21 September Friday

കാസർകോട്‌ ഗവ. കോളേജിൽ എസ്‌എഫ്‌ഐ നേതാക്കളെ എംഎസ്‌എഫുകാർ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018
കാസർകോട്‌
ഗവ. കോളേജിൽ എസ്‌എഫ്‌ഐ നേതാക്കളെ എംഎസ്‌എഫുകാർ ആക്രമിച്ചു. ചൊവ്വാഴ്‌ച പകൽ മൂന്നോടെയാണ്‌ സംഭവം. കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോളേജിലെത്തിയ എസ്‌എഫ്‌ഐ ഏരിയാപ്രസിഡന്റ്‌ കെ എച്ച്‌ സവാദിനെ ക്രൂരമായി മർദിച്ചു. ഒപ്പമുണ്ടായിരുന്ന ജില്ലാപ്രസിഡന്റ്‌ എം വി രതീഷിനെയും ജോയിന്റ്‌ സെക്രട്ടറി ഹബീബ്‌ റഹ്മാനെയും തടഞ്ഞുവച്ച്‌ കൈയേറ്റം ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ സവാദിനെ ചെങ്കള ഇ കെ നായനാർ സ്‌മാരക സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഎസ്‌എഫ്‌ പ്രവർത്തകരായ സിദ്ദിഖ്‌, അർഷാദ്‌, അറഫാത്ത്‌, ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. 
കോളേജ്‌ തുറന്നതുമുതൽ എംഎസ്‌എഫുകാർ ഒന്നാംവർഷ വിദ്യാർഥികളെ തെരഞ്ഞുപിടിച്ച്‌്‌ ക്രൂരമായ റാഗിങ്ങിനിരയാക്കുന്നുണ്ട്‌. ഇത്‌ ചോദ്യം ചെയ്യാൻ മുന്നോട്ടുവന്നത്‌ എസ്‌എഫ്‌ഐമാത്രമാണ്‌. പൂർവ വിദ്യാർഥി കൂടിയായ എസ്‌എഫ്‌ഐ ഏരിയാപ്രസിഡന്റ്‌  സവാദ്‌ സംഘടനാ പ്രവർത്തനത്തിനും മറ്റുമായി നിരന്തരം കോളേജിലെത്തുന്നത്‌ എംഎസ്‌എഫുകാരെ പ്രകോപിപ്പിച്ചിരുന്നു. പലതവണ ഇവർ സവാദിനെ ഭീഷണിപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ മാസം കോളേജിന്റെ ഔദ്യോഗിക കൊടിമരത്തിൽ പച്ചപ്പതാക ഉയർത്തുകയും പച്ച തോരണങ്ങൾകൊണ്ട്‌ അലങ്കരിക്കുകയുമുണ്ടായി. എസ്‌എഫ്‌ഐ പ്രവർത്തകർ പ്രിൻസിപ്പലിന്‌ പരാതി നൽകിയിരുന്നു. എന്നാൽ ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കാൻ പ്രിൻസിപ്പൽ തയ്യാറാകാത്തത്‌ എംഎസ്‌എഫുകാർക്ക്‌ പ്രചോദനമായി. എംഎസ്‌എഫ്‌ നടത്തുന്ന അക്രമങ്ങൾക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുെമതിരെ ശക്തമായ നിലപാടാണ്‌ എസ്‌എഫ്‌ഐ സ്വീകരിക്കുന്നത്‌.
കഴിഞ്ഞദിവസം ചുവന്ന ബാഗുമായി കോളേജിലെത്തിയതിന്‌ ഒന്നാംവർഷ വിദ്യാർഥിയായ ശ്രീരൂപിനെ എംഎസ്‌എഫുകാർ മർദിച്ചിരുന്നു.  ഇതിനെതിരെ പൊലീസിൽ പരാതിപ്പെട്ടതിന്‌ എംഎസ്‌എഫുകാർ വീണ്ടും ഭീഷണിയുയർത്തിയിരുന്നു. എംഎസ്‌എഫിന്റെ അധീനതയിലുണ്ടായിരുന്ന യൂണിയൻ ഭരണം കഴിഞ്ഞവർഷം എസ്‌എഫ്‌ഐ പിടിച്ചെടുത്തത്‌ മുതൽ കോളേജിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ്‌ ഇവർ നടത്തിയത്‌. വിദ്യാർഥികൾക്കിടയിൽ സ്വാധീനം കുറയുന്നത്‌ തിരിച്ചറിഞ്ഞ എംഎസ്‌എഫ്‌ നേതൃത്വം ആസൂത്രണം ചെയ്‌ത്‌ ക്യാന്പസുകളിൽ അക്രമം നടത്തുകയാണ്‌. യൂണിയൻ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി ഒപ്പംനിർത്താനുള്ള നീക്കമാണ്‌ എംഎസ്‌എഫ്‌ നടത്തുന്നത്‌. ക്യാന്പസിൽ സമാധാനാന്തരീക്ഷം നിലനിർത്തി വിദ്യാർഥികൾക്ക്‌ പഠിക്കാനുള്ള അവസരമൊരുക്കേണ്ടതിന്‌ പകരം കോളേജ്‌ അധികൃതരും അക്രമികൾക്കൊപ്പം നിൽക്കുകയാണ്‌.
കോളേജിൽ സംഘടനാപ്രവർത്തനം തടയുന്നതും വിദ്യാർഥികൾക്ക്‌ സമാധാനത്തോടെ പഠിക്കാനുള്ള സാഹചര്യം നിഷേധിക്കുന്നതും അവസാനിപ്പിക്കാൻ എംഎസ്‌എഫ്‌ തയ്യാറാകണമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top