17 July Tuesday

കണക്ക് പഠനം പാല്‍പായസമാക്കി അടുത്തില എല്‍പിയിലെ കൂട്ടുകാര്‍

സ്വന്തം ലേഖകന്‍Updated: Monday Dec 18, 2017
കല്യാശേരി > അടുത്തില എല്‍പി സ്കൂളിലെ കുട്ടികള്‍ക്കിപ്പോള്‍ കണക്ക് പഠനം പാല്‍പായസം പോലെയാണ്. അര്‍ധവാര്‍ഷിക പരീക്ഷക്ക് മുമ്പ് അവര്‍ ഒരു മുഴുവന്‍ വര്‍ഷത്തെ കണക്കും പഠിച്ചുകഴിഞ്ഞു. ഏത് ചോദ്യവും എളുപ്പം. പഠനമാണെങ്കില്‍ അതിനേക്കാള്‍ എളുപ്പം. 'ഗണിത കേളി' എന്ന പഠനരീതി ഒക്ടോബറിലാണ് സ്കൂളില്‍ തുടങ്ങിയത്. മൂന്ന് മാസത്തിനകം കുട്ടികള്‍ കണക്ക് മുഴുവന്‍ പഠിച്ചു.  രണ്ടാംക്ളാസിലെ പാഠങ്ങള്‍ പഠിപ്പിച്ചുതരാന്‍ ശഠിക്കുകയാണവരിപ്പോള്‍. ഒന്നാംക്ളാസിലെ ഗീത ക്കാവട്ടെ 25വര്‍ഷത്തെ അധ്യാപകജീവിതത്തിലെ ആദ്യത്തെ അനുഭവമാണിത്. 
വിവിധ തരം കാര്‍ഡുകളുപയോഗിച്ചുള്ള കളിയാണ് ഗണിതകേളി. മൂന്ന്വരെയുള്ള സംഖ്യാധാരണയിലൂടെയാണ് തുടങ്ങുന്നത്. ചിത്രവും ചിഹ്നങ്ങളുമുള്ള കാര്‍ഡുകള്‍ മാറി മാറി കളിക്കും. ആവര്‍ത്തിച്ചുകളിക്കുമ്പോള്‍ കുട്ടികള്‍ പാഠഭാഗങ്ങള്‍ പഠിക്കുന്നു. ഇതേപ്രകാരം അഞ്ചുവരെയും 10വരെയും സംഖ്യാധാരണകള്‍ ഉണ്ടാക്കിയെടുത്ത ശേഷം ക്രിയകള്‍ പഠിക്കാനുള്ള കളികളും ചെയ്തു തുടങ്ങും.  ഇതിനായി മൂന്ന് ഘട്ടങ്ങളിലായി അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കി. 
 അധ്യാപകര്‍ ഗണിത ഗവേഷകര്‍ എന്ന നിലയിലാണ്  ഇവിടെ പ്രവര്‍ത്തിക്കുന്നത്്. ഓരോ ഘട്ടത്തിലും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കൂട്ടിച്ചേര്‍ക്കാനും കണ്ടെത്തലുകള്‍  രേഖപ്പെടുത്തി അവതരിപ്പിക്കാനും അധ്യാപകര്‍ക്ക് അവസരമുണ്ടാകും. അനൌപചാരിക വിദ്യാഭ്യാസ കൂട്ടായ്മയായ 'ലോര്‍' ഗണിത ഗവേഷക സംഘം വികസിപ്പിച്ചെടുത്തതാണ് ഈ കളി രീതിയിലുള്ള പഠനം. ലോര്‍ കൂട്ടായ്മയിലെ രക്ഷിതാക്കള്‍ സ്വന്തം കുട്ടികളില്‍ പരീക്ഷിച്ച് വിജയിച്ച പ്രവര്‍ത്തനം ക്ളാസുമുറികളില്‍ എങ്ങനെ നടപ്പാക്കാമെന്നുള്ള ആദ്യപരീക്ഷണമാണ് കല്യാശേരി മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ നടക്കുന്നത്. രക്ഷിതാക്കളും കുട്ടികളും വീട്ടിലിരുന്നും  ഇത് ചെയ്യുന്നു. മികച്ച രീതിയില്‍ ഇംഗ്ളീഷ് കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന പദ്ധതിയും ആരംഭിക്കുന്നുണ്ട്. കുട്ടികളുടെ പഠനമികവ് ടി വി രാജേഷ് എംഎല്‍എയും കഴിഞ്ഞ ദിവസം  അനുഭവിച്ചറിഞ്ഞു.  
കല്യാശേരി മണ്ഡലത്തിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ മാത്രം നടപ്പാക്കിയ ഈ പദ്ധതി അടുത്തവര്‍ഷം മുതല്‍ മണ്ഡലത്തില്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. എസ്എസ്എ കണ്‍സള്‍ട്ടന്റ് ടി പി കലാധരന്‍ അടുത്തില എല്‍പി സ്കൂള്‍ സന്ദര്‍ശിച്ച് ഗണിതമികവ് മനസിലാക്കിയിരുന്നു. ലോര്‍ പ്രവര്‍ത്തകരായ ഷൈജു കണ്ണപുരം, വിനോദ് പാലക്കാട്, കെ സുനില്‍കുമാര്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 
 
പ്രധാന വാർത്തകൾ
Top