Top
26
Monday, June 2017
About UsE-Paper

'പനി ഹര്‍ത്താല്‍' ജനം തള്ളി

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

 മട്ടന്നൂര്‍ > പനിയുടെ പേരില്‍ മട്ടന്നൂര്‍ മുനിസിപ്പല്‍ പ്രദേശത്ത് യുഡിഎഫ് അടിച്ചേല്‍പ്പിച്ച ഹര്‍ത്താല്‍ ജനം തള്ളി. വ്യാഴാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ നഗരസഭാപരിധിയില്‍ കടകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ട് ഹര്‍ത്താല്‍ നടത്താനായിരുന്നു യുഡിഎഫ് ആഹ്വാനം. മട്ടന്നൂര്‍ ടൌണില്‍ മാത്രമാണ് കടകളടച്ചത്. ഉരുവച്ചാല്‍ ടൌണിലും നഗരസഭയിലെ ഉള്‍പ്രദേശങ്ങളിലും വ്യാപാരസ്ഥാപനങ്ങളും കടകളും തുറന്നുപ്രവര്‍ത്തിച്ചു. ഉരുവച്ചാല്‍ ടൌണിലെ വ്യാപാരസ്ഥാപനങ്ങള്‍ അടയ്പ്പിക്കാന്‍ യുഡിഎഫുകാരെത്തിയെങ്കിലും വ്യാപാരികളും നാട്ടുകാരും എതിര്‍ത്തതോടെ യുഡിഎഫുകാര്‍ പിന്മാറി. 

യുഡിഎഫ് ഹര്‍ത്താലില്‍ ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പനിബാധിതരും മറ്റ് രോഗികളും പ്രയാസത്തിലായപ്പോള്‍  ഡിവൈഎഫ്ഐ ഉച്ചക്കഞ്ഞി നല്‍കി.  ഹര്‍ത്താലിനെ തുടര്‍ന്ന് നഗരത്തിലെ ഹോട്ടലുകളെല്ലാം യുഡിഎഫുകാര്‍ അടപ്പിച്ചിരുന്നു. ഇതോടെ ഡെങ്കിപ്പനി ബാധിതരുള്‍പ്പെടെ ആശുപത്രിയിലുള്ള നൂറോളംപേരും അവരുടെ കൂട്ടിരിപ്പുകാരും പ്രയാസത്തിലായി. സംഭവമറിഞ്ഞ്  ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉച്ചക്കഞ്ഞി തയ്യാറാക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കഞ്ഞിവിതരണം ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. പി പ്രസാദ്, കെ ദിവാകരന്‍, പി കെ സജീവന്‍  എന്നിവര്‍ സംസാരിച്ചു.