21 November Wednesday

തലശേരിയുടെ മനസിനെ ചിന്തിപ്പിച്ച് സച്ചിദാനന്ദന്റെ കവിത വായന

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018
തലശേരി
തലശേരി ആർട്സ് സൊസൈറ്റി ഗ്യാലറിയിൽ കവി സച്ചിദാനന്ദന്റെ കവിത വായന. പതിനെട്ടാംവയസ്സിൽ എഴുതിയ ഓപ്പോൾ മുതൽ ഏറ്റവും പുതിയ രാഷ്ട്രീയ കവിതകൾ വരെ അദ്ദേഹം നിറഞ്ഞ സദസിന് മുന്നിൽ വായിച്ചു. രാജസഭയുടെ കൽപടവുകൾ തൊട്ടുവന്ദിച്ച് കടന്നുവന്ന മുട്ടാളന്മാരും നമ്മുടെ കുതിരകളെല്ലാം വീട്ടിൽ തിരിച്ചെത്തിയോ ബാബായെന്ന കത്വയിലെ പിഞ്ചുബാലികയുടെ ചോദ്യവും റോഹിൻഗ്യൻ അഭയാർഥികളുമെല്ലാം കേൾവിക്കാരുടെ മനസിനെ തീപിടിപ്പിക്കുന്ന ചിന്തകളായി. 
സ്റ്റീഫൻ ഹോക്കിങ്ങിന് സമർപ്പിച്ച കവിയായിരുന്നെങ്കിൽ, മുട്ടാളന്മാർ, ബാബായ്ക്ക് ഒരു കത്ത്,  ഒടുവിൽ ഞാൻ ഒറ്റയാകുന്നു, ദാരിദ്ര്യം, നിസ്സഹായത, ഇടങ്ങൾ, നിഘണ്ടു തുടങ്ങി നിരവധി കവിതകൾ വായിച്ചു. ഒരു മണിക്കൂറിലേറെ കവിത ചൊല്ലിയാണ് അവസാനിപ്പിച്ചത്. വർഷങ്ങൾക്ക് ശേഷമാണ് തലശേരിയിൽ വരുന്നതെന്ന് ആമുഖഭാഷണത്തിൽ സച്ചിദാനന്ദൻ പറഞ്ഞു. എൻ ശശിധരൻ അധ്യക്ഷനായി. പ്രേമൻ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
Top