26 September Wednesday

ദുരിതാശ്വാസത്തിന‌് ജില്ലയിൽനിന്നും ഇതുവരെ 177ടൺ അരി

സ്വന്തം ലേഖികUpdated: Tuesday Aug 28, 2018
കണ്ണൂർ
പ്രളയം കവർന്ന കൂടപ്പിറപ്പുകളുടെ ജീവിതത്തിന് കൈത്താങ്ങാകാൻ ചെറുതും വലുതുമായ ഒരുപാട് സഹായങ്ങൾ ഒഴുകുന്നു. ഒരുപാട് പേർക്കുള്ള അന്നവും വെള്ളവുമായി കലക്ടറേറ്റിൽനിന്ന‌് ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്നു. സമയം  നോക്കാതെ ജീവനക്കാരും വളണ്ടിയർമാരും സാധനങ്ങൾ തരംതിരിച്ച് പാക്ക്ചെയ്യുന്നു. 
 കേരളം പുനർനിർമിക്കുന്നതിന് ആവശ്യമായ സഹായഹസ്തങ്ങൾ കൂടുതലായും അയച്ചത്.  വയനാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, മലപ്പുറം എന്നിവിടങ്ങളിലേക്കാണ്. 
ഏഴു ജില്ലകളിലേക്കായി ഇതുവരെ 177 ടൺ അരിയാണ് കയറ്റിയയച്ചത്. 7353 ബോക്സുകളിലായി കുടിവെള്ളവും കയറ്റിയയച്ചു. പ്രളയദുരിതം ഏറ്റവും കാഠിന്യമേറിയ ദിനങ്ങളിൽ കുപ്പിവെള്ളവും റെഡി ഇറ്റ് ഫുഡും കണ്ണൂർ വിമാനത്താവളം വഴി നേവിയുടെ വിമാനത്തിൽ കയറ്റി അയച്ചിട്ടുണ്ട്. 889 ബോക്സ് ബിസ്കറ്റുകളാണ് കയറ്റിയയച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യം വേണ്ട ബ്ലാങ്കറ്റ്, പുതപ്പ്, ബെഡ്ഷീറ്റ്, സാനിറ്ററി ഉൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയും ജില്ലയിൽനിന്ന‌് അനസ്യൂതം പ്രവഹിച്ചു. 
 ലൈറ്റർ മുതൽ മൊബൈൽ ചാർജ് ചെയ്യാനുള്ള പവർബാങ്ക് വരെ വ്യക്തികൾ കലക്ടറേറ്റിൽ ഏൽപിക്കുന്നുണ്ട്. 
പഞ്ചസാര, 12,550കിലോഗ്രാം, ചെറുപയർ 3793 കിഗ്രാം, കടല 2772കി ഗ്രാം, പരിപ്പ് 2975കിഗ്രാം, ആട്ട 4639കി.ഗ്രാം, റവ 1775കിഗ്രാം, വൻ പയർ 900കിഗ്രാം, പാൽപൊടി 258കി.ഗ്രാം എന്നിങ്ങനെ അയച്ചിട്ടുണ്ട്. കൂടാതെ കറിപൗഡർ, പുട്ട്പൊടി, ഉപ്പ്, വെളിച്ചെണ്ണ, ഓയിൽ, മസാലപ്പൊടി, മുളക്പൊടി എന്നിവയും പച്ചക്കറികളും ദിവസവും അയക്കുന്നുണ്ട്. 
സറിലാക്കും പാമ്പേഴ്സും കളിപ്പാട്ടവും ഉൾപ്പെടെയുള്ള ബേബികിറ്റും  നാപ്കിനുകൾ, ഇന്നർവെയേഴ്സ്, തുണിത്തരങ്ങൾ തുടങ്ങിയവയും വിവിധ പാക്കുകളായി തരംതിരിച്ച് അയക്കുന്നുണ്ട്. സോപ്, ബ്രഷ്, പേസ്റ്റ് എന്നിവയടങ്ങിയ കിറ്റ് 1753 എണ്ണമാണ്  ഇതുവരെ അയച്ചത്. ഹോംകിറ്റ് 2885ഉം, 8.5ലക്ഷം രൂപ വില വരുന്ന മരുന്നുകളും റസ്ക്യൂകിറ്റ് 2695 എണ്ണവും ക്ലീനിങ‌് മെറ്റീരിയൽസ് 45ബോക്സും ഇതുവരെ നൽകിയിട്ടുണ്ട്.
ബക്കറ്റ്, ബാസ്കറ്റ് കിറ്റ്, ഷീറ്റ്, വേസ്റ്റ്കൊട്ട, ഗ്ലൗസ്, വൈപ്പർ, ചൂൽ, ടോയ്ലറ്റ് ഐറ്റംസ്, ഫസ്റ്റ് എയ്ഡ് കിറ്റ് തുടങ്ങി നിരവധി വസ്തുക്കൾ ഇപ്പോഴും കലക്ടറേറ്റിലേക്ക് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നു.  വയനാട്ടിലെ വീട് നഷ്ടപ്പെട്ടവർക്കായി 10 ടൺ ടാർപോളിനും മൂന്ന് ലോഡ് വിറകും കഴിഞ്ഞ ദിവസം കയറ്റിഅയച്ചിരുന്നു. ഇതുവരെ ജില്ലയിൽനിന്ന‌് 83ലോഡ് കയറ്റി അയച്ചിട്ടുണ്ട്.
പ്രധാന വാർത്തകൾ
Top