19 November Monday

കടമ്പകൾ കടന്നു ചെറുവത്തൂർ റെയിൽവേ നടപ്പാലം യാഥാർഥ്യമാകും

സ്വന്തം ലേഖകൻUpdated: Saturday Jul 21, 2018
ചെറുവത്തൂര്‍
ചെറുവത്തൂര്‍ റെയിൽവേ  നടപ്പാലം നീട്ടിപ്പണിയല്‍ പ്രവൃത്തിക്ക് വീണ്ടും ടെൻഡർ  ക്ഷണിച്ചു. റെയിൽവേ  സ്‌റ്റേഷനില്‍ നിലവിലുള്ള നടപ്പാലം കിഴക്ക് ഭാഗത്തക്ക് നീട്ടിപ്പണിയുന്ന പ്രവൃത്തി നാല്‌ മാസം കൊണ്ട്‌ പൂര്‍ത്തിയാക്കും. 
പാലം നീട്ടിപ്പണിയുന്നതിനായി നേരത്തേ ടെൻഡർ  നടപടി പൂര്‍ത്തിയാക്കി കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ നടപ്പാലം അവസാനിക്കുന്ന സ്ഥലത്തെ ഉടമകള്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. പി കരുണാകരന്‍ എംപി, പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ എന്നിവര്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ഉടമകള്‍ സ്ഥലം നല്‍കാന്‍ തയ്യാറായി. എന്നാല്‍ പ്രശ്‌നം പരിഹരിക്കുമ്പോഴേക്കും കരാറുകാരൻ ‍പ്രവൃത്തി ഉപേക്ഷിച്ചു. ഇതിനെ തുടര്‍ന്നാണ് വീണ്ടും ടെൻഡർ  വിളിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.
കയ്യൂര്‍‐ ചീമേനി, പിലിക്കോട്, കരിവെള്ളൂര്‍‐ പെരളം, കാങ്കോല്‍‐ ആലപ്പടമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള നിരവധി യാത്രക്കാര്‍ ചെറുവത്തൂര്‍ റെയിൽവേ സ്‌റ്റേഷനെയാണ് ആശ്രയിക്കുന്നത്. ഇവര്‍ റെയിൽവേ സ്‌റ്റേഷന്റെ കിഴക്ക് ഭാഗത്ത് കൂടിയുള്ള റോഡിലൂടെയാണ് സ്‌റ്റേഷനിലെത്തുന്നത്. റോഡിലൂടെ കയറിചെന്നാല്‍ എത്തുന്നത് മൂന്നാമത്തെ ട്രാക്കിലേക്കാണ്. ഇവിടെനിന്നും ട്രാക്ക് മുറിച്ചുകടന്നുവേണം  രണ്ടാമത്തെ പ്ലാറ്റ് ഫോമിലെത്താന്‍. ഇവിടെ നിന്ന് മാത്രമാണ് നടപ്പാലമുള്ളതും. ഇത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ പി കരുണാകരന്‍ എംപിയുടെ ഇടപെടലിന്റെ ഭാഗമായി കിഴക്ക് ഭാഗത്തേക്ക് നടപ്പാലം പണിയാന്‍ അനുമതി ലഭിച്ചത്. പഞ്ചായത്ത് സെന്റേജ് ചാര്‍ജ് അടക്കുകയും പാലം നിര്‍മാണത്തിനാവശ്യമായ തുക എംപി, എംഎല്‍എ എന്നിവരുടെ ഫണ്ടില്‍നിന്ന് അനുവദിക്കുകയും ചെയ്തതോടെ നിര്‍മാണത്തിന്റെ സാങ്കേതിക തടസങ്ങളെല്ലാം നീങ്ങിയിരുന്നു.
ടെൻഡർ നടപടി പൂര്‍ത്തിയാകുന്നതോടെ പാലത്തിന്റെ പ്രവൃത്തി ആരംഭിക്കും. പാലം യാഥാര്‍ഥ്യമാകുന്നതോടെ കിഴക്ക് ഭാഗത്തുനിന്നും യാത്രക്കാര്‍ക്ക് സുഗമമായി പ്ലാറ്റ്‌ഫോമിലും ടിക്കറ്റ് കൗണ്ടറിലും എത്താനാകും.
 
പ്രധാന വാർത്തകൾ
Top