15 November Thursday

നെല്ലിയോടിയിലെ വിള്ളലിന് കാരണം കനത്ത മഴയും മണ്ണിന്റെ ചരിവും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018
കണ്ണൂർ
കൊട്ടിയൂർ നെല്ലിയോടി കണ്ടപ്പുനം മേഖലയിൽ വിള്ളൽ രൂപപ്പെട്ട സ്ഥലം ജില്ലാ മൈനിങ‌് ആൻഡ് ജിയോളജി വിഭാഗം സന്ദർശിച്ചു. അതിശക്തമായ മഴയും പ്രദേശത്തെ ഭൂമിയുടെ ചെരിവും മണ്ണിന്റെ ഘടനയും കാരണമാണ് മേഖലയിൽ വിള്ളൽ രൂപപ്പെട്ടതെന്ന് ജിയോളജിസ്റ്റ് കെ ആർ ജഗദീശൻ അറിയിച്ചു. ഇതേക്കുറിച്ച് സെന്റർ ഫോർ എർത്ത് സയൻസിന്റെ വിശദ പഠനത്തിന‌് ശുപാർശ നൽകാനായി കലക്ടർക്ക് റിപ്പോർട്ട് നൽകും. പ്രദേശത്ത് മണ്ണിൽ പിടിച്ചുനിർത്താൻ കഴിയുന്നതിൽ കൂടുതൽ മഴവെള്ളം ഇറങ്ങിയതാണ് വിള്ളലിന് ഒരു കാരണമെന്ന് ജിയോളജിസ്റ്റ് അറിയിച്ചു. 35 ഡിഗ്രി ചരിവുള്ള സ്ഥലമാണിത്. അതിനാൽ താഴത്തെ ഭാഗത്തുനിന്ന് ഭൂഗുരുത്വാകർഷണം കാരണമുള്ള വലിവും ഉണ്ടാവും. ഇതിനാലാണ‌് വിള്ളൽ രൂപപ്പെടുന്നത്. 300 മുതൽ 400 മീറ്റർ വരെ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. വിള്ളൽ കുറേ ദൂരത്തേക്കുള്ളതിനാൽ പിന്നെയും വെള്ളം വരുമ്പോൾ ഒന്നിച്ച് ഇളകിപ്പോവും.  ഉരുൾപൊട്ടലിന്റെ തുടക്കമാണിതെന്ന് പറയാം. ഇവിടെ ഉരുൾപൊട്ടൽ ഉണ്ടാവുന്നത് ഇത്തവണ ആവണമെന്നില്ല. അടുത്ത തവണ വെള്ളം വരുമ്പോൾ മണ്ണ് ഇളകാനും സാധ്യതയുണ്ട്. വീടിന്റെ മുറ്റത്താണ് വിള്ളൽ രൂപപ്പെട്ടത്. ഒരു വീട് പൊളിഞ്ഞുവീണു.  മൂന്ന് വീടുകളുടെ ഭിത്തി തകർന്നിട്ടുണ്ട്. ഇതിന്റെ താഴെ ജനങ്ങൾ താമസിക്കാൻ പാടില്ല. മാറിത്താമസിച്ചവർ മഴ കഴിയുംവരെ തിരിച്ചു വരരുത്. വിള്ളൽ വീണ വീടുകളിലൊന്നും ഇനി താമസിക്കാനും പറ്റില്ല.  ജിയോളജിസ്റ്റ് അറിയിച്ചു.
ഇതിന്റെ ചുറ്റുപാടുനിന്നും കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്നു. യോഗത്തിൽ ജിയോളജിസ്റ്റ് സ്ഥിതിഗതി വിശദീകരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top