17 November Saturday

മഞ്ഞപ്പിത്തവും വയറിളക്കരോഗങ്ങളും പടരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018
കണ്ണൂർ 
ജില്ലയിൽ മഞ്ഞപ്പിത്തവും വയറിളക്കരോഗങ്ങളും പടരുന്നു. വേങ്ങാട‌് ഭാഗത്ത‌് പതിനാറോളം പേർക്ക‌ാണ‌് വ്യാഴാഴ‌്ച മഞ്ഞപ്പിത്തം റിപ്പോർട്ട‌് ചെയ‌്തത‌്. ഇവിടെയുള്ള വെള്ളം പരിശോധനയ‌്ക്ക‌് അയച്ചിട്ടുണ്ട‌്. കിണറുകളിൽ ക്ലോറിനേഷൻ നിർബന്ധമായും ചെയ്യണമെന്ന‌് ആരോഗ്യ വകുപ്പ‌് നിർദേശം നൽകിയിട്ടുണ്ട‌്. വ്യക്തിശുചിത്വത്തോടൊപ്പം ഭക്ഷ്യവിൽപനവിതരണ കേന്ദ്രങ്ങളും  ജാഗ്രതപാലിക്കണമെന്ന‌് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായ‌്ക‌് അറിയിച്ചു. 
 കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. ഭക്ഷണ വില്പന ശാലകളിൽ നന്നായി തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാൻ നൽകാവൂ. വാഷ് ബേസിനുകൾക്ക് സമീപം സോപ്പോ ഹാൻഡ് വാഷിങ്ങ് ലോഷനോ നിർബന്ധമാണ‌്. ഹോട്ടൽ, ബേക്കറി തൊഴിലാളികളുടെ ശുചിത്വം ഉറപ്പുവരുത്തണം. ഭക്ഷ്യവസ്തുക്കൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. 
പകർച്ചവ്യാധികൾ ബാധിച്ചവരെ ജോലിക്ക് നിയോഗിക്കരുത്. പഴകിയ ഭക്ഷണസാധനങ്ങളുടെ പുനരുപയോഗം തടയുക, കുടിവെള്ള സ്രോതസ്സിനടുത്തുനിന്നും കുളിക്കുകയോ അലക്കുകയോ കന്നുകാലികളെ കുളിപ്പിക്കുകയോ ചെയ്യാതിരിക്കുക , വഴിയോരങ്ങളിൽ തുറന്നുവച്ച ആഹാരപദാർഥങ്ങൾ കഴിക്കാതിരിക്കുക. ഹരിത പെരുമാറ്റച്ചട്ടം പാലിക്കുക, സ്ഥാപനത്തിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ അതാത് ദിവസം തന്നെ സുരക്ഷിതമായി നീക്കംചെയ്യുക എന്നിവ കർശനമായി പാലിക്കണമെന്ന‌് ആരോഗ്യവകുപ്പ‌് മുന്നറിയിപ്പ‌് നൽകി. 
വയറിളക്കരോഗങ്ങൾക്ക് പാനീയ ചികിത്സയാണ്  ഫലപ്രദം. ഒആർഎസ്  പാക്കറ്റുകൾ അങ്കണവാടികൾ, കുടുംബക്ഷേമകേന്ദ്രങ്ങൾ, സർക്കാർ ആശുപത്രികൾ  എന്നിവിടങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും. 
ജില്ലയിൽ ഇതുവരെ 235പേർക്കാണ‌് ഡെങ്കിപ്പനി സ്ഥിരീകരിച്ചത‌്. 14പേർ സംശയത്തിന്റെ നിഴലിലാണ‌്. മലയോരപ്രദേശമായ ഉളിക്കൽ, കൊട്ടിയൂർ ഭാഗത്താണ‌് കൂടുതലായും പനി റിപ്പോർട്ട‌് ചെയ്യുന്നത‌്. ഡ്രൈഡേ ആചരണം ഫലപ്രദമാക്കുന്നതിനും ആരോഗ്യജാഗ്രത ശക്തമാക്കുന്നതിനും ആരോഗ്യവകുപ്പ‌് നടപടി സ്വീകരിച്ചു കഴിഞ്ഞു.
പ്രധാന വാർത്തകൾ
Top