Top
24
Wednesday, May 2017
About UsE-Paper
യുഡിഎഫ് സിറ്റിങ് സീറ്റിലും തകര്‍പ്പന്‍ ജയം

മൂന്നുസീറ്റും കൈയടക്കി എല്‍ഡിഎഫ്

Friday May 19, 2017
വെബ് ഡെസ്‌ക്‌
ഇരിട്ടി/മട്ടന്നൂര്‍/പയ്യന്നൂര്‍> ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നുവാര്‍ഡും കൈയടക്കി എല്‍ഡിഎഫ് കുതിപ്പ്. പായം പഞ്ചായത്തിലെ യുഡിഎഫ് സിറ്റിങ് സീറ്റായ മട്ടിണി വാര്‍ഡ് 268 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് പിടിച്ചടക്കിയത്. സിറ്റിങ് സീറ്റുകളായ പയ്യന്നൂര്‍ നഗരസഭയിലെ കണ്ടങ്കാളി, മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ വാര്‍ഡുകളിലാകട്ടെ ഭൂരിപക്ഷം പല മടങ്ങായി വര്‍ധിപ്പിച്ച് നിലനിര്‍ത്തി. യുഡിഎഫ് മൂന്നിടത്തും തകര്‍ന്നടിഞ്ഞപ്പോള്‍ ബിജെപി തുടച്ചുനീക്കപ്പെട്ടു. മട്ടിണിയില്‍ പി എന്‍ സുരേഷ്, കണ്ടങ്കാളിയില്‍ കെ പ്രസീത, ഉരുവച്ചാലില്‍ എ കെ സുരേഷ്കുമാര്‍ എന്നിവരാണ് വിജയിച്ചത്. 
മട്ടിണി വാര്‍ഡില്‍ സിപിഐ എമ്മിലെ പി എന്‍ സുരേഷ് പോള്‍ ചെയ്ത 1000 വോട്ടില്‍ 600 വോട്ട് നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശ്രീനിവാസന്‍ കയ്യാലത്തിന് 332 വോട്ടും ബിജെപിയിലെ ശ്രീജിത്തിന് 64 വോട്ടുമാണ് കിട്ടിയത്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് തോമസ് പൊട്ടംകുളം 59 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച വാര്‍ഡാണിത്. അദ്ദേഹം വാഹനാപകടത്തില്‍ മരിച്ചതിനെതുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. അന്ന് 377 വോട്ട് നേടിയ  എല്‍ഡിഎഫ് ഇക്കുറി 223 വോട്ട് വര്‍ധിപ്പിച്ചു. അന്ന് ബിജെപിക്ക് 139 വോട്ട് കിട്ടിയിരുന്നു.  
മിമിക്രി കലാകാരനും സിനിമാ താരവുമാണ് വിജയിച്ച പി എന്‍ സുരേഷ്. തില്ലങ്കേരി സമരത്തെ അടിസ്ഥാനമാക്കി തയ്യാറാവുന്ന '1948- കാലം പറഞ്ഞത്' സിനിമയില്‍ അഭിനയിച്ചു. മമ്മൂട്ടിക്കൊപ്പം പത്തേമാരിയിലും വേഷമിട്ടു. ഉടന്‍ റിലീസാവുന്ന ഒമ്പതാം വളവിനപ്പുറം എന്ന സിനിമയില്‍ ബംഗളൂരു എസ്ഐയായും സുരേഷ് വേഷമിടുന്നുണ്ട്. 
മട്ടന്നൂര്‍ ഉരുവച്ചാല്‍ വാര്‍ഡിലെ 13 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ എല്‍ഡിഎഫ് 124 ആയി ഉയര്‍ത്തി. സിപിഐ എമ്മിലെ സുരേഷ്കുമാര്‍ 586 വോട്ട് നേടിയപ്പോള്‍ യുഡിഎഫിലെ കെ കെ അബ്ദുല്‍സലാമിന് 462 വോട്ടാണ് കിട്ടിയത്. ബിജെപിക്ക് വെറും 11 വോട്ട്. 1236 വോട്ടര്‍മാരില്‍ 1059 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. എല്‍ഡിഎഫ് കൌണ്‍സിലര്‍ കോടഞ്ചേരി രാജന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. 
പയ്യന്നൂര്‍ നഗരസഭ 21-ാം വാര്‍ഡായ കണ്ടങ്കാളിയില്‍ സിപിഐ എം സ്ഥാനാര്‍ഥി പി കെ പ്രസീതയുടെ വിജയം 365 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ആകെ പോള്‍ ചെയ്ത 835 വോട്ടില്‍ 600 വോട്ട് പ്രസീത നേടി. യുഡിഎഫിലെ പി ലളിതക്ക് 235 വോട്ട് ലഭിച്ചു. സിപിഐ എം അംഗമായിരുന്ന വി പി ലത സര്‍ക്കാര്‍ ജോലി ലഭിച്ചതിനെതുടര്‍ന്ന് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. 

Related News

കൂടുതൽ വാർത്തകൾ »