19 September Wednesday

ലോറി സമരം ജനജീവിതത്തെ ബാധിച്ചു തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 25, 2018
കണ്ണൂർ
 രാജ്യവ്യാപകമായി നടക്കുന്ന അനിശ്ചിതകാല ലോറി സമരം അഞ്ച് ദിവസം പിന്നിട്ടതോടെ ജില്ലയിൽ ജനജീവിതത്തെ ബാധിച്ചു തുടങ്ങി. വിപണികളിൽ അവശ്യ സാധനങ്ങളുടെ വരവ്കുറഞ്ഞു.എഫ്സിഐ ഗോഡൗണുകളിൽനിന്നുള്ള  റേഷൻ സധാനങ്ങളുടെ നീക്കവും നിലച്ചു. ബീവറേജസ് കോർപറേഷനിലേക്കും ലോറികളൊന്നും വന്നില്ല. പണിമുടക്കിന് അനുഭാവം പ്രകടപ്പിച്ച് നിർമാണ മേഖലയിലെ മിനിലോറികളും ടിപ്പറുകളും സർവീസ് നിർത്തിയതോടെ നിർമാണ സാധനങ്ങൾക്കും ക്ഷാമം നേരിട്ടു.  
പഴം പച്ചക്കറി, പല വ്യഞ്ജനങ്ങൾ എന്നിവക്ക് മാർക്കറ്റിൽ ക്ഷാമമുണ്ടായിട്ടില്ലെങ്കിലും പണിമുടക്കിന്റ പേരിൽ സാധനങ്ങൾക്ക് നേരിയ തോതിൽ വിലവർധിച്ചു തുടങ്ങി. ആന്ധ്ര, തമിഴ്നാട്, കർണാടക, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് സാധനങ്ങളുമായിവരുന്ന ലോറികൾ തടയുമെന്ന ഭയത്താൽ  കേരളത്തിലേക്ക് വരുന്നത് കുറഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അവശ്യസാധനങ്ങളുമായി  പണിമുടക്കിന് മുമ്പ് പുറപ്പെട്ട ഏതാനും ലോറികൾ മാത്രമാണ്  കണ്ണൂരിലെ വിപണികളിൽ ചൊവ്വാഴ്ച എത്തിയത്. ഇവിടെനിന്ന് സാധനങ്ങളൊന്നും കൊണ്ടുപോകാതെ കാലിയായാണ് അവയൊക്കെ തിരിച്ചുപോയത്. ലോറി സമരം ശക്തിപ്രാപിക്കുമന്നതിനാൽ ബുക്കിങ്ങ് നിർത്തിയതാണ് കാരണം.
കണ്ണൂർ ഹാജി റോഡിലെ മൊത്ത വ്യാപാര കേന്ദ്രത്തിൽ രണ്ട് ലോറി ഉള്ളിമാത്രമാണ് ചൊവ്വാഴ്ച എത്തിയത്. ഉള്ളിക്ക് കിലോവിന് നാല് രൂപ കഴിഞ്ഞ ദിവസത്തേക്കാൾ വർധിച്ചു.  സംസ്ഥാനത്ത്  രണ്ടര ലക്ഷംലോറികളിൽ 80 ശതമാനവും പണിമുടക്കിലാണെന്നാണ് സമരക്കാർ അവകാശപ്പടുന്നത്.  കണ്ണൂരിൽ സർവീസ് നടത്തിയിരുന്ന ആറായിരത്തിൽപരം ലോറികളിൽ ഭൂരിപക്ഷവും സമരത്തിലാണ്. മുഴപ്പിലങ്ങാട്, വളപട്ടണം എഫ്സി ഗുഡ്സ് ഷെഡ്ഡുകളിൽനിന്ന് ചൊവ്വാഴ്ച റേഷൻ സാധനങ്ങൾ കയറ്റി അയക്കാൻ സാധിച്ചില്ല. ടിപ്പർ ലോറികളും സമരത്തിലായതിനാൽ ചെങ്കൽ മേഖലകളും സ്തംഭിച്ചിച്ചു. പണിമുടക്ക് നീണ്ടാൽ അവശ്യ സാധനങ്ങളുടെ വിലകുത്തനെ ഉയരുമെന്ന ആശങ്ക വിപണികളിലുണ്ട്. 
ഡീസൽ വിലവർധന പിൻവലിക്കുക, റോഡുകൾ ടോൾ മുക്തമാക്കുക തുടങ്ങി അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 20 മുതലാണ് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് നേതൃത്വത്തിൽ പണിമുടക്ക് ആരംഭിച്ചത്.  ഈ സംഘടനയിൽ അഫിലിയേറ്റ് ചെയ്ത ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ നേതൃത്വത്തിലാണ് സംസ്ഥാനത്ത് പണിമുടക്ക്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top