20 November Tuesday

യക്ഷഗാനത്തിനൊപ്പം നാലുദശകം

പി വിജിൻദാസ്‌Updated: Saturday Aug 4, 2018

യക്ഷഗാനത്തില്‍ വേഷമിട്ട് പി പി ബാലകൃഷ്ണന്‍

സമർപ്പിത മനസ്സുമായി യക്ഷഗാനത്തിലെ മലയാളി സാന്നിധ്യം. യക്ഷഗാനത്തില്‍ വേഷമിട്ട് വേദികളില്‍ നിറഞ്ഞാടുകയാണ് ഉദിനൂര്‍ കിനാത്തിലെ പി പി ബാലകൃഷ്ണന്‍. ‘ബയലാട്ട' എന്നുകൂടി അറിയപ്പെടുന്ന ‘യക്ഷഗാനം'  ഉത്തര കന്നഡ, ശിവമോഗ, ഉഡുപ്പി, ദക്ഷിണ  കാനറ ജില്ലകളിലാണ് പ്രചാരത്തിലുള്ളത്.   22‐ാം വയസിലാണ് ബാലകൃഷ്ണന് മംഗളൂരുവില്‍ പൊതുമരാമത്ത് വകുപ്പില്‍ ജോലി ലഭിക്കുന്നത്. കുറച്ച് കാലംകൊണ്ട്  കന്നഡ എഴുതാനും വായിക്കാനും  സംസാരിക്കാനും പഠിച്ചു. 
സൗഹൃദക്കൂട്ടങ്ങൾക്കൊപ്പമുള്ള യാത്രയിലാണ് യക്ഷഗാനം എന്ന കലാരൂപം കാണാനിടയാകുന്നത്. കേരളത്തിലെ കഥകളിയോട് സാമ്യമുള്ള കലാരൂപം ബാലകൃഷ്ണനെ ആകര്‍ഷിച്ചു. എവിടെ യക്ഷഗാനം നടക്കുന്നുണ്ട് എന്നറിഞ്ഞാലും  ഓടിയെത്തി ആസ്വദിക്കാൻ സമയം കണ്ടെത്തും. രാത്രി ആരംഭിച്ച് പുലരുവോളം നടന്ന യക്ഷഗാനങ്ങള്‍ എത്രയോ തവണ ഉറക്കമൊഴിച്ചിരുന്ന് കണ്ടു. സുഹൃത്തിന്റെ യക്ഷഗാനത്തോടുള്ള അകമഴിഞ്ഞ ആരാധന മനസ്സിലാക്കിയ വെങ്കിട്ടരമണ ഐത്താളും  കൃഷ്ണ കാറന്തും ഇദ്ദേഹത്തെ യക്ഷഗാന വേദിയിലേക്ക് കൈപിടിച്ച് കയറ്റി. ഇവരുടെ ശിക്ഷണത്തില്‍ നിരവധിക്കാലം യക്ഷഗാനം അഭ്യസിച്ചു.  ഈ സമയത്താണ് മംഗളൂരു േകന്ദ്രീകരിച്ച് യൂത്ത് ക്ലബ്‌ ആരംഭിക്കുന്നത്. ബാലകൃഷ്ണന്‍ യൂത്ത് ക്ലബ്ബിന്റെ പ്രസിഡന്റുമായി. 
ക്ലബ്ബിലെ അംഗങ്ങളായ യക്ഷഗാന കലാകാരന്മാര്‍ ചേര്‍ന്ന്  കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ യക്ഷഗാനം അവതരിപ്പിച്ചു. അതിലെല്ലാം വീരഭദ്രന്‍, ദുര്യോധനൻ, രക്തബീജാസുരന്‍, ദേവേന്ദ്രന്‍, ശംഖാസുരന്‍ തുടങ്ങിയ വേഷങ്ങളണിഞ്ഞ് ബാലകൃഷ്ണന്‍ തകര്‍ത്താടി. പിന്നീട് പല പ്രൊഫഷണല്‍ സംഘങ്ങള്‍ക്കുമൊപ്പം ചേര്‍ന്ന് കേരളത്തിലുൾപ്പെടെ   യക്ഷഗാനം അവതരിപ്പിച്ചു. ജോലിയില്‍നിന്ന്‌ വിരമിച്ച്‌ പത്ത് വര്‍ഷമായെങ്കിലും പഠിച്ച കല മറക്കാന്‍  തയ്യാറല്ല. 
വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം പനമ്പൂര്‍ മേളം യക്ഷഗാന സംഘം ഉദിനൂരില്‍ യക്ഷഗാനം അവതരിപ്പിച്ചപ്പോള്‍ അതിലെ മുഖ്യ വേഷമായ ശംഖാസുരനായി ബാലകൃഷ്ണന്‍ വേഷമിട്ടു.  ഈ അവതരത്തിലൂടെയാണ് പ്രദേശത്തെ പലരും ബാലകൃഷ്ണന്റെ കലാവൈഭവം അറിഞ്ഞത്. 66 വയസ്‌ പിന്നിട്ടെങ്കിലും ക്ഷണം ലഭിച്ചാല്‍ യക്ഷഗാന വേഷമണിയാൻ ഒരുക്കമാണ്.
പ്രധാന വാർത്തകൾ
Top