24 September Monday

കണ്ണൂർ പൊലീസിന്റെ കൈത്താങ്ങ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
കണ്ണൂർ
പ്രളയ ദുരിതബാധിതരെ സഹായിക്കാൻ ജില്ലയിൽ പൊലീസ് അസോസിയേഷനും പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും ചേർന്ന് ശേഖരിച്ച നാലു ലോഡ് അവശ്യസാധനങ്ങൾ എറണാകുളത്തേക്കു കൊണ്ടുപോയി. ബുധനാഴ്ച വൈകിട്ട് ഐജി ഓഫീസ് പരിസരത്ത് മന്ത്രി ഇ പി ജയരാജൻ ഫ്ളാഗ് ഓഫ് ചെയ്തു.
 മാതൃകാ  പ്രവർത്തനമാണ് പ്രളയത്തെ നേരിടുന്നതിൽ കേരളത്തിലെ പൊലീസ് സേന കാഴ്ചവച്ചതെന്ന് ഇ പി ജയരാജൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനു പിന്നാലെ ദുരിതാശ്വാസപ്രവർത്തനങ്ങളിലും സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെടുന്നുവെന്നത് അഭിമാനകരമാണ്. ഇപ്പോഴാണ് കേരള പൊലീസ് ശരിക്കും ജനകീയ പൊലീസായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരി, മറ്റു ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം, വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ,  പുതപ്പുകൾ, പാത്രങ്ങൾ, ബക്കറ്റുകൾ, ക്ലീനിങ് സാധനങ്ങൾ തുടങ്ങിയവയാണ് ദുരിതമേഖലയിലേക്ക് അയച്ചത്. 'ദുരിത ബാധിതർക്ക് കണ്ണൂർ പൊലീസിന്റെ കൈത്താങ്ങ്' എന്ന പേരിൽ ജില്ലയിലെ വിവിധ പൊലീസ് യൂണിറ്റുകൾ മുഖേനയാണ് ഇവ ശേഖരിച്ചത്. രണ്ടു സംഘടനകളുടെയും നേതൃത്വത്തിൽ ശേഖരിച്ചതിനു പുറമെ ഔദ്യോഗികമായും കണ്ണൂർ പൊലീസ് വിപുലമായ ജീവകാരുണ്യപ്രവർത്തനമാണ് നടത്തിയത്. കഴിഞ്ഞദിവസം തലശേരിയിൽനിന്ന് ആറു ലോഡ് അവശ്യസാധനങ്ങൾ അയച്ചിരുന്നു. വ്യാഴാഴ്ച കണ്ണൂരിൽനിന്ന് പത്തു ലോഡുകൂടി അയക്കും. 
ചടങ്ങിൽ കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി വി രാജേഷ് അധ്യക്ഷനായി. കണ്ണൂർ ഡിവൈഎസ്പി പി പി സദാനന്ദൻ, എആർ അസിസ്റ്റന്റ് കമാൻഡന്റ് സി കെ വിശ്വനാഥ്, സംഘടനാ നേതാക്കളായ കെ രാജേഷ്, ടി പ്രജീഷ്, കെ ജി പ്രകാശ് കുമാർ എന്നിവർ സംബന്ധിച്ചു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി രമേശൻ സ്വാഗതം പറഞ്ഞു. 
പ്രധാന വാർത്തകൾ
Top