14 November Wednesday
ആഗസ്തിൽ പ്രവർത്തനം ആരംഭിക്കും

ജില്ലയിലെ ആദ്യ മത്സ്യഫെഡ് ഡീസൽബങ്ക് അഴീക്കലിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

അഴീക്കൽ ഹാർബറിൽ നിർമാണം പൂർത്തിയാകുന്ന മത്സ്യഫെഡിന്റെ ഡീസൽബങ്ക്.

 

സ്വന്തം ലേഖകൻ
കണ്ണൂർ
അഴീക്കലിൽ മത്സ്യബന്ധനബോട്ടുകളിൽ ഇന്ധനം നിറയ്ക്കാൻ സർക്കാരിന്റെ ഡീസൽ ബങ്ക് ഒരുങ്ങുന്നു. അഴീക്കൽ ഹാർബറിനോട് ചേർന്നാണ് ബങ്കിന്റെ പ്രവൃത്തി പൂർത്തിയാകുന്നത്. മറ്റ് ജില്ലകളിൽ ഹാർബറുകളിൽ മത്സ്യഫെഡിന്റെ ഡീസൽ ബങ്കുകളുണ്ട്. ഇവിടെ സ്വകാര്യബങ്കുകളെയാണ് ഇന്ധനത്തിന് ആശ്രയിച്ചിരുന്നത്. ഈ സ്ഥിതിക്ക് പരിഹാരമുണ്ടാക്കാനാണ് ഫിഷറീസ് വകുപ്പിന്റെ ഇടപെടൽ. ബങ്ക് ആഗസ്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മത്സ്യഫെഡ് ജില്ലാ മാനേജർ ശ്യാം സുന്ദർ പറഞ്ഞു.
44,000 ലിറ്റർ സംഭരണശേഷിയുള്ളതാണ് ബങ്ക്. വലിയ ബോട്ടുകൾക്കും ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്കും ഇവിടെനിന്ന‌് ഡീസൽ നിറയ്ക്കാം. എച്ച്പിസിഎല്ലിന്റെ സഹകരണത്തോടെയാണ് ബങ്ക് ആരംഭിക്കുന്നത്. ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ അധീനതയിലുള്ള ഭൂമി വിട്ടുനൽകി. ടാങ്കും അനുബന്ധസംവിധാനങ്ങളും എച്ച്പിസിഎൽ ഒരുക്കി. ടാങ്കിന്റെ സ്റ്റാമ്പിങ് പ്രവൃത്തികളും സുരക്ഷാക്രമീകരണങ്ങളും അവസാനവട്ട മിനുക്കുപണികളും മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. സെയിൽസ്മാൻ, അസിസ്റ്റന്റ‌് സെയിൽസ്മാൻ, പ്രൊജക്ട് മാനേജർ എന്നിങ്ങനെ മൂന്ന് തസ്തികകളാണ് ഇവിടെയുണ്ടാകുക. പ്രധാനമായും മത്സ്യത്തൊഴിലാളികളെയാണ് ലക്ഷ്യമിടുന്നതെങ്കിലും മറ്റ് വാഹനങ്ങൾക്കും ഇവിടെനിന്ന‌് ഇന്ധനം നിറയ്ക്കാം. ഫിഷറീസ് വകുപ്പിന്റെ വാഹനങ്ങൾക്കും ബങ്ക് പ്രയോജനപ്പെടുത്താം. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top