17 November Saturday

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ കുടിശ്ശിക 7.53 കോടി

സ്വന്തം ലേഖകൻUpdated: Saturday Aug 25, 2018

 കണ്ണൂർ

 ദേശീയ  തൊഴിലുറപ്പ് പദ്ധതിയിൽ നിശ്ചയിച്ചതിന്റെ ഇരട്ടിയോളം പണിയെടുത്തു. എന്നിട്ടും ഇത്തവണ ഓണത്തിന്  തൊഴിലാളികൾക്ക് പട്ടിണി  ബാക്കി. ജില്ലയിൽ 7.53 കോടി രൂപ കൂലിയിനത്തിലും അസംസ്കൃത സാധനങ്ങൾ വാങ്ങിയ ഇനത്തിലും ലഭിക്കാനുണ്ട്. പാവപ്പെട്ട കുടുംബങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷ പിന്തുണയോടെ മുൻ യുപിഎ സർക്കാർ നടപ്പാക്കിയത്. കേന്ദ്രത്തിൽ ബിജെപി  അധികാരത്തിൽ വന്നതോടെ  പദ്ധതി താളം തെറ്റി. തൊഴിലാളികൾക്ക് കൂലി കൃത്യസമയത്ത് ലഭിക്കാതായി. 
ജില്ലയിലെ 11 ബ്ലോക്കുകളിലും തൊഴിലാളികളുടെ കൂലിയിനത്തിൽ ലക്ഷങ്ങളാണ് ബാക്കി. തളിപ്പറമ്പിൽ 153.34 ലക്ഷവും പേരാവൂരിൽ 143.01 ലക്ഷവും ഇരിട്ടിയിൽ 104.36 ലക്ഷവുമാണ് നൽകാനുള്ളത്. എടക്കാട്  ﹣ 30.82 ലക്ഷം, ഇരിക്കൂർ 75.38 ലക്ഷം, കല്യാശേരി﹣ 28.26 ലക്ഷം, കണ്ണൂർ 12.62 ലക്ഷം, കൂത്തുപറമ്പ‌് 83 ലക്ഷം, പാനൂർ ﹣ 20.74 ലക്ഷം, പയ്യന്നൂർ 77.97 ലക്ഷം, തലശേരി ﹣ 24.29 ലക്ഷം എന്നിങ്ങനെയാണ് തൊഴിലാളികൾക്ക് ലഭിക്കാനുള്ള തുക.  ജില്ലയിൽ ആകെ ലഭിക്കാനുള്ള തുക 753.77 ലക്ഷം  വരും.ഇതിൽ അസംസ്കൃത വസ്തുക്കളുടെ കുടിശ്ശിക 255.59 ലക്ഷം. ബാക്കി കൂലിയിനത്തിൽ നൽകാനുള്ളതാണ്.   
സ്ത്രീകൾ ഭൂരിപക്ഷമുള്ള തൊഴിലുറപ്പ് സേന മാതൃകാപരമായ ഒട്ടേറെ പ്രവർത്തനം ഏറ്റെടുത്തു മുന്നോട്ടുപോകുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ ഈ ചതി.  കഴിഞ്ഞ വേനലിൽ തൊഴിലുറപ്പ് പദ്ധതിയിൽ ജലസ്രോതസ് സംരക്ഷണമായിരുന്നു പ്രധാനമായും ഏറ്റെടുത്തത്.  അതിന്റെ തുടർച്ചയെന്നോണം  നാടിനെ ഹരിതാഭമാക്കാനുള്ള പ്രവർത്തനം ഏറ്റെടുത്തു.  അതിന് പുറമേ സംസ്ഥാന സർക്കാരിന്റെ വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്ന ലൈഫ് മിഷനിലും  തൊഴിലാളികൾ  സേവനം നടത്തുന്നു. പുതിയ പദ്ധതികൾ ഏറ്റെടുത്ത‌് ക്രിയാത്മക പ്രവർത്തനങ്ങളിലേക്ക്് തിരിയുകയാണ് തൊഴിലാളികൾ. ഇതിനിടയിൽ പ്രതിഫലം വൈകുന്നത് തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്നു. കേന്ദ്ര സർക്കാർ തൊഴിലാളികൾക്ക് നേരിട്ട് കൂലി നൽകുന്ന രീതിയാണ്  തൊഴിലുറപ്പ് പദ്ധതിയിൽ. ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് എത്തും.  
ഈ സാമ്പത്തികവർഷം ജില്ലയിലെ 11 ബ്ലോക്കുകളിൽ 5,30,143 മനുഷ്യാധ്വാനമാണ്് ലക്ഷ്യമിട്ടത്.  തൊഴിലാളികൾ ചെയ്തു തീർത്തതാകട്ടെ 9,07,787 ഉം. നിശ്ചയിച്ചതിൽനിന്ന് 171 ശതമാനം അധികം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top