26 September Wednesday

കുഞ്ഞു ഫമീനയുടെ കരച്ചിൽ കേൾക്കുന്നില്ലേ...

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018
ബന്തടുക്ക
കൂട്ടുകാർ പുത്തനുടുപ്പും പുതിയ ബാഗുമായി സ്കൂളിലേക്ക് പോയപ്പോൾ ഫമീന ഈ അധ്യയന വർഷം ശങ്കരംപാടി എൽ പി സ്കൂളിലെ ക്ളാസ് മുറിയിൽ എത്തിയില്ല. ശരീരമാസകലം പൊള്ളിയ പോലെയുള്ള അജ്ഞാതരോഗം ഈ ബാലികയെ വല്ലാതെ വേദനിപ്പിക്കുന്നു. കൊച്ചു ശരീരത്തിൽ ഉടനീളം ചുവന്നതും  വെളുത്തതുമായി കുമിളകൾ  ഉയർന്ന് പൊട്ടി വലിയ വ്രണമായി മാറുകയും ചെയ്യുന്ന രോഗം എട്ട് വയസുകാരിയായ ഫമീനയെ പിടികൂടിയത് രണ്ട്‌ വർഷം മുമ്പാണ്‌. ചുണ്ടിനു ചുറ്റും കൺപോളകൾക്ക് മുകളിലുമായാണ് ആദ്യം കുമിളകൾ ഉയർന്ന് വന്നത്. കാസർകോട്ടെ സ്വകാര്യ ആസ്പത്രികളിൽ ചികിത്സ നേടി ഫമീന സുഖം പ്രാപിച്ചിരുന്നു. 
 കഴിഞ്ഞ  എട്ട്‌  മാസമായി രോഗം വീണ്ടും  കുട്ടിയെ വേട്ടയാടുകയാണ്‌.  ജില്ലയിലും മംഗളൂരുവിലുമായി  വിവിധ ആസ്പത്രികളിൽ ചികിൽസിച്ചുവെങ്കിലും  കുറവില്ല. ഇതിനകം   അഞ്ച് ലക്ഷം രൂപ ചെലവഴിച്ചു. ഫമീനയുടെ ഉപ്പ പാണത്തൂർ കരിക്കൈയിലെ മുനീർ  ഉപേക്ഷിച്ചതിനാൽ ഹമീനയും ഉമ്മ നസീമയും പടുപ്പ് ശങ്കരംപാടിയിലെ കുളിയകല്ലിലെ നസീമയുടെ വീടിന് സമീപം നിർമിച്ച ഷെഡിലാണ് താമസം. നസീമയുടെ ഉപ്പ അബ്ദുല്ല കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. ഫമീനയുടെ ചികിത്സക്കായി ബാങ്കുകളിൽ നിന്നും വായ്‌പയെടുത്തിട്ടുണ്ട്‌. ചികിത്സ നൽകിയെങ്കിലും ഫമീനയുടെ രോഗം എന്താന്നെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. വേദന കടിച്ചമർത്തി നിർത്താതെ ചൊറിയുന്ന ഫെമീനയുടെ മുഖം കാഴ്ചക്കാർക്ക് നൊമ്പരമാകുന്നു. ഇടയ്ക്കിടയ്ക്ക് ശക്തമായ പനിയുമുണ്ട്.തുടർ ചികിത്സയ്ക്ക് ഇനി എങ്ങോട്ട് പോകണമെന്ന് ഉമ്മ നസീമയ്ക്ക് അറിയില്ല. കൈയിൽ പൈസയുമില്ല. ആരെങ്കില്ലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഫോൺ: 9847228658.
പ്രധാന വാർത്തകൾ
Top