13 November Tuesday
ഒരുപങ്ക് അവർക്കും

ഓണം‐ബക്രീദ്‌ വിപണിയിൽ നന്മയുടെ ഇളം വെയിൽ

സ്വന്തം ലേഖകൻUpdated: Wednesday Aug 22, 2018

ഓണവിപണിയിലെ തിരക്ക്. കണ്ണൂർ നഗരത്തിലെ കാഴ്ച.

കണ്ണൂർ
മലയാളിയുടെ ഓണം‐ബക്രീദ്‌ ആഘോഷത്തിന് ഇത്തവണ പതിവ് പകിട്ടുണ്ടാകില്ല. എങ്കിലും, കുടുംബത്തിലൊതുങ്ങുന്ന വിശേഷദിവസത്തിന് നന്മയുടെ നിറവുണ്ടാകും.ഓണം‐ബക്രീദ്‌ വിപണിയിൽനിന്ന് വാങ്ങുന്ന സാധനങ്ങളിൽ ഒരുപങ്ക് മാറ്റി വയ‌്ക്കുന്നതാണ് കണ്ണൂരിലെ കാഴ്ച. മേളകളിൽനിന്ന് പ്രത്യേകം വാങ്ങുന്ന സാധനങ്ങളുമായി നേരെ കലക്ടറേറ്റിലേക്ക്. അതിൽ അരിയും സാധനങ്ങളുമുണ്ടാകാം. തുണിയും സ്റ്റേഷനറി സാധനങ്ങളുമാകാം. കാലവർഷത്തിന്റെ ദുരിതപ്പെയ്ത്തൊഴിഞ്ഞ് ഇളം വെയിലുദിക്കുമ്പോൾ ഓണവിപണിയും പതിയെ ഉണരുകയാണ്. ഇതോടെ ശക്തമായ ഗതാഗതക്കുരുക്കിനും നഗരം സാക്ഷിയായി.
മുമ്പായിരുന്നെങ്കിൽ ഓണത്തിരക്കിൽ നാടും നഗരവും വീർപ്പുമുട്ടുമായിരുന്നു. പ്രളയം കേരളത്തെ വിഴുങ്ങാനൊരുങ്ങിയപ്പോൾ ആഘോഷത്തിന് സ്വരൂപിച്ച തുക കാരുണ്യനിധിയിലേക്ക് നൽകിയാണ് നാടിന്റെ മാതൃക. ഓണത്തിന് വൻ കച്ചവടം പ്രതീക്ഷിച്ചിരുന്ന വ്യാപാരികളും തെരുവുകച്ചവടക്കാരുമാണ് തിരിച്ചടിയേറ്റതിൽ കൂടുതലും. ആഘോഷവേളകളിൽ ഇലക്ട്രോണിക്സ് സാമഗ്രികളുടെ വിൽപ്പനയിൽ റെക്കോഡുണ്ടാകും.  സൗജന്യനിരക്കും സമ്മാനങ്ങളുമായി ഉപഭോക്താക്കളെ ആകർഷിക്കുന്ന വ്യാപാരതന്ത്രങ്ങളും. ഇത്തവണ തുണിക്കടകളിൽപോലും തിരക്കില്ല. പരിമിതമായ തോതിലാണ് പലരും വസ്ത്രങ്ങൾ വാങ്ങുന്നത്. കണ്ണൂരിലെ കൈത്തറി, ഖാദി പ്രദർശനമേളകളിലും പതിവ് ആൾക്കൂട്ടമില്ല. 
ചെറുനഗരങ്ങളെയും ടൗണുകളെയും വീർപ്പുമുട്ടിച്ച് കേരളത്തിന് ഓണക്കോടിയുമായെത്തുന്ന മറുനാടൻ കച്ചവടക്കാരുടെയും എണ്ണം ഇക്കുറി കുറവാണ്. കുട്ടികൾക്കുള്ള കുപ്പായങ്ങളും സ്ത്രീകളുടെ വസ്ത്രങ്ങളുമാണ് തെരുവുകച്ചവടക്കാരുടെ ഇനം. ബെഡ്ഷീറ്, ലുങ്കി തുടങ്ങിയവയും കുറഞ്ഞ വിലയിൽ ലഭിക്കുമെന്നത് സാധാരണക്കാർക്കും തുണയാണ്.   മൈസൂരു, ഗുണ്ടൽപേട്ട് തുടങ്ങിയ കേന്ദ്രങ്ങളിൽനിന്ന് നൂറുകണക്കിന് ലോഡ് പൂക്കളാണ് കേരളത്തിൽ ഓണത്തിനായി എത്തിച്ചിരുന്നത്. ആഘോഷങ്ങൾ ഒഴിവാക്കിയതോടെ പൂക്കാരുടെ എണ്ണവും പരിമിതമായി. 
പെൻഷനും ബോണസും അടക്കമുള്ള ആനുകൂല്യങ്ങൾ സർക്കാർ ലഭ്യമാക്കിയതോടെ കണ്ണൂരിലേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങി. 
ഇതോടെ മിക്ക റോഡുകളും ഗതാഗതക്കുരുക്കിലായി. തളിപ്പറമ്പ്‐കണ്ണൂർ ദേശീയപാതയിൽ പുതിയതെരു മുതൽ കുരുക്ക് തുടങ്ങും. കണ്ണൂരിലെത്തിയാൽ വാഹനത്തിൽനിന്ന് നഗരത്തിന് പുറത്തുകടക്കണമെങ്കിൽ മണിക്കൂറുകൾ കഴിയും. ചൊവ്വാഴ്ച മുതൽ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണം ട്രാഫിക് വിഭാഗം തുടങ്ങിയിട്ടുണ്ട്. 
പ്രധാന വാർത്തകൾ
Top