Top
24
Saturday, June 2017
About UsE-Paper

സി വി രവീന്ദ്രന് നാടിന്റെ സ്മരണാഞ്ജലി

Saturday May 20, 2017
വെബ് ഡെസ്‌ക്‌
പിണറായി > തെരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിനിടെ ആര്‍എസ്എസ്സുകാര്‍ ബോംബെറിഞ്ഞും വാഹനംകയറ്റിയും കൊലപ്പെടുത്തിയ സിപിഐ എം പ്രവര്‍ത്തകന്‍ ചേരിക്കലിലെ സി വി രവീന്ദ്രന് നാടിന്റെ സ്മരണാഞ്ജലി. ഒന്നാം രക്തസാക്ഷിദിനത്തിന്റെ ഭാഗമായി ബഹുജനപ്രകടനവും വളണ്ടിയര്‍മാര്‍ച്ചും പുഷ്പാര്‍ച്ചനയും നടന്നു. കമ്പനിമൊട്ടയില്‍ അനുസ്മരണ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു, തെരഞ്ഞെടുപ്പ് ഫലംപുറത്തുവന്നപ്പോള്‍ ബിജെപിക്കുണ്ടായ നിരാശയില്‍നിന്നാണ് ആഹ്ളാദപ്രകടനത്തിന് നേരെ ആക്രമണം നടത്തിയതെന്ന് പിണറായി പറഞ്ഞു. കുറേയേറെ മണ്ഡലങ്ങള്‍ പിടിക്കുമെന്ന നിലയിലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ബിജെപി പ്രചാരണം. സാധാരണയില്‍ കവിഞ്ഞനിലയില്‍ പണവും അതിനായവര്‍ ചെലവഴിച്ചു. കോണ്‍ഗ്രസുമായുള്ള  ഒത്തുകളിയില്‍ ഒരു സീറ്റ് ലഭിച്ചുവെന്നല്ലാതെ വേറെ അത്ഭുതങ്ങളൊന്നും ഉണ്ടാക്കാനായില്ലെന്നും പിണറായി പറഞ്ഞു. പി ബാലന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍, പി ഹരീന്ദ്രന്‍, കെ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. 
ചേരിക്കല്‍ കരിന്താങ്കണ്ടിമുക്കിലെ വീട്ടുവളപ്പില്‍ നിര്‍മിച്ച രക്തസാക്ഷിമണ്ഡപം കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ പി ബാലന്‍ അനാഛാദനം ചെയ്തു. ഇതിന് ശേഷമായിരുന്നു പുഷ്പാര്‍ച്ചന. മത്സരവിജയികള്‍ക്കും സ്തൂപം നിര്‍മിച്ച സിപിഐ എം കൂത്തുപറമ്പ് നോര്‍ത്ത് എല്‍സി അംഗം മുകുന്ദനും പി ജയരാജന്‍ ഉപഹാരം നല്‍കി. കക്കോത്ത് രാജന്‍ സ്വാഗതവും പ്രമോദ്ബാബു നന്ദിയും പറഞ്ഞു. രവീന്ദ്രന്റെ ഭാര്യ ഗീതയും പങ്കെടുത്തു. മഹിളാ അസോസിയേഷന്‍ ജില്ലാകമ്മിറ്റിയുടെ സംഗീതശില്‍പവും നന്മ പിണറായിയുടെ ലഘുനാടകവുമുണ്ടായി. ഡോക്ടര്‍മുക്ക് കേന്ദ്രീകരിച്ചാണ് പ്രകടനവും വളണ്ടിയര്‍ മാര്‍ച്ചും ആരംഭിച്ചത്.