13 November Tuesday
കണ്ണൂർ സർവകലാശാല

കെട്ടിട നിർമാണ ക്രമക്കേടിൽ തെളിയുന്നത് യുഡിഎഫ് ഭരണകാലത്തെ വൻ അഴിമതി

കെ ടി ശശിUpdated: Tuesday Jul 24, 2018
കണ്ണൂർ
കണ്ണൂർ സർവകലാശാല ആസ്ഥാനത്തെ മന്ദിര നിർമാണ അപാകം വിരൽചൂണ്ടുന്നത് യുഡിഎഫ് സിൻഡിക്കറ്റിന്റെ കാലത്തെ വൻ അഴിമതിയിലേക്ക്. അഡ്മിനിസ്ട്രേറ്റീവ്, ലൈബ്രറി കെട്ടിടങ്ങളുടെ നിർമാണത്തിലാണ് ഗുരുതര ക്രമക്കേട‌് കണ്ടെത്തിയത്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ സിൻഡിക്കറ്റ് തീരുമാനിച്ചിരിക്കയാണ്. തിരുവനന്തപുരം, തൃശൂർ എൻജിനിറിങ് കോളേജുകളിൽനിന്നുള്ള സ്ട്രക്ചറൽ എൻജിനിയറിങ് വിദഗ്ധർ ആഗസ്ത് 3, 4 തീയതികളിൽ പരിശോധന നടത്തും. കേരള സർവകലാശാല എൻജിനിയറിങ് വിഭാഗം മേധാവിയും സംഘത്തിലുണ്ടാകും.
സർവകലാശാല ആസ്ഥാനത്തിനായി താവക്കരയിൽ ആറു നിലകളുള്ള കെട്ടിടമാണ് വിഭാവനംചെയ്തിരുന്നത്. ഡോ. ഖാദർ മാങ്ങാട് വൈസ് ചാൻസലറായിരിക്കേ   മൂന്നു നിലകളിൽ തിടുക്കത്തിൽ പണി പൂർത്തിയാക്കി മാങ്ങാട്ടുപറമ്പിൽനിന്ന് ആസ്ഥാനം ഇവിടേക്കു മാറ്റുകയായിരുന്നു. 2016 ജൂലൈയിൽ എൽഡിഎഫ് സിൻഡിക്കറ്റ് നിലവിൽ വന്നശേഷം മൂന്നു നിലയുടെ മുകളിലേക്കു പണിയാൻ തീരുമാനിച്ച് പരിശോധന നടത്തിയപ്പോഴാണ് നിർമാണത്തിലെ അഴിമതിയും ക്രമക്കേടും വെളിപ്പെട്ടത്. മതിയായ പൈലിങ് നടത്താതെയാണ് കെട്ടിടം പണിതതെന്ന് പരിശോധനയിൽ കണ്ടെത്തി. മൂന്നു നിലയ്ക്കു മുകളിൽ പരമാവധി ഒന്നര നിലയേ പണിയാവൂ എന്നായിരുന്നു എൻജിനിയറിങ് വിദഗ്ധരുടെ ശുപാർശ.
ഇതിനെക്കാൾ ഗുരുതരമാണ് സെൻട്രൽ ലൈബ്രറി കെട്ടിടത്തിന്റെ സ്ഥിതി. 2010ൽ വി എസ് അച്യുതാനന്ദൻ സർക്കാരാണ് സെൻട്രൽ ലൈബ്രറി സ്ഥാപിക്കുന്നതിന് 25 കോടി രൂപ അനുവദിച്ചത്. വൈസ് ചാൻസലറായിരുന്ന ഡോ. മൈക്കിൾ തരകൻ നടത്തിയ ഇടപെടലിന്റെ ഫലമായാണ് ഈ പദ്ധതി അനുവദിച്ചത്. 22 കോടി കെട്ടടിടത്തിനും രണ്ടു കോടി ഫർണിച്ചറിനും ഒരു കോടി പുസ്തകങ്ങൾക്കുമാണ് അനുവദിച്ചത്. 2012 ഡിസംബർ 31ന് നിർമാണം പൂർത്തീകരിക്കുന്ന രീതിയിൽ അന്നത്തെ എൽഡിഎഫ് സിൻഡിക്കറ്റ് നടപടികൾക്കു തുടക്കം കുറിച്ചു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയാണ് ശിലാസ്ഥാപനം നിർവഹിച്ചത്. ചെന്നൈ ആസ്ഥാനമായ കമ്പനിക്കായിരുന്നു നിർമാണച്ചുമതല. 
2011 മേയിലെ സംസ്ഥാനത്തെ ഭരണമാറ്റത്തോടെ കാര്യങ്ങൾ  അവതാളത്തിലായി. ആ വർഷം ഡിസംബറിൽ ചുമതലയേറ്റ യുഡിഎഫ് സിൻഡിക്കറ്റ് താവക്കരയിൽ ആറുനില ആസ്ഥാനമന്ദിരം നിർമിക്കാൻ തീരുമാനിച്ച് തൃശൂർ ചാലക്കുടിയിലെ സ്വകാര്യ കമ്പനിയെ നിർമാണച്ചുമതല ഏൽപ്പിച്ചു. അതുവരെ നല്ല രീതിയിൽ നടന്നുവന്ന ലൈബ്രറി കെട്ടിടം പണി ആരും ശ്രദ്ധിക്കാതെയായി. 2012ൽ പൂർത്തിയാകേണ്ടിയിരുന്ന കെട്ടിടം പൂർത്തിയാകാതെ  2016 ഫെബ്രുവരി 29ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനംചെയ‌്തു. രൂപരേഖയിൽ വരുത്തിയ മാറ്റം കാരണം കെട്ടിടത്തിൽ വെള്ളവും വെളിച്ചവും ലഭിക്കുന്നില്ല. താഴത്തെ നിലയിലാണ് ഇപ്പോഴും വൈദ്യുതി കണക്ഷൻ. ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ഇനിയും ലഭിച്ചിട്ടില്ല. ലിഫ്റ്റിന്റെ പണിയും പാതിവഴിയിൽ. നിർമാണത്തിലെ അപാകം കാരണം പലസ്ഥലത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. 
കെട്ടിട നിർമാണത്തിൽ ക്രമക്കേടുള്ളതായി നേരത്തെ  ആക്ഷേപമുയർന്നിരുന്നു. ഇപ്പോഴത്തെ സിൻഡിക്കറ്റ് അംഗം എ നിശാന്ത് വിജിലൻസ് കോടതിയെയും സമീപിച്ചിരുന്നു. 2013‐14ലെ ലോക്കൽഫണ്ട് ഓഡിറ്റ് റിപ്പോർട്ടിലും ക്രമക്കേട് എണ്ണിപ്പറഞ്ഞു. ഇതെല്ലാം പൂർണമായും ശരിവയ്ക്കുകയാണ് കെട്ടിടങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top