19 November Monday

വാതിലുകൾ അടക്കാതെ ബസ്സുകൾ അപകടം ക്ഷണിച്ചുവരുത്തി യാത്ര

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
ബദിയടുക്ക
സാധാരണ ജനങ്ങളുടെ യാത്രാമാര്‍ഗമായ ബസുകള്‍ വാതിലുകള്‍ തുറന്നിട്ട് ഓടുന്നത് പതിവ് കാഴ്ചയാകുന്നു. ജീവനക്കാരെ കുറക്കുന്നതിന് വേണ്ടി ചെയ്യുന്ന ഈ കുറുക്കുവഴി പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവുകയാണ്. സ്‌കൂള്‍ സമയങ്ങളിലാണ് ഈ അപകടയാത്ര ഏറെയും. തിങ്ങിനിറഞ്ഞ ബസുകള്‍ വാതിലുകളിലാതെ ചീറിപ്പായുമ്പോള്‍ കാഴ്‌ചക്കാരാവുകയാണ് അധികൃതര്‍. 
രണ്ട്‌ വാതിലുകളുമില്ലാതെ സർവീസ് നടത്തുന്ന ബസുകളും ജില്ലയുടെ പല ഭാഗങ്ങളിലുമുണ്ട്. ചിലതിന് മുൻവശം വാതിലുണ്ടെങ്കില്‍ മിക്കവാറും  പിന്‍ഭാഗത്ത് വാതിലുണ്ടാകില്ല. ഉണ്ടെങ്കിൽ തന്നെ അത് കെട്ടിവച്ചാണ് ഓടുന്നത്. ഇവിടെ വാതില്‍ വച്ചാല്‍ ഒരു ജീവനക്കാരനെ കൂടി നിയമിക്കേണ്ടി വരും. ഇത്‌ ഒഴിവാക്കാനാണ്‌  വാതിലുകളില്ലാതെ സർവീസ്‌ നടത്തുന്നത്‌.  ഓട്ടോമാറ്റിക്‌  വാതിലുകളുള്ള ബസുകളുടെയും അവസ്ഥ ഇതുതന്നെയാണ്.  വാതിൽപടിയിൽ ആളുകൾ തിങ്ങിനിൽക്കുമ്പോൾ ഇത്തരം വാതിലുകൾ തുറക്കാനും അടയ്ക്കാനും പ്രയാസം നേരിടുകയാണ്. ഇക്കാരണത്താൽ  പലപ്പോഴും വാതിലുകൾ തുറന്നിടും.  
ഏറെ തിരക്കുള്ള റൂട്ടിൽ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവർ വാതിലില്ലാത്തതും  തുറന്നിട്ടതുമായ ബസുകളിൽ തൂങ്ങിയാണ് യാത്ര ചെയ്യുന്നത്‌.  വേഗത്തില്‍ ഓടുന്ന ബസ് പെെട്ടന്ന് ബ്രേക്ക് ചവിട്ടുകയോ കൈയുടെ പിടുത്തം വിടുകയോ ചെയ്താല്‍ യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീഴും. യാത്രക്കാരുടെ ജീവന് സുരക്ഷയില്ലാതെ ഓടുന്ന ഇത്തരം ബസുകൾക്കെതിരെ നടപടിയെടുക്കാൻ പൊലീസോ മോട്ടോർ വാഹന വകുപ്പോ തയ്യാറാകുന്നില്ല.
പ്രധാന വാർത്തകൾ
Top