Top
26
Monday, June 2017
About UsE-Paper

ഇംഗ്ളീഷ് ഹിന്ദി പഠനനിലവാരമുയര്‍ത്താന്‍ ലാംഗ്വേജ് ലാബുകള്‍

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

 കണ്ണൂര്‍ > പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ യുപി സ്കൂളുകളില്‍ ഇംഗ്ളീഷ്, ഹിന്ദി പഠനം കൂടുതല്‍ ഫലപ്രദമാക്കാന്‍ ലാംഗ്വേജ് ലാബ് ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ ജില്ലാ മിഷന്‍ യോഗത്തിലാണ് തീരുമാനം. 

ഇംഗ്ളീഷ് ഭാഷാ നൈപുണ്യം വികസിപ്പിക്കാന്‍ യുപിതലം മുതല്‍ വിദഗ്ധരുടെ പ്രത്യേക ക്ളാസുകളും പ്രായോഗിക പഠന പ്രവര്‍ത്തനങ്ങളുമാണ് സംഘടിപ്പിക്കുക. അനായാസം ഇംഗ്ളീഷ് സംസാരിക്കാനും പാഠഭാഗങ്ങള്‍ ഹൃദിസ്ഥമാക്കാനും കുട്ടികളെ പ്രാപ്തരാക്കാനാവും. ഇതിന് വിരമിച്ചവരടക്കമുള്ള വിദഗ്ധ ഇംഗ്ളീഷ് അധ്യാപകരെ കണ്ടെത്തി ഉപയോഗപ്പെടുത്തും. ശനിയാഴ്ചകളില്‍ ഇവരുടെ ക്ളാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും രക്ഷാകര്‍തൃസമിതികളുടെയും മേല്‍നോട്ടത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.  അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനമടക്കമുള്ള മറ്റ് ഇടപെടലുകളും ഉണ്ടാകും.
എല്‍പി തലത്തിലെ അണ്‍എയ്ഡഡ് വിദ്യാലയങ്ങളുടെ അംഗീകാരം സംബന്ധിച്ച് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്താനും മിഷന്‍ യോഗം തീരുമാനിച്ചു. ഇത്തരം വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ കണക്കും ശേഖരിക്കും. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഇത്തരം വിദ്യാലയങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം നേടിയിരിക്കണമെന്നാണ് വ്യവസ്ഥ.
അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി  മുഴുവന്‍ വിദ്യാലയങ്ങളിലും വിപുലമായ പ്രവേശന ക്യാമ്പയിന്‍ നടത്തും.  വിദ്യാലയങ്ങളുടെ ഭൌതിക, അക്കാദമിക് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍  ഓരോ സ്കൂളിനും പ്രത്യേക മാസ്റ്റര്‍ പ്ളാനും വിദ്യാലയ വികസന പദ്ധതിയും തയ്യാറാക്കണമെന്ന്് സര്‍ക്കാര്‍  നിര്‍ദേശമുണ്ട്.  തദ്ദേശസ്ഥാപനങ്ങള്‍ അവരുടെ പദ്ധതികള്‍ ഇതുമായി സമന്വയിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ഇക്കാര്യത്തില്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് യോഗം അഭ്യര്‍ഥിച്ചു. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് അവശ്യം പൂര്‍ത്തിയാക്കേണ്ട പ്രാഥമിക സൌകര്യ വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നടപടികള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.