Top
23
Saturday, September 2017
About UsE-Paper
പ്ളാന്റേഷന്‍ കോര്‍പറേഷന്റെ ഉടക്കില്‍ വീട് നിര്‍മാണം നിലച്ചു

എന്‍ഡോസള്‍ഫാന്‍ രോഗിക്ക് താല്‍ക്കാലിക റോഡുപോലും നല്‍കുന്നില്ല

Friday Aug 4, 2017
സ്വന്തം ലേഖകന്‍
ബെള്ളൂര്‍ > ബെള്ളൂര്‍ അഡ്വളയിലെ എന്‍ഡോസള്‍ഫാന്‍ രോഗിയായ എ വി ശ്രീധര ബല്ലാളിന്റെ വീട്ടിലേക്കുള്ള റോഡ് തടഞ്ഞ് പ്ളാന്റേഷന്‍ കോര്‍പറേഷന്റെ ക്രൂരത. കാസര്‍കോട് എസ്റ്റേറ്റ് ആദൂര്‍ ഡിവിഷന്റെ ചിപ്പറമ്പ് ബ്ളോക്കില്‍ ബട്ട്യകുന്നിലെ കൊയങ്കോട് താമസിക്കുന്ന ശ്രീധര ബല്ലാള്‍ തനിക്ക് അനുവദിച്ചുകിട്ടിയ വീടിന്റെ നിര്‍മാണം റോഡില്ലാത്തതിനാല്‍ തുടങ്ങാനാകാതെ വലയുകയാണ്. വാഹനം കൊണ്ടുപോകാനുള്ള സ്ഥലം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പ്ളാന്റേഷന്‍ ഓഫീസ് കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് മാസം നാലായി. 
നിര്‍മാണ സാമഗ്രികള്‍ എത്തിക്കാനാകാത്തതിനാല്‍ വീട് അനുവദിച്ച് ഒന്നര വര്‍ഷമായിട്ടും പണി തുടങ്ങാനായില്ല. 2017 മാര്‍ച്ചില്‍ തന്റെ സ്ഥലത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് ആറുമാസത്തേക്ക് 60 മീറ്ററോളം സ്ഥലം വിട്ടുനല്‍കണമെന്ന് അപേക്ഷിച്ച് പ്ളാന്റേഷന് അപേക്ഷ നല്‍കിയിരുന്നു. എസ്റ്റേറ്റ് മാനേജര്‍ക്ക് തന്നെ ഇതിന് അനുവാദം നല്‍കാമെന്നിരിക്കെ മുടന്തന്‍ ന്യായംപറഞ്ഞ് അനുമതി നിഷേധിക്കുകയാണ്. ഈ കത്ത് പരിഗണിച്ചില്ലെന്ന് മാത്രമല്ല എന്‍ഡോസള്‍ഫാന്‍ രോഗിയായ ശ്രീധര ബല്ലാളിനോട് കടുത്ത ഭാഷയിലാണ് സംസാരിക്കുന്നത്. 20 ദിവസം മുമ്പ് കലക്ടറെ കണ്ടെങ്കിലും പരിഹാരമുണ്ടായില്ല. 
കാഴ്ചക്കുറവുള്ള ശ്രീധര ബല്ലാള്‍ വീടുപണി എങ്ങനെ ആരംഭിക്കണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ്. തുടര്‍ന്ന് സിപിഐ എം നേതാക്കളെ കണ്ട് സംസാരിക്കുകയും ഏരിയാസെക്രട്ടറി സിജി മാത്യു പ്ളാന്റേഷന്‍ മാനേജരെ ബന്ധപ്പെടുകയുമുണ്ടായി. തനിക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്നും കോട്ടയത്തേക്ക് അപേക്ഷ കൈമാറാമെന്നുമാണ് മാനേജര്‍ പറഞ്ഞ്.  പ്ളാന്റേഷന്‍ കോര്‍പറേഷന്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ സിപിഐ എം നേതൃത്വത്തില്‍ ശ്രീധര ബല്ലാളിനായി റോഡ് സൌകര്യമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.