധന്യത മുഴുവന്‍ അവകാശപ്പെടുന്ന സ്ഥലത്താണ് കോളേജുള്ളത്. മലയാളം, തുളു, കന്നട, മറാഠി, ബാരി, കറാഡ, കൊങ്ങിണി ഭാഷകള്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്രദേശത്തുള്ള കോളേജില്‍ ഭാഷാ വിഷയങ്ങളില്‍പോലും ആവശ്യത്തിന് കോഴ്സില്ല. യക്ഷഗാനത്തിന്റെ ജന്മഭൂമിയില്‍ നാടന്‍കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കോഴ്സും ആവശ്യമാണ്.
1980 സെപ്തംബര്‍ 22നാണ് കോളേജ് തുടങ്ങിയത്. ശ്രീമദ് അനന്തേശ്വര ക്ഷേത്രത്തോടനുബന്ധിച്ചുള്ള വനഭോജന ശാലയിലാണ് ആദ്യഘട്ടത്തില്‍ കോളേജ് പ്രവര്‍ത്തിച്ചത്. 1990ല്‍  മഞ്ചേശ്വരം താലൂക്കിലെ ഹൊസബെട്ടു വില്ലേജില്‍ ഗോവിന്ദപൈയുടെ കുടുംബം വിട്ടുകൊടുത്ത 33 ഏക്കര്‍ സ്ഥലത്ത് പണിത സ്വന്തം കെട്ടിടത്തിലേക്ക് കോളേജ് പ്രവര്‍ത്തനം മാറി. 1996ല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തു. ബിരുദ കോഴ്സുകളായ ബിഎ കന്നട, ബികോം, ടിടിഎം, ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ് പിജി കോഴ്സുകളായ എംകോം, എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് എന്നിവ മാത്രമാണ് 37 വര്‍ഷം മുമ്പ് തുടങ്ങിയ കോളേജിലുള്ളത്. 464 വിദ്യാര്‍ഥികളാണ് ഇപ്പോള്‍ പഠിക്കുന്നത്. ഇതില്‍ 291 പേര്‍ പെണ്‍കുട്ടികളാണ്. 20 സ്ഥിരം അധ്യാപകരും 11 ഗസ്റ്റ് ലക്ചറര്‍മാരും ജോലി ചെയ്യുന്നുണ്ട്. നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മിച്ച വലിയ കെട്ടിടവും മറ്റ് പശ്ചാത്തല സൌകര്യവും ഇവിടെയുണ്ട്. 35,000 പുസ്തകമുള്ള ലൈബ്രറിയും കോളേജിനുണ്ട്.
മഞ്ചേശ്വരത്തുനിന്ന് 18 കിലോമീറ്റര്‍ മാത്രമുള്ള മംഗളൂരുവിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കോളേജിന് ഭീഷണിയാകുന്നത്. എന്നാല്‍ ഇവയില്‍ മിക്കതും സ്വാശ്രയ കോളേജായതിനാല്‍ പഠനചെലവ് രക്ഷിതാക്കള്‍ക്ക് താങ്ങാനാവുന്നില്ല. അതിനാല്‍ സാധാരണക്കാര്‍ ആശ്രയിക്കുന്നത്  മഞ്ചേശ്വരം ഗവ. കോളേജിനെയാണ്. എന്നാല്‍ മതിയായ കോഴ്സുകളില്ലാത്തതിനാല്‍ കോളേജിന് പ്രതീക്ഷിച്ചത്ര മുന്നോട്ടുപോകാനാവുന്നില്ല. ശാസ്ത്ര, മാനവിക, ഭാഷ വിഷയങ്ങളില്‍ കൂടുതല്‍ ബിരുദ കോഴ്സുകള്‍ തുടങ്ങണം. പി ജി കോഴ്സുകളുടെ എണ്ണവും കൂട്ടണം. മംഗളൂരുവിലെ സ്വാശ്രയ കോളേജുകളെ ആശ്രയിക്കുന്ന സ്ഥിതി മാറണം.ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഫണ്ടിന്റെ അപര്യാപ്ത കാരണം തുറന്നുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാരും ജനപ്രതിനിധികളും  കനിഞ്ഞാല്‍ മാത്രമെ കോളേജിന്റെ ദുസ്ഥിതി പരിഹരിക്കാനാവൂ.
പരിമിതിക്കിടയിലും കോളേജിന്റെ അക്കാദമിക് നിലവാരം മികച്ചതാണ്. കോളേജിന് നാക് അക്രഡിറ്റേഷന്‍ ലഭിച്ചാല്‍ ഒട്ടേറെ  പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന് കോളേജ് അധ്യാപകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധ്യാപകരും വിദ്യാര്‍ഥികളും പിടിഎയും പൂര്‍വ വിദ്യാര്‍ഥികളും നാക് അക്രഡിറ്റേഷന്‍ നേടാനുള്ള പരിശ്രമത്തിലാണ്. ഇത് കിട്ടിയാല്‍ മാത്രമെ കോളേജിന് യുജിസി ഫണ്ട് ലഭ്യമാകുകയുള്ളൂ. നാക് അക്രിഡിറ്റേഷനുമായി ബന്ധപ്പെട്ട സംഘം  9, 10 തിയതികളില്‍ കോളേജ് സന്ദര്‍ശിക്കുമെന്നും അധ്യാപകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കോളേജ് അധ്യാപകരായ ഡോ. പി എം സലീം, ഡോ. ടി പി സുധീപ്, ഡോ. കെ വി അനൂപ്, ഡോ. വി ഗണേശന്‍ എന്നിവര്‍ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
Top