19 September Wednesday

കനത്ത മഴയിൽ റബറിന്‌ ഇലകൊഴിച്ചിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

രോഗബാധമൂലം ഇല കൊഴിഞ്ഞ ബേഡഡുക്ക പഞ്ചായത്തിൽ മൂന്നാം കടവിന് സമീപമുള്ള റബ്ബർ തോട്ടം.

 

സ്വന്തം ലേഖകൻ
കുറ്റിക്കോൽ
കനത്ത മഴയെത്തുടർന്ന് റബ്ബർ തോട്ടങ്ങളിൽ ഇലകൊഴിച്ചിൽ രോഗം വ്യാപകമായി. കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിലെ നിരവധി റബ്ബർ തോട്ടങ്ങളെ ഇലകൊഴിച്ചിൽ രോഗം ബാധിച്ചു. സാധാരണയായി വേനൽക്കാലത്താണ് റബ്ബർ ഇലകൊഴിഞ്ഞ്‌  വീണ്ടും തളിർക്കുന്നത്. 
രോഗബാധ മൂലം മഴക്കാലത്ത് റബ്ബർ ഇല പൊഴിക്കാൻ തുടങ്ങിയതോടെ റബ്ബർ ഉൽപാദനം   കുറഞ്ഞതായി കർഷകർ പറയുന്നു. പണിക്കുലി പോലും കൊടുക്കാൻ കഴിയാതായതോടെ പലരും  ടാപ്പിങ്‌  നിർത്തി.   വിലക്കുറവിനൊപ്പം രോഗബാധ കൂടി ഉണ്ടായതോടെ കർഷകർ ദുരിതത്തിലായിരിക്കുകയാണ്. മിക്ക തോട്ടങ്ങളും ഇലകൾ മുഴുവൻ കൊഴിഞ്ഞ്  കമ്പുകൾ മാത്രമായ അവസ്ഥയിലാണ്. 
രോഗബാധ മാറി പുതിയ ഇല വന്നാലേ ടാപ്പിങ്‌ പുനരാരംഭിക്കാൻ  കഴിയൂ എന്നാണ് കൃഷി ഭവൻ അധികൃതർ പറയുന്നത്. റബ്ബറിന്റെ ഇല കൊഴിയുന്നത്  ഫൈറ്റോഫ്തോറ എന്ന കുമിൾ രോഗം മൂലമാണ്. ഇനി തളിർക്കാൻ വളം ചേർത്തുകൊടുക്കുകയാണ് വേണ്ടത്. ടാപ്പ് ചെയ്യുന്ന മരത്തിനു ഫാക്ടം ഫോസ് 600 ഗ്രാം പൊട്ടാഷ് 200 ഗ്രാം എന്നിവ ചേർത്തുകൊടുക്കുക. ഫാക്റ്റംഫോസും പൊട്ടാഷും മിശ്രിതമാകാതെ  വേറെ വേറെ ഇട്ടുകൊടുക്കണം. രണ്ടിന്റെയും അളവ് വ്യത്യാസപ്പെടാതിരിക്കാനാണ്. അല്ലെങ്കിൽ 17:17:17 കോംംപ്ലക്‌സ്‌  വളം 750 ഗ്രാം ഇട്ടുകൊടുക്കുക. വളം ചേർത്തില്ലെങ്കിൽ വിളവ് കുറയും. മഴ ശക്തി പ്രാപിക്കുന്നതിനു മുന്പ്‌  ബോർഡോ മിശ്രിതമോ കോപ്പേറോക്സിക്ലോറൈഡ് ഓയിൽ മിശ്രിതമോ തളിച്ചാൽ ഇലപൊഴിച്ചിൽ  ഒഴിവാക്കാം. രോഗബാധ മൂലം ദുരിതത്തിലായ കർഷകർക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
പ്രധാന വാർത്തകൾ
Top