19 November Monday

യുവതിയുടെ ‘തട്ടിക്കൊണ്ട് പോകൽ’ നാടകം പൊലീസ്‌ പൊളിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
വെള്ളരിക്കുണ്ട് 
നാട്ടുകാരെയും വീട്ടുകാരെയും  ആശങ്കയിലാക്കി യുവതി നടത്തിയ തട്ടിക്കൊണ്ട് പോകൽ നാടകം മണിക്കൂറുകൾക്കകം പൊലീസ് പൊളിച്ചു. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളടുക്കത്തെ കൈതോലിൽ മനുവിന്റെ ഭാര്യ മീനു (23), മകൻ രണ്ടര വയസ്സുകാരൻ സായികൃഷ്ണ എന്നിവരുടെ തിരോധാനമാണ് മലയോരത്തെ ജനങ്ങളെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയത്‌. മാലോത്ത് വർക്ക്ഷോപ്പ് തൊഴിലാളിയായ മനു രാവിലെ ജോലിക്ക് പോയിരുന്നു. വീട്ടിലുണ്ടായിരുന്ന അച്ഛൻ ബാബു ടൗണിലേക്കും  അമ്മ സുനിത പശുവിന് പുല്ലരിയാനും പോയ സമയത്താണ് സംഭവം. 
രാവിലെ 10.20 ഓടെ  മീനു മനുവിനെ വിളിച്ച് തന്നെ ആക്രിപെറുക്കാൻ വന്നവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതായി ഫോൺ ചെയ്തിരുന്നു. ഉടനെ ഫോൺ കട്ടായി. മനു ഉടനെ അടുത്തുളള സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞു. അവർ അന്വേഷിച്ചപ്പോൾ വീട്ടിൽ ആളില്ല. വീടിനകത്ത് പിടിവലി നടന്ന ലക്ഷണം ഉണ്ടായിരുന്നു. നിലത്ത് അല്പം ചോറും സമീപത്ത് വിറക് മുട്ടിയും അൽപം രക്തവും കണ്ടു. തട്ടിക്കൊണ്ടു പോയി എന്ന നിഗമനത്തിൽ  നിമിഷങ്ങൾക്കകം മലയോരത്തെ നിരത്തുകളിൽ ജനങ്ങൾ വാഹനങ്ങൾ പരിശോധന തുടങ്ങി. മനുവിന്റെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത്‌ അന്വേഷണവും തുടങ്ങി. ജില്ലാ പൊലീസ്‌ മേധാവി ഡോ. എ ശ്രീനിവാസ്, ഡിവൈഎസ്‌പി പി കെ സുധാകരൻ, സിഐ എം സുനിൽകുമാർ, എസ്ഐ രഞ്ജിത്ത് ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. 
ഇതിനിടെ മനുവിന്റെ ഫോണിലേക്ക്  കഴുത്ത് മുറിഞ്ഞ് ‘രക്തം ഒഴുകുന്ന’  സ്വന്തം ഫോട്ടോ മീനു  വാട്സാപ്പിൽ ഇട്ടതും പരിഭ്രാന്തി പരത്തി. പക്ഷേ അധികം വൈകാതെ  സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് സംഭവത്തിലെ കള്ളത്തരം പിടികൂടി. പരിക്കേറ്റാൽ ഉണ്ടാവുന്ന മുറിവല്ല ഇതെന്ന‌് പൊലിസ‌് കണ്ടെത്തിയത‌് സംഭവത്തിലെ തട്ടിപ്പ‌് വെളിച്ചത്ത‌് കൊണ്ടുവരാനിടയാക്കി.  അടുപ്പമുള്ള യുവാവുമായുള്ള ധാരണയനുസരിച്ച‌് മീനു കളിച്ച നാടകമാണിതെന്ന‌് പൊലിസ‌് പറഞ്ഞു. അതിനിടയിൽ ചെറുപ്പക്കാരനും മീനുവും മകനും കോഴിക്കോട്ടേക്ക‌് ട്രെയിനിൽ പോയതായി കണ്ടെത്തി.  ഉച്ചയോടെ കോഴിക്കോട് റെയിൽവേ പൊലീസ് മീനുവിനെയും മകനെയും പ്രാപ്പൊയിൽ സ്വദേശി ചെറുനിലത്ത് കുട്ടന്റെ മകനും ചെറുപുഴ മഞ്ഞക്കാട് വെൽഡിങ്ങ‌് ഷോപ്പ് നടത്തുന്ന സി കെ ബിനു എന്നിവരെയും പിടികൂടി. ചിറ്റാരിക്കാൽ പൊലീസ് രാത്രിയോടെ കോഴിക്കോട് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top