20 September Thursday

ദുരിതാശ്വാസ ഫണ്ട്‌ ശേഖരണം നവമാധ്യമങ്ങളിലെ കള്ളപ്രചാരണം തിരിച്ചറിയണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018
കണ്ണൂർ 
പ്രളയബാധിതരെ സഹായിക്കുന്നതിന്  സിപിഐ എം ജില്ലാ കമ്മിറ്റി നടത്തിയ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലൂടെ ചിലർ നടത്തുന്ന കള്ളപ്രചാരണം  തിരിച്ചറിയണമെന്ന്‌  ജില്ലാസെക്രട്ടറി പി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പ്രസിദ്ധീകരിച്ച കണക്കിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. രണ്ടും രണ്ടു ദിവസത്തെ കണക്കാണ്.
ആഗസ്ത് 20 വരെ കണ്ണൂർ ജില്ലയിൽനിന്ന് ശേഖരിച്ച ഫണ്ടിന്റെ  കണക്കാണ്   സംസ്ഥാന കമ്മിറ്റി 21 ന് പ്രസിദ്ധീകരിച്ചത്. അന്നേ ദിവസംവരെ ജില്ലയിൽനിന്ന് 6,39,69,320 രൂപയാണ് ലഭിച്ചത്. ഈ തുകയാണ് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച കണക്കിലുള്ളത്. എന്നാൽ തുടർന്നും നിരവധി പേർ വിവിധ ഏരിയകളിലും ജില്ലാ കേന്ദ്രത്തിലും ഫണ്ട് ഏൽപ്പിക്കുകയുണ്ടായി. അധികം ലഭിച്ച തുകയുടെ വിശദാംശം കൂടി ചേർത്താണ്  22 ന് ജില്ലാ കമ്മിറ്റി പുതിയ കണക്ക് പ്രസിദ്ധീകരിച്ചത്. അതനുസരിച്ച്  ജില്ലയിൽ നിന്ന് 6,93,60,116 രൂപയാണ് പണമായും ചെക്കായും ഡിഡിയായും ലഭിച്ചത്. ഇപ്പോഴും സഹായം ലഭിച്ചുകൊണ്ടിരിക്കുന്നു.
ഏറ്റവും പുതിയ കണക്ക് പ്രകാരം (26 ന് വൈകിട്ട്  അഞ്ചുവരെ) 7,41,94,200   രൂപയാണ് ജില്ലയിൽ ലഭിച്ചത്. ഏരിയതിരിച്ച കണക്ക് ചുവടെ.
പയ്യന്നൂർ 76,81,083, പെരിങ്ങോം 46,62,410, ആലക്കോട് 14,67,577, ശ്രീകണ്ഠപുരം 27,15,191, തളിപ്പറമ്പ് 50,22,659, മാടായി 51,07,366, പാപ്പിനിശേരി 51,49,855, മയ്യിൽ 23,87,925, കണ്ണൂർ 52,54,714, എടക്കാട് 34,15,510, അഞ്ചരക്കണ്ടി 27,83,396, പിണറായി 60,15,254, തലശേരി 77,11,821, പാനൂർ 28,28,265, കൂത്തുപറമ്പ് 30,36,767, മട്ടന്നൂർ 47,49,603, ഇരിട്ടി 23,61,556, പേരാവൂർ 15,08578, ജില്ലാ കമ്മിറ്റി ഓഫീസിൽ നേരിട്ട് ലഭിച്ചത് 13,34,670.
ലോക്കൽ അടിസ്ഥാനത്തിൽ ശേഖരിച്ച പണവും ചെക്കും ഡിഡിയും അതാത് സ്ഥലങ്ങളിലെ ബാങ്കുകളും ട്രഷറികളും വഴിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഫണ്ട് ശേഖരണം മാത്രമല്ല അതോടൊപ്പം പുനരധിവാസ പ്രവർത്തനങ്ങളും പാർടി പ്രവർത്തകരും  ഡിവൈ എഫ്ഐ അടക്കമുള്ള വർഗ ബഹുജന സംഘടനകളും ഏറ്റെടുത്ത് നടത്തുന്നുണ്ട്.
ഏറ്റവും അഭിനന്ദനാർഹമായ പ്രവർത്തനമാണ് ജില്ലയിലെ പാർടി പ്രവർത്തകർ ഏറ്റെടുത്തത്. ജനങ്ങൾ രാഷ്ട്രീയ ഭേദമന്യേ സഹായങ്ങൾ നൽകി. ഈ അഭിനന്ദനീയമായ പ്രവർത്തനത്തോട് അസഹിഷ്ണുത പുലർത്തുന്നവരാണ് വ്യാജപ്രചാരണങ്ങൾക്ക് പിറകിൽ. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പ്രസ്‌താവനയിൽ അഭ്യർഥിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top