21 September Friday

ഐആർപിസി ഹോം കെയർ പ്രവർത്തനം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

 

സ്വന്തംലേഖകൻ
കണ്ണൂർ
രോഗക്കിടക്കയിലായവർക്ക് സാന്ത്വനസ്പർശം പകർന്ന് ഞായറാഴ്ച ഐആർപിസിയുടെ സന്നദ്ധപ്രവർത്തകർ വീടുകളിലെത്തും. നിസ്വർക്കായി ജീവിതമർപ്പിച്ച സഖാവ് പി കൃഷ്ണപിള്ളയുടെ ഓർമദിനത്തിൽ 'ഹോം കെയർ' പദ്ധതിയുടെ ഭാഗമായാണ് സന്നദ്ധപ്രവർത്തനം. ജില്ലയിലെ 18  സോണുകളിലായി 3500 വളണ്ടിയർമാരാണ് വീടുകളിലെത്തുക. രോഗം ബാധിച്ചും മറ്റുമായി 12321 പേർ ജില്ലയിൽ കിടപ്പുരോഗികളായുണ്ടെന്നാണ് സർവേയിൽ കണ്ടെത്തിയത്. 
അർബുദബാധിതർ, വൃക്കരോഗങ്ങളെ തുടർന്ന് ഡയാലിസിസ് ചെയ്യുന്നവർ, മാനസികപ്രശ്നം നേരിടുന്നവർ, അപകടങ്ങളിൽപ്പെട്ടവർ, വർധക്യസഹജമായ പ്രശ്നങ്ങളുള്ളവർ  തുടങ്ങിയവർക്കാണ് ഐആർപിസി സാന്ത്വനം പകരുക. പരിശീലനം ലഭിച്ച വളണ്ടിയർമാർ വീടുകളിലെത്തി രോഗികളെ പരിചരിക്കുന്നുണ്ട്. മരുന്ന്, പരിചരണത്തിന് ആവശ്യമായ വസ്തുക്കൾ എന്നിവയും നൽകുന്നു. 1945‐46 കാലത്ത് പകർച്ചവ്യാധികൾക്കെതിരെ രംഗത്തിറങ്ങാൻ പി കൃഷ്ണപിള്ള ആഹ്വാനം ചെയ്തത് അനുസ്മരിച്ചാണ് വർഷങ്ങളായി അദ്ദേഹത്തിന്റെ ഓർമദിനത്തിൽ ഗൃഹസന്ദർശനം നടത്തുന്നത്. കിടപ്പുരോഗികളുള്ള വീടുകളിൽ സമാശ്വാസത്തിന്റെ കിരണങ്ങളായി ഐആർപിസിയുടെ നന്മ പ്രസരിക്കുന്നു. മുറിവുകഴുകാനും വച്ചുകെട്ടാനും കിടക്കയും ചക്രക്കസേരയും നൽകാനുമെല്ലാം സന്നദ്ധഭടന്മാർ എത്തുന്നത് നാടിന് പകരുന്നത് നന്മയുടെ പാഠംകൂടിയാണ്. സാന്ത്വനപരിചരണമേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളുമായി  ഐആർപിസി മുന്നേറുകയാണ്. 75 പേരെ കിടത്തി പരിചരിക്കുന്ന തയ്യിലിലെ സാന്ത്വനകേന്ദ്രം, പട്ടികവർഗവിദ്യാർഥികൾക്കുള്ള ഉണർവ്  പദ്ധതി, ലഹരിമുക്തകേന്ദ്രം, ഡയാലിസിസ് കേന്ദ്രം, ഡീ‐അഡിക്ഷൻ സെന്റർ, ഫാമിലി കൗൺസലിങ് കേന്ദ്രം, ഭിന്നശേഷിക്കാർക്കുള്ള കനിവ് കേന്ദ്രം എന്നിങ്ങനെ നന്മയുടെ വിളക്കുമാടങ്ങളായി നിലകൊള്ളുന്നു. 24 മണിക്കൂർ ഹെൽപ്ഡെസ്ക്  ആരംഭിക്കുന്നതോടെ ജില്ലാ ആസ്ഥാനത്തിന്റെ നിത്യചലനങ്ങളിൽ ഐആർപിസിയും കണ്ണിചേരും. ഹോംകെയർ പദ്ധതിയുടെ ഭാഗമായി വീടുകളിൽ ഹുണ്ടികപ്പെട്ടി സ്ഥാപിക്കും. ഹോംകെയർപദ്ധതിയുടെയും ഹുണ്ടികപ്പെട്ടി സ്ഥാപിക്കലിന്റെയും ഉദ്ഘാടനം കതിരൂരിൽ ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ നിർവഹിക്കും. ചെയർമാൻ പി എം സാജിദ് കണ്ണൂർ ടൗൺ വെസ്റ്റ് ലോക്കലിൽ പങ്കെടുക്കും.
പ്രധാന വാർത്തകൾ
Top