20 November Tuesday

കാലവർഷം ജില്ലയിൽ 303 കോടിയുടെ നാശം

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018
കണ്ണൂർ
കാലവർഷക്കെടുതിയിൽ ജില്ലയിൽ വിവിധ മേഖലകളിലായി 303.295 കോടിയുടെ നാശനഷ്ടമുണ്ടായതായി കണക്കുകൾ. കാലവർഷം ശക്തമായതിനെത്തുടർന്നുണ്ടായ കാറ്റിലും മഴയിലുമാണ് ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായത്. 28 പേർ മഴക്കെടുതിയെ തുടർന്ന് മരിച്ചു. നിരവധി വീടുകളും കൃഷിയിടങ്ങളും റോഡുകളും നശിച്ചു. കെഎസ്ഇബി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും വലിയ തോതിലുള്ള നഷ്ടമാണ് മഴക്കെടുതിയിലുണ്ടായത്.
കാലവർഷം ആരംഭിച്ച മെയ് 29 മുതൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 113 വീടുകൾ പൂർണമായും 2625 വീടുകൾ ഭാഗികമായും തകർന്നു. 17,64,50,000 രൂപയുടെ നഷ്ടമാണ് വീടുകൾ തകർന്നതിലൂടെ മാത്രം ജില്ലയിൽ കണക്കാക്കിയത്. 
കാർഷികമേഖലയിൽ മാത്രം 27.79 കോടിയുടെ നാശനഷ്ടമുണ്ടായി. 991.8 ഹെക്ടർ കൃഷിയിടമാണ് കനത്ത മഴയിൽ നശിച്ചത്. നെല്ല്, വാഴ, കവുങ്ങ്, തെങ്ങ്, റബർ എന്നിവയെയാണ് കാലവർഷം പ്രധാനമായും ബാധിച്ചത്. കാറ്റിലും മഴയിലുമായി 566 ഹെക്ടറിലധികം നെൽകൃഷിയും 12.5 ഹെക്ടർ പച്ചക്കറി കൃഷിയും 279486 വാഴകൾ, 7606 കവുങ്ങുകൾ, 20110 റബർ, 4733 തെങ്ങ്, 3819 കശുമാവ്, 32.4 ഹെക്ടർ കപ്പ, 2303 കുരുമുളക്, 94 ജാതിക്ക എന്നിവയും നശിച്ചു.
മഴ ശക്തി പ്രാപിച്ചശേഷം ജില്ലയിലെ റോഡുകളിലും വലിയ തോതിലുള്ള നാശമുണ്ടായി. ദേശീയപാത 66 ൽ മാത്രം ഏകദേശം 42 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. കാലിക്കടവ് മുതൽ മാഹിപാലം വരെയുള്ള റോഡിന്റെ പുനരുദ്ധാരണത്തിനു 42 കോടി രൂപ വേണ്ടിവരുമെന്ന് നാഷണൽ ഹൈവേ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ മറ്റു റോഡുകളിൽ 601. 827 കി.മീ റോഡിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിന് ഏകദേശം 186.25 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മരങ്ങൾ കടപുഴകിവീണും റോഡരികിലുള്ള മണ്ണ് ഒലിച്ച് പോയുമാണ് കൂടുതൽ നാശം ഉണ്ടായിരിക്കുന്നത്. ഇതിനു പുറമെ 14 പാലങ്ങളുടെ അറ്റകുറ്റപ്പണിക്കായി 1.2 കോടി രൂപയും ആറു പാലങ്ങളുടെ പുനർ നിർമാണത്തിന് 21 കോടി രൂപയും ഒരു പാലത്തിന്റെ അനുബന്ധ റോഡിന്റെ നവീകരണത്തിനായി രണ്ടുകോടി രൂപയും വേണ്ടിവരുമെന്ന് നിരത്തുകളും പാലങ്ങളും വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.  
കനത്ത മഴയിൽ മൈനർ ഇറിഗേഷൻ ഡിപ്പാർട്മെന്റിനും വാട്ടർ അതോറിറ്റിയ്ക്കും നാശമുണ്ടായി. ഏകദേശം 26 ലക്ഷം രൂപയുടെ നഷ്ടമാണ് മൈനർ ഇറിഗേഷൻ വകുപ്പ് ഇതുവരെ കണക്കാക്കിയത്. വാട്ടർ പൈപ്പുകൾക്കും പമ്പ് ഹൗസുകൾക്കും മറ്റും കേടുപാട് സംഭവിച്ചതും വരുമാനനഷ്ടവും ഉൾപ്പെടെ 30 ലക്ഷം രൂപയുടെ നഷ്ടം വാട്ടർ അതോറിറ്റിക്കുണ്ടായതായാണ് പ്രാഥമിക കണക്കുകൾ. കാലവർഷത്തിന്റെ ആദ്യഘട്ടത്തിൽ ജൂലൈ 20 വരെ ജില്ലയിൽ രണ്ട് സർക്കിളുകളിലുമായി 4.85 കോടി രൂപയുടെ നഷ്ടം കെഎസ്ഇബിക്കുണ്ടായി. അതിനു ശേഷമുണ്ടായ നഷ്ടം കണക്കാക്കിവരുന്നതേയുള്ളൂ.
പ്രധാന വാർത്തകൾ
Top