17 November Saturday

കാലവർഷം 48.5 കോടിയുടെ നാശനഷ്ടം

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018
കണ്ണൂർ
കാലവർഷക്കെടുതിയിൽ ജില്ലയിൽ വിവിധ മേഖലകളിലായി 48.54 കോടിയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകൾ. കാറ്റിലും മഴയിലുമാണ്  വ്യാപക നാശനഷ്ടമുണ്ടായത്.  16 പേർക്ക് മഴക്കെടുതിയുടെ ഭാഗമായി ജീവൻ നഷ്ടമായി. നിരവധി വീടുകളും കൃഷിയിടങ്ങളും റോഡുകളും നശിച്ചു. ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി വിതരണ ശൃംഖലയ്ക്കുണ്ടായ തകരാറുകളെ തുടർന്ന് കോടികളുടെ നഷ്ടമാണ്  കെഎസ‌്ഇബിക്കുണ്ടായത്. 
പൂർണമായി തകർന്നത് 
30 വീട‌്, ഭാഗികമായി 
തകർന്നവ 1269 
ഇത്തവണ കാലവർഷം ആരംഭിച്ച മെയ് 29 മുതൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 30 വീടുകൾ പൂർണമായും 1269 വീടുകൾ ഭാഗികമായും തകർന്നു. 3.5 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായതായി കണക്കാക്കിയത്. ഇരിട്ടി മേഖലയിലാണ് എറ്റവും കൂടുതൽ വീട‌് തകർന്നത്. ഇവിടെ 23 വീടുകൾ പൂർണമായും 247 വീടുകൾ ഭാഗികമായും തകർന്നു. കണ്ണൂർ താലൂക്കിൽ 400 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. തലശേരി താലൂക്കിൽ 184 വീടുകൾ ഭാഗികമായും തളിപ്പറമ്പ് താലൂക്കിൽ 5 വീടുകൾ പൂർണമായും 240 വീടുകൾ ഭാഗികമായും തകർന്നു. പയ്യന്നൂർ താലൂക്കിൽ 198 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. ഇതിനുപുറമെ കിണറുകൾ, തൊഴുത്തുകൾ എന്നിവയും തകർന്നു.
14.24 കോടിയുടെ 
കൃഷി നാശം
മഴയെത്തുടർന്ന് 3749 കർഷകർക്ക് 14.24 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ജില്ലയിലുണ്ടായത്. 215 ഹെക്ടർ കൃഷിയിടം നശിച്ചു. നെല്ല്, വാഴ, കവുങ്ങ്, തെങ്ങ്, റബർ എന്നിവയെയാണ് കാലവർഷം പ്രധാനമായും ബാധിച്ചത്. കാറ്റിലും മഴയിലുമായി 52 ഹെക്ടറിലധികം നെൽകൃഷിയും 2.4 ഹെക്ടർ പച്ചക്കറി കൃഷിയും നശിച്ചു. 1,33,881 വാഴകൾ, 3040 കവുങ്ങുകൾ, 8623 റബർ, 2273 തെങ്ങ്, 1852 കശുമാവ്, 4 ഹെക്ടർ കപ്പ, 480 കുരുമുളക്, 40 ജാതിക്ക എന്നിവയും നശിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
റോഡുകൾ 
പൂർവസ്ഥിതിയിലാക്കാൻ 
വേണ്ടത് 26 കോടി
മഴ ശക്തി പ്രാപിച്ചതോടെ  റോഡുകൾക്കും വലിയ നാശനഷ്ടമാണുണ്ടായത്. ഇവ പൂർവ സ്ഥിതിയിലാക്കാൻ 26 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. ദേശീയപാത 66 ൽ മാത്രം 18 കോടി രൂപയുടെ നാശ നഷ്ടമുണ്ടായതായി എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ജൂൺ, ജൂലൈ മാസങ്ങളിലായി കാലിക്കടവുമുതൽ വേളാപുരംവരെയും താണമുതൽ ധർമടംവരെയുമുള്ള ദേശീയപാത ഭാഗികമായി തകർന്നു.  ഇതിൽ താണമുതൽ ധർമടംവരെയുള്ള ഭാഗം 70 ശതമാനത്തോളം പൂർണമായും തകർന്നിട്ടുണ്ട്. 
ഇതിനുപുറമേ പൊതുമരാമത്ത് വകുപ്പിന്റെ മറ്റു റോഡുകളിൽ 7.99 കോടിയുടെ നഷ്ടവും കണക്കാക്കുന്നു. എടയാർ‐ ആലച്ചേരി റോഡിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഈ റോഡ് പൂർവ സ്ഥിതിയിലാക്കാൻ മാത്രം രണ്ടുകോടി രൂപ വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. തളിപ്പറമ്പ്‐ ഇരിട്ടി റോഡിൽ ഇരിക്കൂർ പാലത്തിനുസമീപം 175 മീറ്റർ റോഡിൽമാത്രമായി ഒരുകോടി രൂപയുടെ നഷ്ടമുണ്ടായി. മരങ്ങൾ കടപുഴകിവീണും ടാർ റോഡ് അരികിലുള്ള മണ്ണ് ഒലിച്ച് പോയുമാണ് കൂടുതൽ നാശനഷ്ടമുണ്ടായത്.
കെഎസ്ഇബിക്ക് 
നഷ്ടം 4.85 കോടി
വൈദ്യുതി വിതരണ ശൃംഖലയ്ക്കുണ്ടായ തകരാറുകളെത്തുടർന്ന് കെഎസ്ഇബിയ്ക്കും രണ്ട് സർക്കിളുകളിലുമായി  4.85 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് കണ്ണൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ അറിയിച്ചു. 1.8 ലക്ഷത്തിലേറെ ഉപഭോക്താക്കളെ ഇത് ബാധിച്ചു. 336 ഹൈ ടെൻഷൻ പോസ്റ്റുകളും 2306 ലോ ടെൻഷൻ പോസ്റ്റുകളും ആറു ട്രാൻസ്ഫോമറുകളും തകർന്നു. ശ്രീകണ‌്ഠപുരം സർക്കിളിലാണ് കൂടുതൽ നഷ്ടം. 2.6 കോടിയുടെ നഷ്ടമാണ് ഇവിടെയുണ്ടായത്. കണ്ണൂർ സർക്കിളിൽ 2.25 കോടി രൂപയുടെ നാശനഷ്ടവും കണക്കാക്കുന്നു. വൈദ്യുതി തകരാറുകൾ അതിവേഗം പരിഹരിച്ചുവരുന്നതായും ഡെപ്യൂട്ടി ചീഫ് എൻജിനിയർ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top