22 September Saturday

നാടിന്‌ നഷ്ടമായത്‌ പുഴയിലെ രക്ഷകനെ

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

വ്യാഴാഴ്ച രാവിലെ ഗോപീകൃഷ്ണന്റെ മരണത്തിനിടയാക്കിയ അപകടം

 

സ്വന്തം ലേഖകൻ
എരിഞ്ഞിപ്പുഴ
കാർ നിയന്ത്രണം വിട്ടതിനെ തുടർന്നുണ്ടായ അപകടത്തിൽ പൊലിഞ്ഞത് പയസ്വിനിപ്പുഴയുടെ കളിക്കൂട്ടുകാരൻ. ഗോപീകൃഷ്ണൻ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ആനക്കുഴിഗോപിയേട്ടന്റെ വിയോഗം നാടിനെ ദുഃഖത്തിലാക്കി.  
എതു  കുത്തൊഴുക്കിലും നീന്തി മറുകര എത്തുന്ന ഗോപി പുഴയോടൊപ്പം കൂട്ടുകൂടി  ഒട്ടേറെ തവണ ഫയർ സർവീസിനും  പൊലീസിനും സഹായിയായിരുന്നു.  ഒഴുക്കിൽപ്പെട്ട് ജീവനും മരണത്തിനുമിടയിൽനിന്ന്‌ നിലവിളിച്ച അനവധി പേർക്ക് രക്ഷകനായി.  പുഴയിലൂടെ ഒഴുകിവരുന്ന മൃതദേഹം കരയ്ക്ക് എടുക്കാൻ ആദൂർ, ബേഡകം പൊലീസ് ഗോപിയെ വിളിക്കാറുണ്ടായിരുന്നു. രണ്ട് വർഷം മുമ്പ്‌  കാടകം അടുക്കതൊട്ടി കട്മന തൂക്കു പാലത്തിൽനിന്ന്‌  ചാടിയ സ്ത്രീയെ പുഴയിൽ മുങ്ങി രക്ഷപ്പെടുത്തിയതും ഗോപിയെന്ന മുങ്ങൽ വിദഗ്‌ധനായിരുന്നു. 
മഴ തിമിർത്ത് പെയ്യുന്ന സമയത്ത് പുഴയിൽ മഴവെള്ളപ്പാച്ചിൽ കൂടുമ്പോൾ എരിഞ്ഞിപ്പുഴ വഴി യാത്ര ചെയ്യുന്നവർ  പാലത്തിന് മുകളിൽ ഒരു തൊപ്പി വച്ച് വലിയ തോട്ടി കൊണ്ട് തേങ്ങ പിടിച്ചെടുക്കുന്ന  ഗോപിയെ കൗതുകത്തോടെ നോക്കുമായിരുന്നു. റെഡ്സ്റ്റാർ ആർട്സ് ആൻഡ്‌  സ്പോർട്സ് ക്ലബ്ബും  നായനാർ ഗ്രന്ഥാലയവും ഗോപിയെ  ആദരിച്ചിരുന്നു. എരിഞ്ഞിപ്പുഴയ്ക്ക് നഷ്ടമായത് നാടിന്റെ രക്ഷകനാണെന്ന് സുഹൃത്തുക്കൾ അനുസ്മരിക്കുന്നു. 
 
പ്രധാന വാർത്തകൾ
Top