15 December Saturday

നിറങ്ങളാൽ പോരാടി...

സ്വന്തം ലേഖകൻUpdated: Tuesday Jun 19, 2018
കൂത്തുപറമ്പ്    
തിന്മകൾക്കെതിരെയുള്ള പോർനിലമാണ‌് ടി ഭരതൻ എന്ന റിട്ട. ചിത്രകലാധ്യാപകന‌് തന്റെ ക്യാൻവാസ‌്. നിറങ്ങൾ കൊണ്ടുള്ള ഒറ്റയാൾ പോരാട്ടമാണത‌്. വ്യവസ്ഥിതിക്കെതിരായ പോരാട്ടത്തിൽ മറ്റെന്തിനേക്കാളും മൂർച്ചയുള്ള ആയുധമായാണ് ടി ഭരതൻ തന്റെ സൃഷ്ടികളെ കാണുന്നത്. വർഗീയതയുടെ ദുരന്തമനുഭവിക്കേണ്ടി വരുന്ന നിസ്സഹായനായ ഇരയും നഗരവത്കരണത്തെ തുടർന്ന് ദുരിതമനുഭവിക്കേണ്ടി വരുന്ന ഗ്രാമീണരും വ്യവസായവത്കരണത്തെ തുടർന്ന് ഭൗമോപരിതലത്തിൽ അനുഭവപ്പെടുന്ന മാറ്റങ്ങൾ, പരിസ്ഥിതിദുരന്തം ഏറ്റുവാങ്ങിക്കൊണ്ട് പറന്ന് വീഴേണ്ടി വരുന്ന നവജാത ശിശുക്കളുടെ രോദനങ്ങളുമെല്ലാമാണ് ഭരതൻ തന്റെ സൃഷ്ടികൾക്ക് പ്രമേയമാക്കിയിട്ടുള്ളത്. അതോടൊപ്പം അവശേഷിക്കുന്ന ജലാശയങ്ങളെയും പച്ചപ്പുകളെയും ഭാവിതലമുറക്ക് വേണ്ടി കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ടി ഭരതൻ തന്റെ ക്യാൻവാസിൽ വരച്ചിടുന്നു.  കൂത്തുപറമ്പിനടുത്ത‌് പുറക്കളത്തെ വീട്ടകം മുഴുവൻ  നിറഞ്ഞു നിൽക്കുന്നതും ഇത്തരം സൃഷ്ടികളാണ്.    അക്രിലിക് ക്യാൻവാസിൽ എസ്ട്രാക്ട് പെയിന്റിങ്ങാണ് ഭരതന്റെ പ്രത്യേകത. അതോടൊപ്പം നൈഫ് പെയിന്റിങ്ങിലും  മികവ‌് തെളിയിച്ചിട്ടുണ്ട‌്. 35 വർഷത്തോളം വിവിധ സ്കൂളുകളിൽ ചിത്രകലാധ്യാപകനായി ജോലി ചെയ്ത ടി ഭരതൻ സർവീസിൽനിന്ന‌് വിരമിച്ചതോടെയാണ് മുഴുവൻ സമയ ചിത്രകാരനായി മാറിയത്. വലിയ ശിഷ്യ സമ്പത്തിനുടമയായ ഇദ്ദേഹം ഇപ്പോഴും പുതിയ തലമുറക്ക് അറിവ് പകർന്നു നൽകുന്നുണ്ട്.   ഭരതന്റെ പ്രധാന ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രദർശനം  22 മുതൽ 26 വരെ തലശേരി ലളിതകലാ അക്കാദമി ഹാളിൽ നടക്കും. പ്രദർശനത്തോടനുബന്ധിച്ച് പ്രമുഖർ പങ്കെടുക്കുന്ന സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്.വരകളും വർണങ്ങളുീ എന്ന പേരിലാണ് പ്രദർശനം .
പ്രധാന വാർത്തകൾ
Top