18 September Tuesday

വോളി താരം അനഘയ‌്ക്ക‌് വീടൊരുക്കാനുള്ള പ്രവർത്തനം തുടങ്ങി

സ്വന്തം ലേഖകൻUpdated: Friday Jul 27, 2018

ഇരിട്ടി

രാജ്യാന്തര വോളി താരം അനഘ രാധാകൃഷ‌്ണന‌് പുതിയ വീട‌് നിർമിക്കാനുള്ള ഡിവൈഎഫ‌്ഐയുടെ പ്രവർത്തനത്തിന‌് തുടക്കമായി.  ജില്ലാ സമ്മേളന ഭാഗമായാണ‌് വീട‌് നിർമിച്ചു നൽകുന്നത‌്. തായ‌്‌ലൻഡിൽ നടന്ന അണ്ടർ 17  ഏഷ്യൻ വോളിബോൾ ടൂർണമെന്റിൽ കണ്ണൂർ സ‌്പോർട‌്സ‌് ഡിവിഷനിലെ പതിനഞ്ചുകാരി അനഘ രാധാകൃഷ്‌ണൻ ബെസ‌്റ്റ‌് ബ്ലോക്കറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  വയത്തൂരിലെ  കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ സാമ്പത്തിക ക്ലേശം കാരണം അനഘക്കും കുടുംബത്തിനും  വാസയോഗ്യമായ വീടില്ലായിരുന്നു. 

ഒക്ടോബർ നാല‌് മുതൽ ആറ‌് വരെ  ഇരിട്ടിയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അനഘക്ക‌്  വീട‌് നിർമിച്ചു നൽകുമെന്ന‌് സംഘാടകർ പ്രഖ്യാപിച്ചിരുന്നു.  വയത്തൂരിലെ അനഘയുടെ തകർന്നു വീഴാറായ  വീട‌്  ജനകീയ കൂട്ടായ‌്മയിൽ പൊളിച്ചു നീക്കി.   ഞായറാഴ‌്ച പുതിയ വീടിന‌് കുറ്റിയടിക്കും.

 ബ്ലോക്കിലെ തെരഞ്ഞെടുക്കപ്പെട്ട 6000 വീടുകളിൽ ഹുണ്ടിക പെട്ടി സ്ഥാപിച്ച‌് ഇതിൽ നിക്ഷേപിക്കുന്ന തുക സമ്മേളന ചെലവിനും വീട‌് നിർമാണം ഉൾപ്പെടെയുള്ള  പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കും.

 വീട‌് നിർമാണത്തിന്റെ ഭാഗമായുള്ള സന്നദ്ധ പ്രവർത്തനത്തിൽ ബ്ലോക്ക‌് സെക്രട്ടറി കെ ജി ദിലീപ‌്, പി എ നോബിൻ, അനീഷ‌് ഉളിക്കൽ, രാജേഷ‌് താപ്രവൻ, പി എ ഉഷാദ‌്, വി എൻ ബാബുരാജ‌് എന്നിവർ നേതൃത്വം നൽകി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top