19 September Wednesday
കലക്ടർ സസ്‌പെൻഡ്‌ ചെയ്‌തു

മുളിയാർ വില്ലേജ് ഓഫീസർ ഹാജരില്ല; ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
ബോവിക്കാനം 
പ്രവർത്തിദിവസങ്ങളിൽ മുളിയാർ വില്ലേജ് ഓഫീസർ എ ബിന്ദു ജോലിക്കെത്തുന്നത് പകൽ പന്ത്രണ്ടിന്‌. മൂന്നിന്‌ തിരികെ പോവണം. പലപ്പോഴും വരില്ല. നിരവധി ആവശ്യങ്ങളുമായി ഓഫീസിലെത്തുന്നവർ സർട്ടിഫിക്കറ്റുകൾക്കായി ആഴ്ചകളോളം കാത്തു നിൽക്കണം. 
പ്രതികരിച്ചവർക്ക് ധാർഷ്ട്യമാണ് മറുപടി. വ്യാപകമായ പരാതി ഉയർന്നതോടെ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ ജയൻ, ബ്ലോക്ക് സെക്രട്ടറി കെ വി നവീൻ, കോട്ടൂർ മേഖലാ സെക്രട്ടറി സനത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ ഓഫീസിലെത്തി പ്രതിഷേധിച്ചു.  കലക്ടർക്ക്‌  ഫോൺ വഴി പരാതി നൽകി. 
പരാതിയുടെ അടിസ്ഥാനത്തിൽ എൽ ആൻഡ് ആർ ഡെപ്യൂട്ടി കലക്ടർ രവികുമാർ വില്ലേജ് ഓഫീസിലെത്തി. ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച ശേഷം ജോലിയിൽ നിന്ന്  സസ്‌പെൻഡ് ചെയ്‌തു. 
ഉഡുപ്പിയിലെ മകന്റെ പഠന ആവശ്യാർഥം  ട്രാൻസ്‌ഫർ വാങ്ങി പൈവളിഗെ വില്ലേജ് ഓഫീസിൽ വന്നതായിരുന്നു ബിന്ദു. ഉഡുപ്പിയിൽ താമസമാക്കിയ വില്ലേജ് ഓഫീസർ പൈവളിഗെയിലും കൃത്യമായി ജോലിക്കെത്തിയില്ല.  
വ്യാപക പരാതി ഉയർന്നതിനാൽ ആറു മാസം സസ്‌പെൻഷൻ നേരിട്ടു. കാലാവധിക്ക് ശേഷം മുളിയാർ വില്ലേജ് ഓഫീസറായി നിയമനം ലഭിച്ചു. വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ മൂന്ന് തവണ മെമോയും  ലഭിച്ചിരുന്നു.
പ്രധാന വാർത്തകൾ
Top