20 September Thursday

അപകടം കണ്ണിൽനിന്ന‌് മായുന്നില്ല; അവർ തേടുന്നത‌് നന്മനിറഞ്ഞ ഒട്ടോ ഡ്രൈവറെ

സ്വന്തം ലേഖകൻUpdated: Tuesday Aug 28, 2018

 മയ്യിൽ

പിതാവിന്റെ മരണവും തങ്ങൾ നേരിട്ട അപകടവും ഏൽപിച്ച ഞെട്ടലിനിടയിലും അവർ തേടുന്നത് നന്മനിറഞ്ഞ ഓട്ടോറിക്ഷക്കാരനെ. ഒരു പക്ഷേ അയാൾ എത്തിയില്ലായിരുന്നുവെങ്കിൽ തങ്ങളിലെത്രയാളുകൾ അവശേഷിക്കുമെന്ന കാര്യത്തിൽപോലും അജിത്തിനും കുടുംബത്തിനും സംശയം. ഓണനാളിൽ പള്ളിക്കുന്നിൽ  ഗ്യാസ് ടാങ്കർ ഇടിച്ചുതകർത്ത കാറിലെ യാത്രക്കാരായിരുന്നു അവർ. ശനിയാഴ്ച പുലർച്ചെയായിരുന്നു കൂറ്റൻ ഗ്യാസ് ടാങ്കർ ഇവർ സഞ്ചരിച്ച കാറിന് മുകളിൽ വന്നു വീണത്. ഗ്യാസ് ടാങ്കർ മറിഞ്ഞതോടെ എന്തും സംഭവിക്കാമെന്ന ഭീകരത. അതിനിടയിൽ തങ്ങളെ ആരും ശ്രദ്ധിച്ചിെല്ലന്ന് ഈ കുടുംബം പറയുന്നു. കൂറ്റൻ ടാങ്കർ പതിച്ചു ചതഞ്ഞ കാറിനുള്ളിൽ പെട്ട് ചോരയിൽ മുങ്ങിക്കുളിച്ച് ചേതനയറ്റ നിലയിൽ  അരമണിക്കൂറോളം ഇവർ കഴിയുകയായിരുന്നു. ഊരും പേരുമറിയാത്ത ഒരു ഓട്ടോ ഡ്രൈവറാണ് തങ്ങളെ കാറിൽനിന്ന് പുറത്തെടുത്തത്. അയാൾ തന്നെ ഓട്ടോറിക്ഷയിൽ കയറ്റി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.അടിയന്തരചികിത്സ നൽകാനും അയാൾ ഉണ്ടായിരുന്നു. പിന്നീട് സമചിത്തത വീണ്ടെടുത്തപ്പോൾ ആശുപത്രിയും പരിസരവും ആ നല്ലവനായ ഒാട്ടോ ഡ്രൈവറെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല﹣  അവർ പറയുന്നു.
വർഷങ്ങളായി കോയമ്പത്തൂരിൽ സ്വർണപ്പണി ചെയ്ത് കഴിയുകയാണ് അജിത്തും ഭാര്യ ബിന്ദുവുമടങ്ങുന്ന കുടുംബം. പിരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അസുഖബാധിതനായി കഴിയുന്ന ഭാര്യാപിതാവ് കല്ലായി വിജയനെ കാണാനായിരുന്നു അജിത്തും കുടുംബവും വെള്ളിയാഴ്ച കണ്ണൂരിലേക്ക് തിരിച്ചത്.ശനിയാഴ്ച പുലർച്ചെ പള്ളിക്കുന്ന് വച്ച് ഇവർ സഞ്ചരിച്ച കാറിന്മുകളിൽ  ഗ്യാസ് ടാങ്കർ ലോറി നിലതെറ്റി വന്നു ഇടിച്ചതോടെ യാത്രാ ഉദ്ദേശ്യമാകെ തകിടം മറിഞ്ഞു.അതിനിടയിൽ പിതാവിന്റെ മരണവാർത്തയാണ് അവരെ കാത്തിരുന്നത്. കാർ പൂർണമായും തകർന്നു. ജീവൻ തിരിച്ചുകിട്ടിയെന്നുമാത്രം. അപകടത്തിന്റെ ആഘാതം വിട്ടു മാറാതെ ആശുപത്രിയിൽനിന്ന് സ്വയം വിടുതൽ വാങ്ങി വിജയന്റെ മൃതദേഹം ഒരു നോക്കുകാണാൻ പോകേണ്ടിവന്നു. അജിത്തും ഭാര്യ ബിന്ദു, മക്കളായ ബിജിൻ, ജിതിൻ സഹോദരി അജിത, അവരുടെ മകൻ അരുൺ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. തലക്കും കൈക്കും നടുവിനും ഒക്കെ സാരമായി പരിക്കേറ്റ ഇവർക്ക് രണ്ടാഴ്ചയെങ്കിലും വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്.   അജിത്തിന് കണ്ണൂരിൽ  വീടോ സ്ഥലമോ ഇല്ല. സഹോദരി അജിതയും മകൻ അരുണും താമസിക്കുന്ന ചേലേരിയിലെ സ്കൂളിന് സമീപത്തെ വാടക വീട്ടിലാണിപ്പോൾ കഴിയുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top