26 September Wednesday

ആരോഗ്യ കേരളത്തിന്‌ പിന്തുണയുമായി ഡോക്ടേഴ‌്സ‌് മീറ്റ‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

 ആരോഗ്യ കേരളത്തിന്‌ 

പിന്തുണയുമായി ഡോക്ടേഴ‌്സ‌് മീറ്റ‌്
കണ്ണൂർ
ആരോഗ്യമേഖലയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകിക്കൊണ്ട് ഡോക്ടേഴ്സ് മീറ്റ‌്. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി  ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ സാന്നിധ്യത്തിലാണ് മീറ്റ് സംഘടിപ്പിച്ചത്.  ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ആർദ്രം മിഷൻ വിജയിപ്പിക്കാനുള്ള പൂർണ പിന്തുണ ഉദ്ഘാടന പ്രസംഗത്തിൽ  മന്ത്രി അഭ്യർഥിച്ച‌ു. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ ശാസ്ത്രബോധത്തോടെയുള്ള ക്രിയാത്മക ഇടപെടൽ ഡോക്ടർമാരുടെ ഭാഗത്തുനിന്ന‌് ഉണ്ടാവണം.   
ഫെഡറൽ വ്യവസ്ഥയുടെ അന്തസത്തപോലും ഇല്ലാതാക്കി, കേരളംപോലുള്ള സംസ്ഥാനങ്ങളെ സഹായിക്കുന്നതിനുപകരം ഞെരിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ബിജെപി സർക്കാർ കൊട്ടിഘോഷിച്ച‌് പ്രഖ്യാപിക്കുന്ന പദ്ധതികളൊന്നും  നടപ്പാക്കാൻ അവർക്ക് താൽപര്യമില്ല. പ്രഖ്യാപിക്കുന്നതല്ല പിന്നീട് സംഭവിക്കുന്നത്. ഭിന്നശേഷിക്കാർക്കുള്ള ഇൻഷുറൻസ് പദ്ധതിയിൽ ഒരുലക്ഷം സംസ്ഥാന സർക്കാർ അടച്ചാൽ ഒരുലക്ഷം കേന്ദ്രം നൽകുമെന്നാണ് പ്രഖ്യാപിച്ചത്. കേരളം 3.37കോടി ഇൻഷുറൻസ് കമ്പനിയിൽ അടച്ചെങ്കിലും നടപ്പാക്കാൻ കേന്ദ്രം തയ്യാറായില്ല. പണം തിരിച്ചുനൽകിയതുമില്ല. അങ്കണവാടികൾക്ക് 90 ശതമാനം ഫണ്ട് കേന്ദ്രവും 10 ശതമാനം സംസ്ഥാന സർക്കാരും വഹിക്കണമെന്നാണ് നിശ്ചയിച്ചത്. അതിപ്പോൾ സംസ്ഥാനം  75 ശതമാനം വഹിക്കണമെന്നാക്കി. നാഷണൽ ഹെൽത്ത‌് മിഷൻ നിശ്ചലമാകുന്ന അവസ്ഥയാണ്. കേന്ദ്രം 90, സംസ്ഥാനം10 ശതമാനം എന്ന അനുപാതത്തിലായിരുന്നു തുടക്കം. അതിപ്പോൾ 60‐ 40 എന്ന അനുപാതത്തിലാക്കി. ജിഎസ്ടി നടപ്പാക്കിയതിലും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത്. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനങ്ങൾക്കുണ്ടാകുന്നത്. തുടങ്ങിവച്ച പദ്ധതികൾപോലും നടപ്പാകുമോ എന്ന ആശങ്ക. ഇത്തരം കാര്യങ്ങൾ ജനങ്ങളോട് പറയാനും പ്രതികരിക്കാനും ഡോക്ടർമാർ തയ്യാറാവണം.  
എൽഡിഎഫ് സർക്കർ നടപ്പാക്കുന്ന നാല് മിഷനുകൾ സംസ്ഥാനത്ത്  വലിയ മാറ്റത്തിനാണ് വഴി തുറക്കുന്നത്.  ആർദ്രം മിഷനിലുടെ പ്രൈമറി ഹെൽത്ത‌് സെന്ററുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാവുകയാണ്.  ജില്ലാ ആശുപത്രികളുടെ മുഖഛായ രണ്ടുവർഷംകൊണ്ട് മാറും. നീപ പടരുന്നത് തടയാൻ സാഹസിക പ്രവൃത്തിയാണ് സംസ്ഥാനം നടത്തിയത്. ആരോഗ്യമേഖലയിലെ എല്ലാ വിഭാഗങ്ങളും യോജിച്ചു പ്രവർത്തിക്കണമെന്നും അഭ്യർഥിച്ചു. തൃശൂരിൽ സ്പോർട്സ് ആയുർവേദ കേന്ദ്രം, കണ്ണൂരിൽ ഹോമിയോ ജനനി ആശുപത്രി, സമ്പൂർണ ട്രോമാ കെയർ പദ്ധതി  എന്നിവ ഉടൻ ആരംഭിക്കും‐ മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയിലെ മാറ്റങ്ങളും പ്രശ്നങ്ങളും വിശദമായി ചർച്ചചെയ്തു.  ഡോക്ടർമാരുടെ സർവീസ് പ്രശ്നങ്ങളടക്കം ചർച്ചയായി.  ഡോ. ബാലകൃഷ്ണപൊതുവാൾ അധ്യക്ഷനായി. 
സാന്ത്വന സംഘടനയായ ഐആർപിസിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ച  എ കെ ജി ആശുപത്രി പ്രസിഡന്റ് എം പ്രകാശൻ സാന്ത്വന സംഘടനക്ക് ഡോക്ടർമാരുടെ സഹകരണം  തേടി. റബ്‌കോ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എൻ ചന്ദ്രൻ, ടി കെ ഗോവിന്ദൻ എന്നിവരും പി സന്തോഷും പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
Top