16 November Friday

ജില്ലയിൽ 27.78 കോടിയുടെ കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018
കണ്ണൂർ 
ജില്ലയിൽ കാലവർഷക്കെടുതിയിൽ 27.78 കോടിയുടെ കൃഷി നശിച്ചതായി പ്രാഥമിക വിലയിരുത്തൽ. 990 ഹെക്ടറിലാണ് കൃഷിനാശമുണ്ടായത്. മലയോരത്താണ് കൂടുതൽ നാശം. മിക്കവരുടെയും കാർഷിക വിളകൾ പൂർണമായും നശിച്ചിട്ടുണ്ട്. 8619 കർഷകരുടെ വിളകളാണ് കനത്ത മഴയിലും ഉരുൾപൊട്ടലിലും നശിച്ചത്. 
ജില്ലയിൽ മലയോരത്താണ് കഴിഞ്ഞയാഴ്ച തുടർച്ചയായി പെയ്ത മഴ കനത്ത നാശം വിതച്ചത്. പലയിടത്തുമായി ഉണ്ടായ ഉരുൾപൊട്ടലും ഇതിന്റെ ഫലമായി പുഴകൾ ഗതിമാറി ഒഴുകിയതും കൃഷിനാശം വർധിപ്പിച്ചു. ജില്ലയിലെ മിക്ക പുഴകളും കരകവിഞ്ഞൊഴുകിയതിലൂടെ കൃഷിയിടങ്ങളെല്ലാം വെള്ളത്തിലായി. നെല്ലും പച്ചക്കറിയുമടക്കമുള്ളവ ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതോടെയാണ് നശിച്ചത്. ഓണവിപണി ലക്ഷ്യമിട്ടുള്ള പച്ചക്കറികൾ ഹെക്ടറുകളോളമാണ് വെള്ളത്തിനടിയിലായത്. മലയോരത്താവട്ടെ റബ്ബറടക്കമുള്ള ഇനങ്ങൾ നശിച്ചു. 2.79 ലക്ഷം വാഴകളാണ്  നിലംപൊത്തിയത്. ഇതിൽ ഭൂരിഭാഗവും കുലച്ച വാഴവാഴകളാണ്.  
നെൽകൃഷിയാണ് വൻതോതിൽ നശിച്ചത്. വിവിധയിടങ്ങളിലായി 566 ഹെക്ടർ നെൽകൃഷി നശിച്ചിട്ടുണ്ട്. മൊത്തം കൃഷിനാശത്തിന്റെ പകുതിയോളം വരുമിത്. 12.2 ഹെക്ടർ പച്ചക്കറിയും 32.4 ഹെക്ടർ മരച്ചീനിയും നശിച്ചു. ഒരു ഹെക്ടറിൽ ഇഞ്ചിയും അര ഹെക്ടറിൽ മഞ്ഞളും നശിച്ചു. 20,110 റബർ മരങ്ങൾ കാലവർഷത്തിൽ നാമാവശേഷമായി. ഉരുൾപൊട്ടലുണ്ടായ മേഖലകളിലാണ് റബർ കൃഷിയിൽ കാര്യമായ നാശമുണ്ടായത്. പലയിടങ്ങളിലും കൃഷി ചെയ്ത ഭൂമിപോലും കാണാനില്ലാത്ത സ്ഥിതിയാണ്. 7606 കവുങ്ങും 4733 തെങ്ങും 3819 കശുമാവും നശിച്ചു. 2303 കുരുമുളകാണ് കാലവർഷമെടുത്തത്. 
കൃഷിനാശത്തിന്റെ പ്രാഥമിക കണക്കെടുപ്പുമാത്രമാണ് പൂർത്തിയായത്. കൃത്യമായ കണക്ക് അടിയന്തരമായി സമർപ്പിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. മഴക്കെടുതിയുടെ ഫലമായുണ്ടാകാവുന്ന വിളനാശവും കർഷകർക്ക് ഇരുട്ടടിയാകും. കുരുമുളക് കർഷകരെയടക്കം ഈ വർഷത്തെ തുടർച്ചയായ മഴ പ്രതികൂലമായി ബാധിക്കുമെന്ന് കാർഷികമേഖലയിലെ വിദഗ്ധർ പറയുന്നു.
പ്രധാന വാർത്തകൾ
Top